ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കി; സര്‍വേ പുനരാരംഭിച്ചു

Wednesday 14 June 2017 4:26 pm IST

മുക്കം: നിര്‍ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈന്‍ സര്‍വേ കൊടിയത്തൂര്‍ പന്നിക്കോട് പ്രദേശങ്ങളില്‍രണ്ടാം ദിവസവും തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് സര്‍വേ തടഞ്ഞത്. പന്നിക്കോട് പൂവാട്ട് ഭാഗത്ത് വന്‍ പോലീസ് സാന്നിദ്ധ്യത്തില്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേക്കെത്തുകയായിരുന്നു. ഈ സമയം നോട്ടിഫിക്കേഷന്‍ നടത്തിയ ഭൂമിയിലൂടെയല്ല സര്‍വേ നടക്കുന്നതെന്നാരോപണവുമായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, ഗെയില്‍ വിരുദ്ധ സമരസമിതി ജില്ലാ കണ്‍വീനര്‍ കെ.സി. അന്‍വര്‍ എന്നിവര്‍ രംഗത്തെത്തി. ഇവര്‍ ഏറെ നേരം കൊടുവള്ളി സിഐ ബിശ്വാസിന്റ സാന്നിദ്ധ്യത്തില്‍ ഗെയില്‍ അധികൃതരുമായി സംസാരിച്ചെങ്കിലും ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. അതിനിടെ സര്‍വേ നടപടികളുമായി ഗെയില്‍ അധികൃതര്‍ മുന്നോട്ടു പോവാന്‍ ശ്രമിച്ചപ്പോള്‍ സമരസമിതി നേതാക്കള്‍ തടയുകയായിരുന്നു. ഇതോടെ നേരിയ സംഘര്‍ഷവുമുണ്ടായി. അതിനിടെ സമരസമിതി നേതാക്കളായ കെ.സി.അന്‍വര്‍, ബഷീര്‍ പുതിയോട്ടില്‍, ശിഹാബ് മാട്ടുമുറി, ടി. പി. മുഹമ്മദ്, യൂസഫ്, റഫീഖ് കുറ്റിയോട്ട്, കരീം പഴങ്കല്‍ തുടങ്ങി പത്തോളം പേരെ അറസ്റ്റ് ചെയ്തു നീക്കി സര്‍വേ നടപടികള്‍ പുനരാരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സമരക്കാരുടെ മൂന്ന് ഇരട്ടിയിലധികം പോലീസ് സ്ഥലത്തുണ്ടായതിനാല്‍ അറസ്റ്റിന് ശേഷം കാര്യമായി പ്രതിഷേധമൊന്നും ഉണ്ടായില്ല. തിങ്കളാഴ്ചയും കൊടിയത്തൂര്‍ പഞ്ചായത്തിലെ പൂവാട്ട് ഭാഗത്ത് സര്‍വേ നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പോലീസ് കുറവായതിനാല്‍ താല്‍ക്കാലികമായി സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.