യഥാര്‍ത്ഥ മതത്തിന് മാറ്റമില്ല

Wednesday 14 June 2017 12:16 pm IST

ആത്മാവുതന്നെ ഈശ്വരന്‍; അതല്ലാത്ത മറ്റൊന്നും ശേഷിക്കുന്നില്ല. ജ്ഞാനി തന്നിലുള്ള മര്‍ത്ത്യഭാവങ്ങളെയെല്ലാം തത്ത്വവിചാരമാകുന്ന കനത്ത പ്രഹരംകൊണ്ട് ഇടിച്ചുപൊടിയാക്കി തള്ളിക്കളയുന്നു. ഒടുവില്‍ ഉള്ളതായി അവശേഷിക്കുന്നത് ഈശ്വരന്‍ മാത്രം. ഒരു വൃക്ഷത്തില്‍ രണ്ടുപക്ഷികള്‍, ഒന്നു തുഞ്ചത്തും മറ്റേത് താഴത്തും. തുഞ്ചത്തിരിക്കുന്ന പക്ഷി സ്വമഹിമയില്‍ നിമഗ്നമായി മൗനമായി ഗംഭീരമായിരിക്കുന്നു; താഴെ ശാഖകളിലേത് ശാഖതോറും ചാടിച്ചാടി, മധുരവും കയ്പ്പുമുള്ള ഫലങ്ങള്‍ മാറിമാറിത്തിന്ന്, ചിലപ്പോള്‍ ആഹ്ലാദിച്ചും മറ്റൊരിക്കല്‍ ദുഃഖിച്ചും കഴിയുന്നു. കാലം പോകവേ ഈ ശാഖാപതംഗം ഏറ്റം കടുത്ത ഫലം തിന്നാനിടയാകുന്നു. അപ്പോള്‍ മനം മടുപ്പില്‍ മേല്‍പ്പോട്ടു നോക്കുന്നു, രുക്മവര്‍ണ്ണമായ ആ അദ്ഭുതസുപര്‍ണത്തെ കാണുന്നു. അതാവട്ടെ മധുരമോ തിക്തമോ ആയ ഫലമൊന്നും ഭുജിക്കുന്നില്ല; സുഖിയുമല്ല, ദുഃഖിയുമല്ല; ശാന്തം, ആത്മസ്ഥം, ആത്മൈകദൃക്. 'ആ സ്ഥിതിയില്‍ താനും എത്തിയെങ്കില്‍!' എന്ന് താഴത്തെ പക്ഷി ആഗ്രഹിക്കുന്നു; എങ്കിലും അതപ്പൊഴേ മറന്നു. പിന്നെയും ഫലം ഭുജിക്കാന്‍ തുടങ്ങുന്നു. കുറച്ചുകഴിഞ്ഞാല്‍ പിന്നെയും അതിതിക്തമായ മറ്റൊരു ഫലം ഭുജിക്കുന്നു. അതിയായ മനഃക്ലേശം അനുഭവിച്ച് പിന്നെയും മേല്‍പ്പോട്ടു നോക്കി തുഞ്ചത്തിരിക്കുന്ന പക്ഷിയുടെ സമീപത്തേക്ക് പോകാന്‍ യത്‌നിക്കുന്നു. പിന്നെയും അക്കാര്യം മറക്കുന്നു. ഇത് ആവര്‍ത്തിച്ച്, ഒടുവില്‍ അത് അഗ്രപ്പക്ഷിയുടെ സമീപത്തിലെത്തുന്നു. അപ്പോള്‍ മനോഹരമായ ആപക്ഷിയുടെ പക്ഷങ്ങളില്‍നിന്നു പുറപ്പെടുന്ന പ്രഭയുടെ പ്രതിബിംബം സ്വശരീരത്തിന് ചുറ്റും വിളങ്ങുന്നത് കാണുന്നു. തന്നിലെ മാറ്റം മനസ്സിലാകുന്നു. കീഴ്പക്ഷി മേല്‍പക്ഷിയുടെ പ്രതിച്ഛായ മാത്രം, ഒരു സ്ഥൂരശലീരമാണെന്ന് തോന്നല്‍ മാത്രംമായിരുന്നു. വാസ്തവത്തില്‍ ഇക്കാലം മുഴുവനും താന്‍ തന്നെയായിരുന്നു ആ മേല്‍പക്ഷി. ഈ ചെറിയ കീഴ്പക്ഷിയുടെ കയ്പ്പും മധുരവും കയ്പ്പുമായ ഫലങ്ങള്‍ കഴിച്ച് ര്യായേണ സുഖദുഃഖാവസ്ഥയുമെല്ലാം ഗന്ധര്‍വ്വനഗരപ്രായം, മിഥ്യാസ്വപ്‌നം ആയിരുന്നു. യഥാര്‍ത്ഥ പക്ഷി മേല്‍പക്ഷി മാത്രം; അതു ശാന്തം, നിരീഹം, മഹിതപ്രാഭവയുക്തമായി സുഖദുഃഖങ്ങള്‍ക്കതീതം. അത് ഈശ്വരന്‍, ജഗന്നാഥന്‍, കീഴ്പക്ഷി മനുഷ്യ ജീവന്‍, സാധാരണ സുഖദുഃഖ ഭോക്താവ്. ഇടയ്ക്കിടെ ജീവന് ഒരു കഠിനപ്രഹരം കിട്ടുന്നു; അല്‍പ്പസമയത്തേക്ക് ഫലാനുഭവം നിര്‍ത്തിവച്ച് അജ്ഞാതനായ ഈശ്വരനിലേക്ക് ദൃഷ്ടി തിരിക്കുന്നു; പ്രകാശപ്രവാഹം വീക്ഷിക്കുന്നു; ഈ ലോകം ഒരു മായാപ്രദര്‍ശനമാണെന്ന വിചാരം വരുന്നു. എങ്കിലും പിന്നെയും ഇന്ദ്രിയങ്ങള്‍ ജീവനെപ്പിടിച്ചു താഴ്ത്തിക്കൊണ്ടുവരുന്നു; സാധാരണസുഖദുഃഖങ്ങള്‍ പിന്നെയും അനുഭവിക്കുന്നു. ഒരു ദുഃഖം അസഹ്യമായി വരുന്നു. അപ്പോള്‍ ദിവ്യതേജസ്സിലേക്ക് വീണ്ടും ഹൃദയം തുറക്കുന്നു. അങ്ങനെ ക്രമത്തില്‍ ഈശ്വരനോടടുക്കുന്തോറും തന്റെ പഴയ ജീവന്‍ മാഞ്ഞുപോകുന്നതായി കാണുന്നു. ഒടുവില്‍ വേണ്ടത്ര അരികത്തെത്തുമ്പോള്‍ താന്‍ ഈശ്വരനല്ലാതെ മറ്റാരുമല്ലെന്ന് കണ്ടറിയുന്നു. അപ്പോള്‍ 'താന്‍ ആരെ ഈ പ്രപഞ്ചത്തിന്റെ ചൈതന്യമായും, അണുവിലും സൂര്യചന്ദ്രന്മാരിലും എവിടെയും വര്‍ത്തിക്കുന്നതായും വിചാരിച്ചിരുന്നുവോ, ആ ഈശ്വരന്‍ നമ്മുടെ ജീവിതത്തിന് ആധാരവും നമ്മുടെ ജീവാത്മാവിന് ജീവനുമാണ് എന്നു കാണുന്നു. അത്രയുമല്ല, തത് ത്വം അസി, ആ ഈശ്വരന്‍ നീയാകുന്നു എന്ന ബോധമുദിക്കുന്നു.' ഇതാണ് ജ്ഞാനയോഗം ഉപദേശിക്കുന്നത്. മനുഷ്യനിലെ സാരാംശം ദിവ്യമാണെന്ന് അത് മനുഷ്യരോട് പറയുന്നു. സദ്ഭാവത്തില്‍ ഐക്യമാണുള്ളതെന്നും നാമെല്ലാം ഈ ഭൂമിയിലെ പ്രത്യക്ഷപരമേശ്വരന്‍തന്നെയാണെന്നും ജ്ഞാനയോഗം മനുഷ്യലോകത്തിന് കാണിച്ചുതരുന്നു. നമ്മുടെ കാലിന്നടിയില്‍ ഇഴഞ്ഞുപോകുന്ന ക്ഷുദ്രകീടം മുതല്‍ നാം ആശ്ചര്യത്തോടും ഭയങ്കര ഭക്തികളോടുംകൂടി വീക്ഷിക്കുന്ന മഹത്തമന്മാര്‍വരെയുള്ള എല്ലാവരും ഒരേ പരമേശ്വരന്റെ രൂപാന്തരങ്ങളാണ്. ഇത്രയുംകൂടി: വിവിധയോഗങ്ങളുള്ളവ അഭ്യസിക്കുകതന്നെ വേണം; അവയെപ്പറ്റി പഠിച്ചറിഞ്ഞുകൊണ്ടുമാത്രം ഗുണമില്ല. ആദ്യം അവയെപ്പറ്റി കേള്‍ക്കണം, പിന്നെ അവയെപ്പറ്റി മനനം ചെയ്യണം, അവ ശരിയോ അല്ലയോ എന്ന് യുക്തിവിചാരം ചെയ്തുറപ്പിക്കണം. അതിനുശേഷം അവയെ ധ്യാനിച്ച്, സാക്ഷാത്കരിച്ച്, ജീവിതസര്‍വസ്വമാക്കണം. അപ്പോള്‍ മതമെന്നുള്ളത് ഒരു കൂട്ടം ഭാവനകളോ അഭിപ്രായങ്ങളോ ശരിയെന്ന് യുക്തി സമ്മതിക്കുന്ന ചില ആശയങ്ങളോ മാത്രമായിരിക്കില്ല. അത് നമ്മുടെ ആത്മാവില്‍ കടന്നുകൂടും. ഇന്ന് യുക്തിയുപയോഗിച്ച് നോക്കി പല വിഡ്ഢിത്തങ്ങളും ശരി എന്നു സമ്മതിച്ചേക്കാം; അതെല്ലാം നാളേക്കു മാറിയെന്നു വരാം. യഥാര്‍ത്ഥമതത്തിന് മാറ്റമില്ല. മതം സ്വാനുഭൂതിയാണ്, അത് പ്രസംഗമോ സിദ്ധാന്തമോ സങ്കല്‍പ്പമോ ഒന്നുമല്ല, അവ എത്ര തന്നെ മനോഹരങ്ങളായാലും ആയിത്തീരുക, ആയിരിക്കുക, ഇതാണ് മതം; കേള്‍ക്കുകയും സമ്മതം മൂളുകയുമല്ല. ഏതൊന്നിനെ തത്ത്വം (സത്യം) എന്നു വിസ്വസിക്കുന്നുവോ, അന്തഃകരണം ഈശ്വരാകാരവൃത്തി പൂര്‍ണമായി അതായി മാറുക; ഇതാണ് മതം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.