കടലാമകള്‍ക്ക് പുതുജീവന്‍ നല്‍കി സന്നദ്ധസംഘടന

Saturday 11 March 2017 9:24 pm IST

 

അര്‍ത്തുങ്കല്‍ തീരത്ത് വിരിയിച്ച കടലാമ കുഞ്ഞുങ്ങള്‍

ചേര്‍ത്തല: കടലാമയ്ക്ക് പുതുജീവന്‍ നല്‍കി സന്നദ്ധസംഘടന. അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്‍ഡിങ് കേന്ദ്രത്തിന് സമീപം കരയ്ക്കടിഞ്ഞ കടലാമയുടെ മുട്ടകള്‍ പരിരക്ഷിച്ച് കുഞ്ഞുങ്ങളെ കടലില്‍ ഒഴുക്കിയാണ് പ്രവര്‍ത്തകര്‍ അതിജീവനത്തിന് വഴി തെളിച്ചത്. മൂന്നുമാസം മുമ്പാണ് തീരത്ത് കടലാമയടിഞ്ഞത്.
തുടര്‍ന്ന് സമീപവാസി ഗ്രീന്റൂട്ട്സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുട്ടകളുടെ സംരക്ഷണം ഇവര്‍ ഏറ്റെടുത്തു. മുട്ടകള്‍ അടങ്ങിയ കൂടിന് ചുറ്റും മരത്തിന്റെ കമ്പുകള്‍ കുത്തി സംരക്ഷണവേലി നിര്‍മിക്കുകയും വലയിട്ട് മറ്റ് മൃഗങ്ങളുടെ ഉപദ്രവം തടയുകയും ചെയ്തു. തോട്ടപ്പള്ളി മേഖലയില്‍ കടലാമ മുട്ടയിടുന്നത് പതിവാണെങ്കിലും മറ്റ് മേഖലകളില്‍ ഇതാദ്യമായാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. യന്ത്രവല്‍കൃത ബോട്ടുകളുടെ വലയിലും എന്‍ജിനിലും പെട്ട് കടലാമ ചാകുന്നതിനാല്‍ വംശനാശ ഭീഷണി നേരിടുകയാണ്. സപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പ്രജനനകാലം. മുട്ട വിരിയാന്‍ 45 മുതല്‍ 60 ദിവസമാണ് വേണ്ടത്.
അര്‍ത്തുങ്കലിലെ മുട്ടകള്‍ 52-ാം ദിവസം വിരിഞ്ഞതായും അവര്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വനംവകുപ്പിന്റെ സംരക്ഷിത വിഭാഗത്തില്‍പെടുന്നതാണ് കടലാമ. കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഹെര്‍ബിന്‍ പീറ്റര്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.