കാഞ്ചന നേട്ടം

Tuesday 13 June 2017 8:30 pm IST

‘ഓലപ്പീപ്പി’യില്‍ കാഞ്ചന

കാട്ടുവള്ളി പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി…മരങ്ങളില്‍ കയറിയിറങ്ങി വരുന്ന കുറിച്യപ്പെണ്ണ്. മുടി വകഞ്ഞു കോതിക്കെട്ടി വാലിട്ടെഴുതിയ കണ്ണുകളില്‍ പോരാട്ട വീര്യമൊളിപ്പിച്ച സുന്ദരി. അങ്ങകലെ മലകയറിവരുന്ന ബ്രിട്ടീഷ് പടയുടെ വരവ് പഴശ്ശിരാജയെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍. വയനാടന്‍ കാടുകളിലെ പോരാട്ടത്തിന്റെ കഥപറഞ്ഞ പഴശ്ശിരാജയെന്ന നാടകത്തിലഭിനയിച്ച കാഞ്ചനയുടെ വിശേഷങ്ങളാണിത്. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കാഞ്ചന, ചേര്‍ത്തലയിലുള്ള പുന്നശേരില്‍ വീട്ടിലിരുന്ന് പറയുന്നത് അഭിനയത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ക്കപ്പുറം തന്നെ തേടിയെത്തിയ അവാര്‍ഡിനെ കുറിച്ചാണ്.
പഴയ കഥകളില്‍ കണ്ടുമറന്ന മുത്തശ്ശി.

ആഢ്യത്വം തുളുമ്പുന്ന മുഖം…സ്വര്‍ണ നിറം.. ചിരിക്കുമ്പോള്‍ മുറുക്കാന്‍ കറ പുരണ്ട പല്ലുകള്‍ തെളിഞ്ഞുകാണാം. ചുവന്ന കല്ലുപതിച്ച കമ്മലുകള്‍ ഇടയ്ക്കിടെ വെട്ടിത്തിളങ്ങി. 86-ാം വയസിലും കാഞ്ചന മുത്തശ്ശിയില്‍ നിന്ന് പടിയിറങ്ങാന്‍ മടിച്ചുനില്‍ക്കുന്ന സൗന്ദര്യം. മഞ്ഞ് പോലത്തെ മുടി മാടിയൊതുക്കി അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ ജീവന്‍ തുടിക്കുന്ന കണ്ണുകളില്‍ നവരസങ്ങള്‍ മിന്നിത്തെളിഞ്ഞു. മലയാള സിനിമയുടെ ശൈശവകാലത്താണ് കാഞ്ചന സിനിമയിലെത്തിയത്. പഴയകാലത്തെ അഭിനയപ്രതിഭകളെ പോലെ നാടകത്തിലൂടെയായിരുന്നു അഭ്രപാളിയുടെ മോഹിപ്പിക്കുന്ന വെള്ളിവെളിച്ചത്തിലേക്ക് കാഞ്ചനയും എത്തിപ്പെട്ടത്.

അച്ഛന്‍ മരിക്കുമ്പോള്‍ കാഞ്ചനയ്ക്ക് ഒരു വയസ്. അമ്മയുടേയും മുത്തശ്ശിയുടേയും തണലിലായിരുന്നു ജീവിതം. പാട്ടിലും നൃത്തത്തിലും മികവ് കാട്ടിയ മിടുക്കിക്ക് അമ്മാവനായ പി. കെ. കൃഷ്ണനാണ് കലാരംഗത്തേക്ക് വഴികാട്ടിയത്. സ്വാതന്ത്ര്യ സമര കാലഘട്ടമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ആയിരുന്ന അമ്മാവന്റെയൊപ്പം പാര്‍ട്ടിക്ക് വേണ്ടി ഏകാങ്ക നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു അരങ്ങേറ്റം. പതിനാലാം വയസില്‍ ഗുരുവായ കുഞ്ഞന്‍ഭാഗവതരാണ് പ്രൊഫഷണല്‍ നാടകരംഗത്തേയ്ക്ക് കാഞ്ചനയെ എത്തിച്ചത്.

ഓച്ചിറ പരബ്രഹ്മോദയം ട്രൂപ്പിലായിരുന്നു തുടക്കം. ആദ്യ നാടകമായ ‘വാസവദത്ത’യില്‍ തോഴിയായിട്ട് അഭിനയം. നായികയായും, സഹനടിയായും പിന്നീട് കൈനിറയെ നാടകങ്ങള്‍. ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, കൊല്ലം സരിക, സൂര്യസോമ തുടങ്ങി നിരവധി നാടക സമിതികളില്‍ അഭിനയിക്കാനുള്ള ഭാഗ്യം കാഞ്ചനയ്ക്ക് ലഭിച്ചു. കഥാപാത്രങ്ങളെ തേടി നാടക ക്യാമ്പിലെത്തിയ സിനിമാപ്രവര്‍ത്തകരാണ് കാഞ്ചനയെ സിനിമയിലെത്തിച്ചത്.

1950 ലായിരുന്നു ആദ്യസിനിമ. എം. ശ്രീരാമുലു സംവിധാനം ചെയ്ത ‘പ്രസന്ന’യില്‍ കല്യാണിയുടെ വേഷം ചെയ്താണ് വെള്ളിത്തിരയില്‍ കാഞ്ചന തിളങ്ങിയത്. പാപ്പുക്കുട്ടി ഭാഗവതര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ലളിത, പത്മിനി, രാഗിണി തുടങ്ങിയ പ്രതിഭകളോടൊപ്പമുള്ള സിനിമ കാഞ്ചനയുടെ തലവര മാറ്റി മറിച്ചു. ഉമ്മ, ഇണപ്രാവുകള്‍ തുടങ്ങി ഉദയായുടെ ബാനറില്‍ നിര്‍മിച്ച ഒട്ടുമിക്ക സിനിമകളിലും കാഞ്ചന സ്ഥിരം സാന്നിധ്യമായി. എങ്കിലും നാടകം കൈവിട്ട് കളയാന്‍ കാഞ്ചനയ്ക്ക് കഴിഞ്ഞില്ല.
പാലാ കുഞ്ഞപ്പാപ്പാന്റെ ‘രണ്ടല്ല’ എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് കുണ്ടറ ഭാസിയെന്ന കലാകാരനോട് പ്രണയം തോന്നിയതെന്ന് കാഞ്ചന. കരുതലും സംരക്ഷണവും നല്‍കിയുള്ള ഭാസിയുടെ പെരുമാറ്റം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായ ഇരുവരും കുണ്ടറയിലും പട്ടണക്കാട്ടും മാറിമാറി താമസിക്കുകയായിരുന്നു. മക്കളുണ്ടായതിന് ശേഷവും അഭിനയം തുടര്‍ന്നു. അമ്മ മരിച്ചതോടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അഭിനയം വിട്ട് കാഞ്ചന കുടുംബിനിയായി.

തുടര്‍ന്ന് ഭര്‍ത്താവിന്റെ മരണത്തോടെ മക്കളില്‍ മാത്രമായി ജീവിതം ഒതുങ്ങി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മൂത്തമകനേയും വിധി തട്ടിയെടുത്തു. അഭിനയ ജീവിതത്തില്‍ നിന്നുള്ള മുപ്പത് വര്‍ഷത്തെ ഇടവേള അവസാനിച്ചത് 2015 ലാണ്. 1965 ല്‍ പുറത്തിറങ്ങിയ ഇണപ്രാവുകളുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ കാഞ്ചനയെ തേടിയെത്തിയതോടെയാണ് സിനിമാലോകത്ത് വീണ്ടും സജീവമായത്.

പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ കാഞ്ചനയുടെ ചിത്രം കണ്ട ‘ഓലപ്പീപ്പി’യുടെ സംവിധായകന്‍ ക്രിഷ് കൈമള്‍, പുന്നശേരി വീട്ടിലെത്തുകയായിരുന്നു. ഈ പ്രായത്തില്‍ അഭിനയിക്കാന്‍ വിട്ടതില്‍ ആദ്യം ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും, ക്യാമറയ്ക്കു മുന്നില്‍ പ്രായത്തിന്റെ അവശത മറന്നുള്ള അമ്മയുടെ ആവേശം കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും മകന്‍ പ്രേംലാല്‍ പറഞ്ഞു.

ബിജു മേനോന്റെ മുത്തശ്ശിയായി അഭിനയിച്ച ‘ഓലപ്പീപ്പി’യിലെ വേഷത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂവെന്ന് കാഞ്ചന പറഞ്ഞു. തിരുവല്ല പൊടിയാടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സംവിധായകന്റെ വീട്ടില്‍ കാഞ്ചനയ്ക്ക് താമസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. നായകന്റെ ഓര്‍മകളിലൂടെ വെള്ളിത്തിരയില്‍ നിറയുന്ന മുത്തശ്ശിയായി കാഞ്ചന ജീവിക്കുകയായിരുന്നു. ‘പുലിമുരുകന്‍’ സിനിമയുടെ റിലീസിന്റെ ഭാഗമായി തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രങ്ങളില്‍ ‘ഓലപ്പീപ്പി’യും ഉണ്ടായിരുന്നു. അവാര്‍ഡ് കിട്ടിയ പശ്ചാത്തലത്തില്‍ വീണ്ടും സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

അവാര്‍ഡ് വിവരമറിഞ്ഞ് സംവിധായകനും ബിജു മേനോനും വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ‘സന്തോഷമുണ്ട്.. നന്ദി പട്ടണക്കാട്ട് ക്ഷേത്രത്തിലെ മഹാദേവനോടാണ്. എന്നെ തളരാതെ കൈപിടിച്ച് നടത്തിയ ശക്തിയാണ്. മരണം വരെയും സിനിമകളില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം…’ ചിരിക്കുന്ന മുഖത്തോടെ കാഞ്ചന പറഞ്ഞു. ഓലപ്പീപ്പി ശ്രദ്ധിക്കപ്പെട്ടതോടെ കാഞ്ചനയും സിനിമയുടെ തിരക്കിലായി. മഞ്ജു വാര്യര്‍ നായികയായ ‘കെയര്‍ ഓഫ് സൈറാ ബാനു’, കോട്ടയം പ്രദീപിന്റെ ‘ക്രോസ് റോഡ്’ എന്നിവ ഉടന്‍ പുറത്തിറങ്ങും. ദിലീപിന്റെ ചിത്രമുള്‍പ്പെടെ കൈ നിറയെ സിനിമകളുണ്ട്.

ആദ്യ സിനിമയിലഭിനയിച്ച് അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ തേടിയെത്തിയ അംഗീകാരം നെഞ്ചോട് ചേര്‍ത്ത് യാത്ര തുടരുകയാണ് കാഞ്ചന. പ്രേംലാലിന്റെ കുടുംബത്തോടൊപ്പം വയലാറിലാണ് കാഞ്ചന താമസം. പട്ടണക്കാട്ട് ക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്നതിന് മുന്‍പായി കാഞ്ചന മകനോടൊപ്പം പുന്നശേരില്‍ വീട്ടില്‍ എത്തും. ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കയര്‍ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്.

ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവരുന്ന പ്രസാദവും കഴിച്ച് വ്രതാനുഷ്ഠാനങ്ങളോടെ ഉത്സവദിനങ്ങളില്‍ കാഞ്ചന തറവാട്ടിലുണ്ടാകും. മരുമകള്‍ റെജിയും പേരക്കുട്ടികളായ ആനന്ദരാമനും, മിഥുന്‍ലാലും കാഞ്ചനയ്ക്ക് കൂട്ടായുണ്ട്.
പുന്നശേരി വീടിന്റെ പടികടന്ന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്. വിശ്രമമില്ലാതെ അതിഥികളെ സ്വീകരിച്ചും, മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശേഷങ്ങള്‍ പറഞ്ഞും കാഞ്ചന തിരക്കിലാണ്. അഭിനയത്തിന്റെ മൂടുപടമില്ലാതെ…

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.