വിദേശ കപ്പല്‍ വിലക്ക് സ്വാഗതാര്‍ഹം: മത്സ്യപ്രവര്‍ത്തക സംഘം

Thursday 18 May 2017 10:05 pm IST

കോഴിക്കോട്: ഇന്ത്യന്‍ കടലില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമിതി സ്വാഗതം ചെയ്തു.   കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സാണ് ഇന്ത്യന്‍ കടലില്‍ വിദേശ കപ്പലുകള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ ആദ്യമായി അനുമതി നല്‍കിയത്. ആഴക്കടല്‍ മത്സ്യസമ്പത്ത് യഥേഷ്ടം കോരിയെടുക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക എതിര്‍പ്പുണ്ടായിട്ടും അത് മുഖവിലക്കെടുക്കാതെ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന നടപടിയെ ന്യായീകരിക്കാനാണ് അന്ന് കേന്ദ്രം തയ്യാറായത്.   വിദേശ കപ്പലുകളുടെ മത്സ്യബന്ധനം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട മുരാരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തിലും കുറ്റകരമായ അനാസ്ഥയാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്. ഏറ്റവും അവസാനമായി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിശ്ചയിച്ച മീനാകുമാരി കമ്മീഷനും വിദേശ കപ്പല്‍ മത്സ്യബന്ധനത്തിന് അനുകൂലമായാണ് ശുപാര്‍ശ ചെയ്തത്.   ഇന്ത്യന്‍ കടല്‍ വിദേശകപ്പലുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന നയങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ എതിര്‍ത്തതും രാജ്യമാസകലം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഉള്‍പ്പെടെയുള്ള ദേശീയപ്രസ്ഥാനങ്ങളാണ്.   ബംഗാളില്‍ നിന്നും ഗുജറാത്തില്‍ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സംഗമിച്ച കടല്‍ പ്രക്ഷോഭ യാത്രയുടെ ഫലമായാണ് പി. മുരാരി അദ്ധ്യക്ഷനായ കമ്മിറ്റിയെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ബിഎംഎസ്, സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം തുടങ്ങിയ സംഘടനകളാണ് ഈ പ്രക്ഷോഭയാത്ര സംഘടിപ്പിച്ചത്.   കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിശ്ചയിച്ച് കോണ്‍ഗ്രസ്സിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ബിജെപി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ച് കള്ളപ്രചരണങ്ങള്‍ അഴിച്ച് വിട്ടപ്പോള്‍, അതിനെ പ്രതിരോധിച്ച് സത്യം ബോദ്ധ്യപ്പെടുത്താനും യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടു വരാനും തയ്യാറായത് മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തിലാണ്.   ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദേശകപ്പലുകള്‍ക്ക് അനുമതി നല്‍കുന്ന നടപടി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതും ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘമാണ്. ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാര്‍ട്ടിയുടെ കേന്ദ്ര മത്സ്യബന്ധന നയരേഖ വിദേശകപ്പല്‍ മത്സ്യബന്ധനം വിലക്കണം എന്നാണാവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.