സിപിഎം ഗുണ്ടാ അക്രമത്തിനെതിരെ സിപിഎം ലോക്കല്‍ കമ്മറ്റി പ്രതിഷേധവുമായി രംഗത്ത്

Friday 10 March 2017 9:55 pm IST

പാനൂര്‍: സിപിഎം ഗുണ്ടാ അക്രമത്തിനെതിരെ സിപിഎം ലോക്കല്‍ കമ്മറ്റി പ്രതിഷേധവുമായി രംഗത്ത്. പാര്‍ട്ടി കേന്ദ്രമായ അരയാക്കൂല്‍, ചമ്പാട് ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരായ ഒരു വിഭാഗം യുവാക്കള്‍ നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ചമ്പാട് ലോക്കല്‍ കമ്മറ്റി പ്രതിഷേധവുമായി വന്നിട്ടുളളത്. പാനൂര്‍ ഏരിയാ സെക്രട്ടറിയുടെ സ്ഥലമാണ് ചമ്പാട്. അരയാക്കൂലിലെ ജന്മീന്റെവിട ബിജു എന്ന സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ശീട്ടുകളി, അനാശാസ്യം, പിടിച്ചുപറി എന്നിവ നടക്കുന്നുണ്ടെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുകയാണ്. നിരവധി കൊലപാതക കേസുകളില്‍ പ്രതിയായ ബിജുവിനെതിരെ ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിക്കിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെയാണ് പത്രകുറിപ്പുമായി സിപിഎം ലോക്കല്‍ കമ്മറ്റി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം ബ്ലേഡ് ഇടപാടുമായി ബന്ധപ്പെട്ട് അരയാക്കൂലില്‍ ഒരു കല്ല്യാണ വീട്ടില്‍ ബിജുവിന്റെ നേതൃത്വത്തില്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ടിപി.ചന്ദ്രശേഖരന്‍ വധോദ്യമത്തിലും, ബിജെപി പ്രവര്‍ത്തകരായ കുറിച്ചിക്കരയിലെ വിനയന്‍, കുന്നോത്ത്പറമ്പിലെ കെസി.രാജേഷ് വധത്തിലും, കൂത്തുപറമ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദയാനന്ദന്‍, മമ്പറത്തെ ബിജെപി പ്രവര്‍ത്തകനായ പ്രേംജിത്ത് വധശ്രമത്തിലും പ്രതിയാണ് ബിജു. പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഇന്ന് പാര്‍ട്ടിക്കെതിരെ തിരിഞ്ഞതോടെയാണ് പ്രതിഷേധ കുറിപ്പുമായി സിപിഎം രംഗപ്രവേശം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.