ചെട്ടിയാലത്തൂര്‍ ഗ്രാമം കാടിനു പുറത്തേക്ക്:കേന്ദ്രപരിസ്ഥിതി മന്ത്രാലയം 11 കോടി രൂപ അനുവദിച്ചു

Thursday 9 March 2017 2:39 pm IST

കല്‍പ്പറ്റ:വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വന്യ ജീവി- മനുഷ്യസംഘര്‍ഷമുള്ളതും വീടും, കൃഷിയും ഉപേക്ഷിച്ച് പത്തില്‍പരം കുടുംബങ്ങള്‍ പലായനം ചെയ്തതുമായ ചെട്ടിയാലത്തൂര്‍ ഗ്രാമം ഒടുവില്‍ കാടിനു പുറത്തേക്ക്. കേന്ദ്രവനം . പരിസ്ഥിതി മന്ത്രാലയം സമഗ്ര വന്യജീവി ആവാസവ്യവസ്ഥാവികസന പദ്ധതിയനുസരിച്ച് 11 കോടി രൂപ അനുവദിച്ചു. ബാക്കി തുക ഉടനടി അനുവദിക്കും. കര്‍ണ്ണാടകയിലെ ബന്ധിപ്പൂര്‍, തമിഴ്‌നാട്ടിലെ മുതുമല വന്യജീവികേന്ദ്രങ്ങളുടെയും വയനാട് വന്യജീവി കേന്ദ്രത്തിന്റെയും മദ്ധ്യത്തിലാണ് ഈ ഗ്രാമം. കേരള വനം വകുപ്പിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. വയനാട് വന്യജീവി കേന്ദ്രത്തില്‍ ആറു വര്‍ഷം മുന്‍പ്പാരംഭിച്ച സ്വയം സന്നദ്ധപുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട 14 ഗ്രാമങ്ങളില്‍ ഏറ്റവുമധികം ജനസാന്ദ്രത കൂടിയ ഗ്രാമമാണ് ചെട്ടിയാലത്തൂര്‍. 77 ആദിവാസികുടുംബങ്ങള്‍ അടക്കം 265 യോഗ്യതാ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നതായി വനം വകുപ്പ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഭൂമി കൈവശമുള്ള 6 കുടുംബങ്ങള്‍ ഒഴികെ മറ്റെല്ലാവരും പുനരധിവാസപദ്ധതി സ്വീകരിക്കാന്‍ തയ്യാറായിരുന്നു. ഭൂമിക്ക് മതിയായ വില ലഭിച്ചാല്‍ ഇവരും പുനരധിവാസത്തിന് തയ്യാറാണെന്ന് വനം വകുപ്പിനെ അറിയിച്ചു. ചെട്ടിയാലത്തൂരിലെ തമിഴ്‌നാട് സംസ്ഥാനത്തെ കര്‍ഷകര്‍ നേരത്തെ തന്നെ ഒഴിപ്പിക്കപ്പെട്ടിരുന്നു. പദ്ധതിപ്രകാരം ഒരു യോഗ്യതാ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നില്ല. പദ്ധതിയിലെ ഒന്നാമത്തെ 'ഓപ്ഷന്‍' പ്രകാരമാണിത്. 70 ലക്ഷം രൂപ വരെ ലഭിക്കുന്ന കുടുംബങ്ങള്‍ ഉണ്ട്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലംഘിച്ച് 2013-ല്‍ കൊട്ടങ്കര ഗ്രാമത്തില്‍ രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ പുനരധിവാസം നടത്തിയ പോലെ ചെട്ടിയാലത്തൂരിലെ പുനരധിവാസത്തെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ചെട്ടിയാലത്തൂര്‍ പുനരധിവാസം ഉടനടിനടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകക്ഷേമസമിതിയും പ്രക്ഷോഭങ്ങള്‍ നടത്തുകയുണ്ടായി. പരിസ്ഥിതി പ്രവര്‍ത്തകരുടെയും, വനം വകുപ്പിന്റെയും നിതാന്തമായ പരിശ്രമത്തെയും കര്‍ഷകരുടെ നിരവധി സമരങ്ങളെയും തുടര്‍ന്ന് 2011ലാണ് സ്വയം സന്നദ്ധപുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. വന്യജീവി കേന്ദ്രത്തിലെ 14 ഗ്രാമങ്ങളിലെ 800 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ആദ്യഘട്ടമായി 80 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെയായി 17മ്മ കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസിവികസനഫണ്ടില്‍ നിന്നും 7മ്മ കോടി രൂപ അനുവദിച്ചു. കോളൂര്‍, അമ്മവയല്‍, കുറിച്ച്യാട്, കൊട്ടങ്കര, അരകുഞ്ചി എന്നീ 5 ഗ്രാമങ്ങളില്‍ നിന്നായി 240 ഇതിനകം കുടുംബങ്ങള്‍ കാടിനുവെളിയില്‍ മാറ്റിപാര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. നരിമാന്തികൊല്ലി , വെള്ളക്കോട്, ഈശ്വരന്‍കൊല്ലി ഗ്രമങ്ങളില്‍ പദ്ധതി നടപ്പാക്കികൊണ്ടിരിക്കുകയാണിപ്പോള്‍. ചെട്ടിയാലത്തൂരില്‍ പുനരധിവാസം പൂര്‍ത്തിയായാല്‍ 300 ഓളം ഏക്കര്‍ ഭൂമി വനഭൂമിയായിമാറും. പണിയര്‍, കാട്ടുനായ്ക്കര്‍, മുള്ളുവക്കുറുമ്മര്‍ എന്നീ ആദിവാസി സമൂഹത്തില്‍പ്പെട്ട 77 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. കര്‍ഷകരുടെ വിവരണാതീതമായ ദുരിതങ്ങള്‍ക്ക് അറുതിയാവുകയും ചുറ്റുമുള്ള പ്രദേശത്തെ വന്യജീവി ശല്യം കുറയുകയും ചെയ്യും. ചെട്ടിയാലത്തൂര്‍ ഗ്രാമത്തിലെ സ്വയം സന്നദ്ധ പുനരധിവാസത്തിന് പണം ലഭിക്കാന്‍ മുന്‍കൈയെടുത്ത കേന്ദ്രവനം പരിസ്ഥിതിവകുപ്പിലെ ഫോറസ്റ്റ് ഐ.ജി സൌമിത്രദാസ് ഗുപ്ത, മുന്‍ ഐ.ജി എസ്.കെ.ഖണ്ടൂരി, കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികുമാര്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാര്‍ എന്നിവരെ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, വന്യജീവി കേന്ദ്രം കര്‍ഷകക്ഷേമ സമിതി പ്രസിഡണ്ട് ടി.വി. ശ്രീധരന്‍ എന്നിവര്‍ അഭിനന്ദിച്ചു. പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, പങ്കളം എന്നീ അവശേഷിച്ച ഗ്രാമങ്ങളക്ക് ഉടനടി ഫണ്ട് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.