ഭാരത്‌ ബന്ദ്‌ താക്കീതായി

Thursday 31 May 2012 10:37 pm IST

ന്യൂദല്‍ഹി: പെട്രോള്‍വിലവര്‍ധനക്കെതിരെ എന്‍ഡിഎ ഇന്നലെ ആഹ്വാനംചെയ്ത ഭാരതബന്ദ്‌ യുപിഎ സര്‍ക്കാരിനുള്ള ശക്തമായ താക്കീതായി. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ആചരിച്ച ബന്ദില്‍ കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ പ്രതിഷേധം അലയടിച്ചു. ബിജെപി നേരത്തെ ഹര്‍ത്താലാചരിച്ച സാഹചര്യത്തില്‍ കേരളത്തെ ബന്ദില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ ബന്ദ്‌ പൊതുവെ സമാധാനപരമായിരുന്നു. ഇടതുപാര്‍ട്ടികള്‍ ഇന്നലെ പ്രതിഷേധദിനം ആചരിച്ചു.
മിക്ക സംസ്ഥാനങ്ങളിലും കടകമ്പോളങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു. ന്യൂദല്‍ഹിയില്‍ അപൂര്‍വമായി വാഹനങ്ങള്‍ നിരത്തിലിറങ്ങി. പ്രതിഷേധത്തില്‍ ഓട്ടോ-ടാക്സി യൂണിയനുകളും പങ്കുചേര്‍ന്നിരുന്നു. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ബസുകളടക്കം ചുരുക്കം വാഹനങ്ങള്‍ഓടി. ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തി. കര്‍ണാടകയില്‍ ബന്ദ്‌ പൂര്‍ണമായിരുന്നു. വാഹനഗതാഗതം നിലച്ചു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കടകമ്പോളങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു.
ബീഹാറില്‍ ബന്ദിനോടനുബന്ധിച്ച്‌ പ്രകടനം നടത്തിയ എന്‍ഡിഎ കണ്‍വീനറും ജനതാദള്‍ (യു) അധ്യക്ഷനുമായ ശരത്‌ യാദവ്‌, ബിജെപി നേതാവ്ഷാനവാസ്‌ ഹുസൈന്‍ എന്നിവരടക്കം 800 ഓളം പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും വില നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഉടന്‍ രാജിവെക്കണമെന്ന്‌ ഷാനവാസ്‌ ഹുസൈന്‍ ആവശ്യപ്പെട്ടു.
പശ്ചിമബംഗാളില്‍ ഹൗറാ പാലത്തിലൂടെയുള്ള ഗതാഗതം ബന്ദനുകൂലികള്‍ തടഞ്ഞു. റെയില്‍വെട്രാക്കുകളും ഉപരോധിച്ചു. പല ജില്ലകളിലും റോഡ്‌ ഗതാഗതം പൂര്‍ണമായി നിലച്ചു. മെട്രോ നഗരത്തില്‍ ട്രാമുകളും ടാക്സി, കാര്‍, ബസ്തുടങ്ങിയ വാഹനങ്ങളും എണ്ണത്തില്‍ ചുരുക്കമായി സര്‍വീസ്‌ നടത്തി. പഞ്ചാബിലും ബന്ദ്‌ പൂര്‍ണമായി. ലുധിയാന, ജലന്തര്‍, ബട്ടാല, കപൂര്‍ത്തല, പത്താന്‍കോട്ട്‌, അമൃതസര്‍ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഗതാഗത സംവിധാനം പൂര്‍ണമായി നിലച്ചു.
ഹരിയാനയില്‍ ബന്ദ്‌ ഭാഗികമായിരുന്നു. രാജസ്ഥാനില്‍ ബന്ദിനോട്‌ മികച്ച പ്രതികരണമാണ്‌ ഉണ്ടായത്‌. പ്രമുഖ നഗരങ്ങളിലെ മാര്‍ക്കറ്റുകള്‍ അടഞ്ഞുകിടന്നു. ബസുകളും മറ്റ്‌ വാഹനങ്ങളും ഓടിയില്ല. രാജ്യത്തെ ഇതര സംസ്ഥാനങ്ങളും ബന്ദിനോട്‌ ശക്തമായ അനുഭാവം പ്രകടിപ്പിച്ചു. പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ചില സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്‌. യുപി സര്‍ക്കാരിനെ പുറമെനിന്ന്‌ പിന്തുണക്കുന്ന മുലായം സിംഗ്‌ യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും ഒഡീഷയില്‍ ബിജെഡിയും ബന്ദിന്‌ ആഹ്വാനം നല്‍കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇത്‌ രണ്ടാം തവണയാണ്‌ ബിജെപിയും ഇടതുപാര്‍ട്ടികളും മറ്റ്‌ കോണ്‍ഗ്രസിതര കക്ഷികളും യോജിച്ച്‌ യുപിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്‌. പെട്രോള്‍വിലവര്‍ധനക്കെതിരെ 2010 ജൂലൈ അഞ്ചിന്‌ സമാനരീതിയിലുള്ള പ്രക്ഷോഭം നടന്നിരുന്നു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.