അമൃതയില്‍ സംസ്ഥാനത്തെ ആദ്യ അതിസൂക്ഷ്മ റേഡിയേഷന്‍ സെന്റര്‍

Tuesday 13 June 2017 10:30 pm IST

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സംസ്ഥാനത്തെ ആദ്യ അതിസൂക്ഷ്മ റേഡിയേഷന്‍ തെറാപ്പി സെന്റര്‍ തുറന്നു. ആശുപത്രിയില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അര്‍ബുദ ചികിത്സാ രംഗത്ത് കേരളത്തില്‍ ആദ്യമായി ന്യൂതന സംവിധാനം ഏര്‍പ്പെടുത്തിയ അമൃത ആശുപത്രി സ്വകാര്യ മേഖലയില്‍ ശ്രദ്ധേയമായ സേവനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓരോ വര്‍ഷവും അര ലക്ഷം കാന്‍സര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയെ പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാധുനിക സൈബര്‍നൈഫ്, ടോമോതെറാപ്പി സംവിധാനങ്ങളിലൂടെ അതിസൂക്ഷ്മ റേഡിയേഷന്‍ തെറാപ്പി ചികിത്സ സൗകര്യമൊരുക്കുന്ന കേരളത്തിലെ ആദ്യ കേന്ദ്രമാണ് അമൃത. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ കണ്ണീരൊപ്പി, ഈശ്വര തുല്യമായ ജോലികള്‍ നിര്‍വഹിക്കുന്ന അമ്മയുടെ വാത്സല്യത്തെയാണ് ഭക്തര്‍ ആരാധിക്കുന്നതെന്ന് സ്വാമി പറഞ്ഞു. റേഡിയേഷന്‍ തെറാപ്പി ചികിത്സ സംവിധാനത്തെപ്പറ്റി റേഡിയേഷന്‍ ഓങ്കോളജി ഹെഡ് ഡോ. ദേബ് നാരായണ്‍ ദത്ത വിശദീകരിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ. കെ.വി. തോമസ് എം.പി., ഹൈബി ഈഡന്‍ എംഎല്‍എ, മുന്‍ എം.പി. പി.രാജീവ്, ഡോ. പ്രേം നായര്‍, അംബിക സുദര്‍ശന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ് കെ. സിങ്, ഡോ.കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.