തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ ജില്ലാ കോടതി മുന്‍പാകെയുള്ള കേസ് ഡയറികള്‍ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സിബിഐ അഭിഭാഷകന് ഹര്‍ജി സമര്‍പ്പിക്കും. കേസ് സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
നേരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന കേസ് ഡയറി ചില പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് തലശേരി സെഷന്‍സ് കോടിതിയില്‍ സമര്‍പ്പിച്ചത്. ജില്ലാ സെഷന്‍സ് കോടതിയാണ് കേസിലെ പ്രതികളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്, പയ്യന്നൂരിലെ ടി.ഐ. മധുസൂദനന് എന്നിവര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് ജാമ്യം അനുവദിച്ചത്. ആകെയുള്ള 25 പ്രതികളില്‍ ജാമ്യം ലഭിച്ച പത്ത് പ്രതികള്‍ക്ക് പുറമെ ഒന്നാം പ്രതി വിക്രമന് ഉള്ളപ്പെടെയുള്ള 15 പ്രതികള്‍ റിമാന്‍ഡിലാണുള്ളത്.
റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യഹര്‍ജി ഈ മാസം പരിഗണിക്കാനിരിക്കെയാണ് കോടതി മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അടുത്തമാസം 10ന് എല്ലാ പ്രതികളോടും സിബിഐ കോടതി മുന്‍പാകെ ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശം നല്കി. 19 പ്രതികളുടെ കുറ്റപത്രമാണ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: