ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 11 സൈനികര്‍ക്ക് വീരമൃത്യു

Tuesday 13 June 2017 9:08 pm IST

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9 മണിയോടെ സുഖ്മ ഭേജയിലെ റോഡില്‍ വ്യായാമം നടത്തിയിരുന്ന സിആര്‍പിഎഫ് സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ജഗ്ജിത് സിങ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ബി ഭട്ട്, നരേന്ദര്‍ കുമാര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ പി. ആര്‍. മിന്‍ഡെ, കോണ്‍സ്റ്റബിള്‍ മങ്കേഷ് പാല്‍ പാണ്ഡെ, രാംപാല്‍ സിങ് യാദവ്, ഗോരഖ് നാഥ്, നന്ദ് കുമാര്‍ പട്ര, സതീഷ് കുമാര്‍ വെര്‍മ, കെ. ശങ്കര്‍, സുരേഷ് കുമാര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹെഡ് കോണ്‍സ്റ്റബിള്‍ ജഗ്ദീഷ് പ്രസാദ് വിഷ്‌ണോയി, കോണ്‍സ്റ്റബിള്‍ ജയ്‌ദേശ് പ്രമാണിക് എന്നിവര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സിആര്‍പിഎഫ് 219 ബറ്റാലിയനിലെ സൈനികരാണ് ഇവര്‍. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കായി സംഭവസ്ഥലത്ത് അധിക സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട സൈനികരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും വയര്‍ലെസ് റേഡിയോയും ഭീകരര്‍ കൈക്കലാക്കിയതായാണ് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്റെ 10 തോക്കുകളാണ് മാവോയിസ്റ്റ്കാര്‍ കൈക്കലാക്കിയിരിക്കുന്നത്. സൈനികര്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം അതീവ ദുഃഖമുളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. സുഖ്മയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സുഖ്മയിലെ മുന്‍ സര്‍പഞ്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.