മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

Thursday 9 March 2017 9:05 pm IST

ബിജെപി സമരം വിജയം കണ്ടു മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. സഹകരണ വകുപ്പ് റജിസ്ട്രാറുടെ ഉത്തരവു പ്രകാരം അസി.റജിസ്ടാര്‍ ഓഫിസിലെ സൂപ്രണ്ട് കെ.ജെ.സുമയമ്മാള്‍ അഡ്മിനിസ്‌ട്രേറ്ററായി ഇന്നലെ വൈകിട്ടു നാലിനു ചാര്‍ജ്ജെടുത്തു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സിഐ: പി.ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു സഹകരണ വകുപ്പിന്റെയും സഹകരണ വകുപ്പ് വിജിലന്‍സിന്റെയും അന്വേഷണം പുരോഗമിക്കവെയാണു ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടത്. ബാങ്ക് പ്രസിഡന്റായിരുന്ന കോട്ടപ്പുറത്തു വി.പ്രഭാകരന്‍പിള്ള രാജിവെച്ചതിനു ശേഷം താലൂക്ക് സഹകരണ ബാങ്കില്‍ ഭരണ പ്രതിസന്ധിയാണെന്നു ചൂണ്ടിക്കാട്ടിയാണു ഭരണ സമിതിയെ പിരിച്ചു വിട്ടതെന്നു ഉത്തരവില്‍ പറയുന്നു. കോട്ടപ്പുറത്തു പ്രഭാകരന്‍പിള്ള രാജി വെച്ചതിനു ശേഷം കുര്യന്‍ പള്ളത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും സഹകരണ വകുപ്പ് തിരഞ്ഞെടുപ്പു വിഭാഗം ഇതിനു അനുമതി നല്‍കിയിരുന്നില്ല. അതു മൂലം ബാങ്കില്‍ നിന്നു ഇടപാടുകാര്‍ക്കു ചെക്കുകള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു ഉത്തരവായത്. ഇവിടെ നടന്ന കോടികളുടെ അഴിമതിക്കെതിരെ ബിജെപി നിരന്തരമായി നടത്തിയ സമരത്തിന്റെ വിജയമാണ് പിരിച്ചുവിടലില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണ സമിതിയെ സിപിഎം പിന്തുണച്ചതോടെ ഇരുമുന്നണികളും തമ്മിലുള്ള ഒത്തുകളി വെളിച്ചത്തായിരുന്നു. ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇന്നലെ വരെ ബിജെപി സമരം നടത്തിയിരുന്നു. ബാങ്ക് സെക്രട്ടറിക്കും ആഡിറ്റര്‍ക്കും എതിരെ കേസെടുത്തു മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യുവിനും മുന്‍ കണ്‍കറണ്ട് ആഡിറ്ററായിരുന്ന കൃഷ്ണകുമാരിക്കും എതിരെ വഞ്ചനാകുറ്റത്തിന് മാവേലിക്കര പോലീസ് കേസെടുത്തു. ഹെഡാഫീസിലെ സെക്രട്ടറി അന്നമ്മ മാത്യു, ചെങ്ങന്നൂര്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കൃഷ്ണകുമാരി എന്നിവര്‍ക്കെതിരെ ചെന്നിത്തല വിളയില്‍ തെക്കേതില്‍ റ്റിജു വി.ആര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാവേലിക്കര എസ്‌ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. റ്റിജുവിനെ ബാങ്കിലെ 85/13 നമ്പര്‍ ചിട്ടിയില്‍ 22-ാം നമ്പര്‍ ചിറ്റാളായി പ്രതികള്‍ ചേര്‍ക്കുകയും രണ്ടു തവണ പണം അടക്കുകയും ചെയ്തു. തുടര്‍ന്ന് യാതൊരു അറിയിപ്പും ബാങ്കില്‍ നിന്ന് ലഭിക്കാത്തതിനാല്‍ പിന്നീട് പണം അടച്ചില്ല. ഇപ്പോള്‍ സഹകരണ അസിസ്റ്റന്റ് രജിസ്റ്റാര്‍ റ്റിജുവിനെ വിളിച്ചു വരുത്തി 62500 രൂപയുടെ ബാധ്യതയുണ്ടെന്ന് അറിയിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ റ്റിജു ചിറ്റാളായ ചിട്ടി പ്രതികള്‍ ചേര്‍ന്ന് ഒരു ഉണ്ണികൃഷ്ണപിള്ളയുടെ പേരിലേക്ക് മാറ്റുകയും ഉണ്ണികൃഷ്ണപിള്ള എന്നയാളിന്റെ കള്ളയോപ്പിട്ട് കൃഷ്ണകുമാരി ബാങ്കില്‍ നിന്നും 4,75,000 രൂപ എടുത്തതായും പരാതിയില്‍ പറയുന്നു. ഉണ്ണികൃഷ്ണപിള്ള എന്നൊരാള്‍ ഒരിക്കല്‍പോലും ബാങ്കില്‍ എത്തിയിട്ടിയില്ലെന്ന് സെക്രട്ടറി അന്നമ്മ മാത്യു മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നതു വരെ നിയമപോരാട്ടം നടത്തുമെന്ന് റ്റിജു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.