ജനന സമയത്ത് തന്നെ ശ്രവണ പരിശോധന നടത്തണം: ലീ

Tuesday 13 June 2017 9:54 pm IST

കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളം മാതൃകയാണെന്നും ജനന സമയത്ത് തന്നെ കുട്ടികള്‍ക്ക് ശ്രവണ പരിശോധന നടത്താന്‍ എല്ലാം മാതാപിതാക്കളും തയ്യാറാകണമെന്നും മുന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരവും കോക്ലിയറിന്റെ ഗ്ലോബല്‍ ഹിയറിങ് അംബാസഡറുമായ ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു. നവജാത ശിശുക്കളില്‍ ശ്രവണ പരിശോധന നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രവണ ആരോഗ്യത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കേള്‍വി ശേഷി കുറയുന്നത് ആഗോള ആരോഗ്യ പ്രശ്‌നമായി മാറുകയാണ്. ശബ്ദങ്ങളുടെ മാധുര്യം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ശ്രവണ ശേഷി കുറയുന്നതിന്റെ ചെറിയ സൂചനകള്‍ പോലും മാതാപിതാക്കളും കുടുംബാംഗങ്ങളും അവഗണിക്കരുത്. ആസ്‌ത്രേലിയ ഉള്‍പ്പെടെയുള്ള പല വികസിത രാഷ്ട്രങ്ങളിലും എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വിശേഷി പരിശോധന നടത്താറുണ്ട്. കോക്ലിയര്‍ ഇംപ്ലാന്റ് ഒരു വ്യക്തിയെ നിശബ്ദതയില്‍ നിന്നു ശബ്ദത്തിലേക്കു കൊണ്ടുപോകുന്നതെങ്ങനെയെന്നതിന് താന്‍ വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. 'എല്ലാ കുഞ്ഞുങ്ങളേയും ജനന സമയത്തു തന്നെ ശ്രവണ പരിശോധനയ്ക്കു വിധേയരാക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. ഭാരതത്തില്‍ 50 ലക്ഷത്തിലേറെ പേര്‍ ഏതെങ്കിലും വിധത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ആഗോള തലത്തില്‍ ഏതാണ്ട് അഞ്ചു ശതമാനം പേരാണ് ശ്രവണ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. ഇവരില്‍ പലര്‍ക്കും ഇന്നു ലഭ്യമായ ആധുനിക ചികില്‍സാ സംവിധാനങ്ങളെക്കുറിച്ച് അറിവില്ലെന്നും ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി. ശ്രവണ വൈകല്യമുള്ള ഒരു ലക്ഷത്തിലേറെ പേരാണ് കേരളത്തിലുള്ളതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗം തലവന്‍ ഡോ. പി. മുരളീധരന്‍ നമ്പൂതിരി പറഞ്ഞു. നവജാത ശിശുക്കളില്‍ പരിശോധന നടത്തുന്നത് ശ്രവണപ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും വേഗത്തിലുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പീഡിയാട്രിക്‌സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി.പി. അഷറഫ്, മെഡിക്കല്‍ കോളേജ് സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പാത്തോളജി വിഭാഗം തലവന്‍ സമീര്‍ പൂത്തേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.