റോയിമാത്യുവിന്റെ മരണം ആത്മഹത്യയെന്ന് എസ്പി

Wednesday 8 March 2017 1:21 pm IST

കൊട്ടാരക്കര: സൈനികന്‍ റോയി മാത്യുവിന്റെ മരണം ആത്മഹത്യയാണന്നാണ് ഇതുവരെയുള്ള സൂചനയെന്ന് റൂറല്‍ എസ്പി എസ്.സുരേന്ദ്രന്‍ പറഞ്ഞു. നാസിക്കില്‍ നിന്ന് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഇത് സ്ഥിരീകരിക്കുന്നു. മരണത്തിന് തൊട്ട് മുമ്പ് ശാരീരിക, മാനസീക പീഡനങ്ങള്‍ നടന്നോ എന്നത് സംബന്ധിച്ച് ശാസ്ത്രീയപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമെ പറയാന്‍ കഴിയൂ. ഇത്തരത്തില്‍ ചില സൂചനകള്‍ ഉണ്ട്. ഇത് സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ക്യാമ്പില്‍ നിന്ന് ഏറെ അകലെയുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് നാസിക് പോലീസും പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഉടന്‍തന്നെ ലഭ്യമാകും. ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ കിട്ടുന്നതോടെ സംഭവത്തിന് പിന്നിലെ ദൂരൂഹതകള്‍ നീക്കാന്‍ കഴിയും. കൊലപാതമാണോ, ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനും കഴിയും. ഒരാഴ്ചക്കം സംഭവത്തിലെ ദൂരൂഹതകള്‍ നീക്കാന്‍ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നതെന്ന് എസ്പി പറഞ്ഞു. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നാസിക്കിലെ ദേവലാലി ആര്‍മി ക്യാമ്പില്‍ കേണലിന്റെ ഡ്രൈവറായിരുന്ന റോയി മാത്യു കഴിഞ്ഞ 23ന് മേല്‍ ഉദ്യോഗസ്ഥന്റെ പീഡനങ്ങളെപ്പറ്റി പുറത്ത് പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സൈനികന്റെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് റോയിമാത്യുവിന്റെ ഭാര്യയും മാതാപിതാക്കളും പരാതി നല്‍കിയിരുന്നു. പരാതി കേന്ദ്രപ്രതിരോധമന്ത്രിക്ക് കൈമാറി അന്വേഷണം വേഗത്തിലാക്കി സൈനികന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.