സന്യാസ ധര്‍മ്മത്തിന്റെ ആഗോളദൗത്യവുമായി

Wednesday 14 June 2017 12:34 am IST

ശാരദാമഠത്തിന്റെ ആഗോള ഉപാധ്യക്ഷയായി അവരോധിക്കപ്പടുന്ന ആദ്യ മലയാളി അജയപ്രാണ മാതാജി

കൃത്യം ഇരുപത് വര്‍ഷം മുന്‍പ് മലയാളികള്‍ കേട്ടത് ഒരു വിസ്മയകരമായ വാര്‍ത്തയായിരുന്നു. ശ്രീരാമകൃഷ്ണമഠത്തിന്റെയും ശ്രീരാമകൃഷ്ണ മിഷന്റെയും ആഗോള അധ്യക്ഷനായ സ്വാമി രംഗനാഥാനന്ദ തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത. ആദ്യമായി ഒരു മലയാളി, ഭാരതത്തിലെ ഏറ്റവും ആധികാരികതയും പാരമ്പര്യവും അവകാശപ്പെടാവുന്ന സന്യാസി പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തുക എന്നത് ചെറിയ കാര്യമല്ല. അതും തൃശൂര്‍ സ്വദേശിയായ ഒരു സന്യാസി ആദ്ധ്യാത്മിക ചക്രവാളത്തില്‍ ഉജ്ജ്വലവും അനിഷേധ്യവുമായ സാന്നിദ്ധ്യമുറപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍. കാതിലെ കടുക്കന്‍ വിറ്റ് കല്‍ക്കത്തയ്ക്ക് വണ്ടി കയറിയ ശങ്കരന്‍ എന്ന ബാലന്‍ ഇന്ത്യയുടെ സ്പിരിച്വല്‍ അംബാസഡറായി ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ആരും വിചാരിച്ചിരുന്നില്ല.

ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സമാനമായ ഒരു വിസ്മയ മുഹൂര്‍ത്തം സംജാതമായിരിക്കുന്നു. ശ്രീശാരദാ മഠത്തിന്റെയും രാമകൃഷ്ണ ശാരദാമിഷന്റെയും ആഗോള ഉപാദ്ധ്യക്ഷയായി ഒരു മലയാളി പീഠമേറുകയാണ്. പൂജനീയ പ്രവ്രാജിക അജയ പ്രാണ മാതാജി. സ്വാതന്ത്ര്യസമരസേനാനി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രി. കുറൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റേയും എറണാകുളം കണവള്ളി കല്യാണിക്കുട്ടിയമ്മയുടെയും പ്രിയ പുത്രി അമ്മുക്കുട്ടി തമ്പുരാട്ടി സനാതന ഭാരതത്തിന്റെ വേദാന്ത പദ്ധതിയുടെ പൊരുളറിയിച്ച അജയ പ്രാണ മാതാജി.

‘ശക്തി’യുടെ അഭാവത്തില്‍ ലോകോദ്ധാരണം സാധ്യമല്ല. ശക്തിയുടെ ഉദ്ധാരണം ലക്ഷ്യമാക്കിയാണ് കലിയുഗത്തില്‍ ശാരദാദേവി അവതരിച്ചിട്ടുള്ളത്. അമ്മ ശാരദയെ മാതൃകയാക്കി ഇനി ഗാര്‍ഗിമാരും മൈത്രേയിമാരും ജന്മമെടുക്കും. സ്വാമി വിവേകാനന്ദന്റെ ആ ഭവ്യസങ്കല്‍പ്പം 1954 ഡിസംബര്‍ രണ്ടിന് ഗംഗാതീരത്ത് സഫലമായി. അന്നാണ് ശാരദാമഠം രൂപമെടുത്തത്. ഇന്ന് ശാരദാ മഠവും രാമകൃഷ്ണ ശാരദാ മിഷനും ആഗോള പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നിരവധി സന്യാസിനിമാര്‍ മഠത്തിലെ അന്തേവാസികളും ഔദ്യോഗിക ചുമതലക്കാരുമായി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ സന്യാസ ധര്‍മ്മത്തിന്റെ ആഗോള ദൗത്യവുമായി ഒരു മലയാളി മഹിള എത്തുന്നുവെന്നത് വലിയ നിയോഗമാണ്.

സമ്പന്നതയുടെ നടുവില്‍ പിറന്നുവീണ ഒരു വിശിഷ്ട ജന്മം. കുലമഹിമകൊണ്ടും ആഭിജാത്യംകൊണ്ടും ഒരു പ്രദേശത്തിന്റെ സര്‍വാദരങ്ങളും ഏറ്റുവാങ്ങി തലയെടുപ്പോടെ വിരാജിച്ച് പോന്ന കുറൂര്‍ തറവാട് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഗരിമയുണര്‍ത്തിയതോടൊപ്പം ഗുരുപവനപുരേശന്റെ അകളങ്ക സ്‌നേഹവായ്പിന് പാത്രമായ സുകൃതസ്മരണകളുടെ കേദാരവുമാണ്. അമ്മുക്കുട്ടി എന്ന ബാലികയ്ക്ക് തന്റെ ബാല്യം നിറമുള്ളതാണെങ്കിലും അഞ്ച് വയസ്സില്‍ പ്രിയ മാതാവിനെ നഷ്ടമായത് ഒരു വേദന തന്നെയായിരുന്നു. അമ്മൂമ്മയുടെയും അമ്മാവന്റെയും സ്‌നേഹലാളനകളും പുറനാട്ടുകര ഗുരുകുലത്തിന്റെ സാമീപ്യവും ഒട്ടൊക്കെ സമാശ്വാസമണച്ചിരുന്നു. 1957 ല്‍ ഹിന്ദി അധ്യാപികയായി ഗുരുകുലം സ്‌കൂളില്‍ പ്രവേശിക്കുന്നതോടെ ആ ജീവിതത്തിന് ചില നിയതമായ അര്‍ത്ഥങ്ങളുണ്ടെന്ന് ബോധ്യമായി തുടങ്ങി. അതേ കാലഘട്ടത്തില്‍ തന്നെ; പില്‍ക്കാലത്ത് ശാരദാമഠത്തിന്റെ നേതൃസ്ഥാനത്തെത്തിയ ധീരപ്രാണ, വിജയപ്രാണ, വിമലപ്രാണ, മേധ പ്രാണ എന്നീ സന്യാസിനിമാരോടൊപ്പം അജയപ്രാണ മാതാജിയും ഗുരുകുലത്തില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. അപ്പോള്‍ തന്നെ എറണാകുളം മഹാരാജാസ് കോളജില്‍ ബിഎസ്‌സി ഫിസിക്‌സിന് ചേരുകയും ചെയ്തിരുന്നു.

ബേലൂര്‍ മഠത്തിലെ സ്വാമി ശങ്കരാനന്ദജിയില്‍നിന്ന് മന്ത്രദീക്ഷയും ബ്രഹ്മചര്യവും വാങ്ങിയ മാതാജി 1961 ല്‍ ശാരദാ മഠത്തിന്റെ പ്രഥമ അദ്യക്ഷ പ്രവ്രാജിക ഭാരതീപ്രാണ മാതാജിയില്‍നിന്ന് സന്യാസം സ്വീകരിച്ചു. ശാരദാദേവിയുടെ പരിചാരികയും നിവേദിതയുടെ ശിഷ്യയുമായിരുന്നു ഭാരതീപ്രാണ. സന്യാസദീക്ഷ വാങ്ങിയ ശേഷമായിരുന്നു വിദ്യാലയത്തില്‍ അദ്ധ്യാപികയായി ഏറെക്കാലം പ്രവര്‍ത്തിച്ചത്. 1982 ല്‍ ശാരദാ മഠത്തിന്റെ തിരുവനന്തപുരം ശാഖയിലേക്ക് സ്ഥലംമാറ്റം വന്നതോടെ ഒരു മഹാദൗത്യം മാതാജിയെത്തേടി എത്തുകയായിരുന്നു. രണ്ടാം വിവേകാനന്ദന്‍ എന്ന് വിഖ്യാതി നേടിയ സ്വാമി രംഗനാഥാനന്ദജിയുടെ പ്രേരണയും നിര്‍ദ്ദേശവും ശിരസ്സാവഹിച്ച് ശാരദാമഠത്തിന്റെ ആദ്യവിദേശ കേന്ദ്രമെന്ന നിലയില്‍ ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ മാതാജിയുടെ സേവനം കാത്തിരിക്കുകയായിരുന്നു. രംഗനാഥാനന്ദജിയാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന ആ കേന്ദ്രം നമ്മുടെ വേദാന്ത സംസ്‌കാരത്തിന്റെ പ്രചാരത്തിന് പറ്റിയ പ്രദേശമണെന്ന വെളിപ്പെടുത്തലും മാതാജിയുടെ സവിശേഷമായ കുശലതയുടെ സാക്ഷാത്കാരവും സമന്വയിച്ചിരുന്നു. സിഡ്‌നിയുടെ പരിസരപ്രദേശങ്ങളിലും പല പല വിദ്യാലയങ്ങളിലും മതപാര്‍ലമെന്റുകളിലും ഭാരതത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ചിരുന്നു. പല പാതിരിമാരും, മാര്‍പാപ്പവരെ അതിവിശിഷ്ടരായ പുരോഹിതന്മാരും ആത്മീയപ്രവര്‍ത്തനങ്ങളില്‍ മാതാജിയെ ശ്ലാഘിച്ചിരുന്നു.

2011 ല്‍ അന്ന് പുറനാട്ടുകര മഠത്തിന്റെ അദ്ധ്യക്ഷയായിരുന്ന മേധപ്രാണ മാതാജിയുടെ മഹാസമാധിയോടെ അജയപ്രാണ കേരളത്തിന്റെ പൊതുചുമതലയോടൊപ്പം പുറനാട്ടുകര മഠത്തിന്റെ അധ്യക്ഷയെന്ന സ്ഥാനവും അലങ്കരിച്ചു. തെക്കേ ഇന്ത്യയില്‍ മാത്രമല്ല, ഉത്തരേന്ത്യയിലും മന്ത്രദീക്ഷ കൊടുക്കാന്‍ നിയോഗിച്ചിട്ടുള്ളതില്‍ പ്രഥമ ഗണനീയയാണ് അജയപ്രാണ മാതാജി. ശാരദാമഠത്തിലെ ട്രസ്റ്റിമാരില്‍ രണ്ട് പേര്‍ മാത്രമാണ് മലയാളികള്‍. അജയപ്രാണയ്‌ക്കൊപ്പം ധ്രുവപ്രാണ മാതാജിയും.

തൊണ്ണൂറ് വയസ്സ് പിന്നിടുന്ന മാതാജിയുടെ ഭരണനിര്‍വഹണ പ്രാപ്തി അദ്ഭുതകരമാണ്. ചിട്ടയായ ജീവിതചര്യയും കര്‍ക്കശമായ വ്യക്തിശുദ്ധിയും തനിക്ക് മാത്രമല്ല, തന്റെ സഹസന്യാസിമാര്‍ക്കും അനിവാര്യമാണെന്ന് പലവുരു ഓര്‍മപ്പെടുത്തുന്നതില്‍ വിട്ടുവീഴ്ചയില്ല. തങ്ങള്‍ പിന്തുടരുന്ന സന്യാസ ആദര്‍ശത്തിന്റെ ധന്യത ആ ജീവിതത്തില്‍ ദര്‍ശിക്കാം. തനിക്ക് താഴെയുള്ള സന്യാസിനി സഹോദരിമാരോട് ശാസനാരൂപത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കുമ്പോഴും മാതാജി അവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. പ്രകൃതി മലിനപ്പെടുന്നതില്‍ ആ മനസ്സ് എപ്പോഴും അസ്വസ്ഥമായിരുന്നു. ശബ്ദമലിനീകരണവും പരിസരമലിനീകരണവും അസഹ്യമാണ്.

വായ്‌മൊഴിയിലും വരമൊഴിയിലും പാലിച്ചുപോരുന്ന ഒരു കുലീനമായ ഭാഷ മാതാജിക്ക് സ്വന്തമായുണ്ട്. അത് ആരെയും മുറിവേല്‍പ്പിക്കാത്ത സ്‌നേഹമസൃണമായ ഭാഷയാണ്. എന്നാല്‍ പറയുന്നതില്‍ ആധികാരികതയുണ്ട് താനും. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, സംസ്‌കൃതം തുടങ്ങി വിഭിന്ന ഭാഷകളുടെ സംവേദനം എഴുത്തിലും പ്രസംഗത്തിലും തുടരുന്നു. ദശപുഷ്പം, കുറൂരമ്മ, ആണ്ടാള്‍, ഭക്തമീര, ശാരദാദേവി, ശിവാനന്ദവാണി തുടങ്ങിയ മലയാള ഗ്രന്ഥങ്ങളും ഒട്ടേറെ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

കാലം നിയോഗിച്ച ധന്യജീവിതമാണ് മാതാജിയുടേത്. വിദ്യാഭ്യാസകാലത്ത്, പഠിപ്പിച്ചവര്‍ക്കോ നയിച്ചവര്‍ക്കോ ഇങ്ങനെയൊരു രൂപാന്തരം ഈ മഹതിയില്‍ സംഭവിക്കുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ‘ഹന്ത ഭാഗ്യം ജനാനാം’- എന്നപോലെ നമുക്ക് മലായാളികള്‍ക്ക് ആ മഹിതജീവിതത്തെ സ്വന്തം ഉള്‍ച്ചൂടില്‍ ചേര്‍ത്തുവയ്ക്കാം. പുലരിയുടെ വിശുദ്ധിപോലെ, നന്മയുടെ നേര്‍മ്മപോലെ, പൂവിരിയുംപോലെ, ഇരുട്ടില്‍ തിരിനാളമെന്നപോലെ പ്രത്യാശാഭരിതമായ ആ ധന്യജീവിതം പകരട്ടെ നമുക്കായ് ഒരായിരം അനുഗ്രഹനിമിഷങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.