മണ്‍കുടവും മഹാമായയും

Wednesday 14 June 2017 1:54 am IST

നെറ്റിയില്‍ ചന്ദനവും കുങ്കുമവും കുറിയായി ധരിക്കുന്നത് ഹിന്ദുക്കളുടെ ഒരാചാരമാണ്. ശരിയെന്ന് ബോധ്യപ്പെട്ടതിനെ ഉപേക്ഷിക്കാതെ നിലനിര്‍ത്തുന്നതിനെയാണ് ആചാരം എന്നുപറയുന്നത്. ചന്ദനവും കുങ്കുമവും കൊണ്ടുള്ള കുറി ഒരു ചിഹ്നമാണല്ലോ. ചന്ദനം പുരുഷനെയും കുങ്കുമം പ്രകൃതിയെയും കുറിക്കുന്നു. പരമാത്മാവിനെ പ്രകടമാക്കുന്ന പദമാണ് പുരുഷന്‍ എന്നത്. പഞ്ചഭൂതത്തെ പ്രകൃതി എന്നും വിളിക്കുന്നു. സൃഷ്ടി കര്‍ത്താവും, സൃഷ്ടി സാമഗ്രിയും ഒന്നാണ്. സൃഷ്ടിസാമഗ്രിയെയാണ് പ്രകൃതി എന്നു വിവക്ഷിക്കുന്നത്. അത് പഞ്ചഭൂതമാണ്. പ്രകൃതി മാറ്റത്തിന് വിധേയമാണ്. മനുഷ്യശരീരത്തിന് ബാല്യം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ മാറ്റങ്ങള്‍ ഉണ്ടല്ലോ. അതുപോലെ എല്ലാ സൃഷ്ടിക്കും ജനനം, വളര്‍ച്ച, തിരോധാനം എന്നീ മാറ്റങ്ങള്‍ ഉണ്ടല്ലോ. അതുപോലെ എല്ലാ സൃഷ്ടിക്കും ജനനം, വളര്‍ച്ച, തിരോധാനം എന്നിവ സ്വാഭാവികമായി തന്നെ നടക്കുന്നു. പ്രകൃതിയുടെ ഈ മാറ്റത്തെ വ്യക്തമാക്കുന്ന പദമാണ് മഹാമായ. പരമാര്‍ത്ഥിക തലത്തില്‍ പുരുഷന്‍, സ്ത്രീ എന്നീ ഭേദങ്ങളില്ല. എന്നാല്‍ വ്യാവഹാരിക തലത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ടുതാനും. പുരുഷനെന്നും സ്ത്രീയെന്നുമുള്ള മണ്‍കലം ഉടഞ്ഞാല്‍ അവശേഷിക്കുന്നത് മണ്ണു മാത്രമല്ലേ? ഇത് പരമാര്‍ത്ഥിക തലത്തിലെ വ്യത്യാസമില്ലായ്മയെയാണ് കാണിക്കുന്നത്. നമ്മുടെ അര്‍ദ്ധ നാരീശ സങ്കല്‍പ്പം ഒരേ സമയം ഭിന്നതയേയും അഭിന്നതയേയും പ്രകടിപ്പിക്കുന്ന വിസ്മയാവഹമായ സങ്കല്‍പ്പമാണ്. നാമരൂപാത്മകമായ പ്രപഞ്ചത്തില്‍ സസ്യജാലങ്ങളിലും, ജന്തുജാലങ്ങളിലും എന്നുവേണ്ട ആചാരങ്ങളില്‍പ്പോലും മനുഷ്യരിലെന്നപോലെ സ്ത്രീ പുരുഷ വ്യത്യാസം ദൃശ്യമാണ്. ഇതില്‍നിന്നാണ് നമ്മുടെ ദേവീ സങ്കല്‍പ്പം ആഗമിക്കുന്നത്. വര്‍ഗത്തിന്റെ നിലനില്‍പ്പിന് ആധാരമാകയാലാണ് സ്ത്രീ മാതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടത്. സമഷ്ടി മാതാവിനെ ആബ്രഹ്മ കീടജനനിയെന്ന് സംബോധന ചെയ്യുന്നുണ്ടല്ലോ. നമ്മുടെ ദേവീ സങ്കല്‍പ്പത്തിന് വളരെ പഴക്കമുണ്ട്. സിന്ധുനദീതട സംസ്‌കാരം വളരെ പഴക്കമേറിയ സംസ്‌കാരങ്ങളിലൊന്നാണല്ലോ. ആ സംസ്‌കാരം നിലനിന്നിരുന്ന കാലത്ത് ദേവീദേവന്മാരെ ആരാധിച്ചുവന്നത് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മോഹന്‍ജോദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍നിന്നും ലഭിച്ച ഖനന വസ്തുക്കളില്‍ ശിവന്റെയും, ദേവിയുടെയും മുദ്രകള്‍ ഉള്‍പ്പെടുന്നു. ദേവ്യാരാധനയുടെ അനുസ്യൂതത വേദങ്ങളിലും പുരാണങ്ങളിലും കാണാം. വേദങ്ങളിലെ ദേവീസൂക്തവും, സാരസ്വതീ സൂക്തവും ഇതിന് സാക്ഷ്യം വഹിക്കുന്നു. മാര്‍ക്കണ്ഡേയ പുരാണത്തിലെ ദേവീ മാഹാത്മ്യം വളരെ പ്രസിദ്ധമാണല്ലോ. ക്ഷേത്രാരാധനയുടെ കാലമായപ്പോള്‍ ദേവീ ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇന്ന് പ്രസിദ്ധങ്ങളും കാലപ്പഴക്കമേറിയതുമായ നിരവധി ക്ഷേത്രങ്ങള്‍ നമ്മല്‍ക്കുണ്ട്. നമ്മുടെ സങ്കല്‍പ്പത്തില്‍ ദേവി ഒന്നേയുള്ളൂ. അനേകം ദേവിമാരുണ്ടെന്ന ധാരണ തെറ്റാണ്. ദേവിക്ക് അനേകം ഭാവങ്ങളുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വെവ്വേറെ പ്രതിഷ്ഠകളുള്ളത്. പാര്‍വതി പരമേശ്വരന്മാരും രാധാ മാധവന്മാരും ലക്ഷ്മീ നാരായണന്മാരുമാണ് നമ്മള്‍ക്കുള്ളത്. തുടക്കത്തില്‍ പറഞ്ഞപോലെ പ്രകൃതി പുരുഷ ബന്ധത്തെയാണിത് സൃഷ്ടമാക്കുന്നത്. ഇതാണ് ശക്തിക്ക് നിദാനം. പരിച്ഛിന്നമായത് ദുര്‍ബലവും നമുക്ക് വേണ്ടത് ഏകാത്മഭാവമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.