എവിടെ ഇടതുപക്ഷം?

Tuesday 13 June 2017 10:28 pm IST

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം മുഖ്യമായും നിര്‍ണ്ണയിച്ചത് അതതു സംസ്ഥാനങ്ങളിലെ സവിശേഷ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ രൂക്ഷമായ പ്രതികരണവും ശാക്തിക ബലാബലത്തിലെ പ്രത്യേകതകളുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ വിജയമായി തെരഞ്ഞെടുപ്പുഫലത്തെ വിലയിരുത്താനാവില്ല. അതേസമയം, ദേശീയരാഷ്ട്രീയത്തെപ്പോലും നിയന്ത്രിച്ചുപോന്ന യുപിയില്‍ ബിജെപിപോലും പ്രതീക്ഷിക്കാത്ത വന്‍വിജയം ഉണ്ടായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബിജെപി കടപ്പെട്ടിരിക്കുന്നു. ഈ വന്‍ വിജയം മുമ്പ് ചില ഘട്ടങ്ങളില്‍ ഉണ്ടായതുപോലെ ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറ്റുന്നതിന് വഴിതുറക്കും. ബിജെപിക്ക് ലോക്സഭയില്‍ 282 സീറ്റു നല്‍കിയതില്‍ 71 സീറ്റും യുപിയില്‍നിന്നായിരുന്നു. ഇപ്പോള്‍ ഏതാണ്ട് നാലില്‍ മൂന്നുഭാഗം സീറ്റുകളും യുപിയില്‍ ബിജെപി പിടിച്ചെടുത്തിരിക്കുന്നു. ഇത് രാജ്യസഭയിലെ പിന്‍ബലം കൂട്ടാന്‍ മാത്രമല്ല, സ്വന്തം സ്ഥാനാര്‍ത്ഥിയെ അടുത്ത രാഷ്ട്രപതിയായി വിജയിപ്പിച്ചെടുക്കുന്നതിനും, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുകയും ചെയ്യും. യുപി- ഉത്തരാഖണ്ഡ് ഭരണം പിടിച്ചെടുത്തതുപോലെ പ്രധാനമാണ് ഗോവയിലെ ബിജെപി ഭരണവും, പഞ്ചാബിലെ ബിജെപി-അകാലിദള്‍ മുന്നണി ഭരണവും ജനങ്ങള്‍ താഴെയിറക്കിയത്. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ തോല്‍വി ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി റാവത്തിന്റെ പരാജയത്തിന് സമാനമാണ്. മണിപ്പൂരും പിടിച്ചെടുക്കാനായില്ലല്ലോ. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ആഗോള ഇടതുബദല്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ജനങ്ങളിലിറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിശ്വാസം ആര്‍ജ്ജിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നവ ഉദാരീകരണ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണം കൈകാര്യം ചെയ്തുവന്ന കോണ്‍ഗ്രസിനെയും അതിന്റെ അഴിമതിയെയും ദുര്‍ഭരണത്തെയും വെല്ലുവിളിച്ച ബിജെപിയെയും മാറിമാറി വരിക്കുകയല്ലാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ ജനങ്ങള്‍ക്കു വേറെ പോംവഴിയില്ല. പ്രത്യയശാസ്ത്രപരമായ ബദല്‍ അല്ലെങ്കില്‍പോലും അഴിമതിക്കെതിരായ പോരാട്ടവും ജനാധിപത്യപരമായ സുതാര്യതയുമായി പുതിയ പരീക്ഷണം നടത്തി ദല്‍ഹിയില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തള്ളി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നു. ചുരുങ്ങിയ സമയംകൊണ്ട് പഞ്ചാബില്‍ അകാലി-ബിജെപി മുന്നണിയെ പിന്തള്ളി രണ്ടാംസ്ഥാനത്തെത്തി. ആം ആദ്മി പ്രതിഭാസം മുഖ്യധാരാ പാര്‍ട്ടികള്‍ തീര്‍ച്ചയായും പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്വാതന്ത്ര്യ സമരഘട്ടത്തില്‍ കോണ്‍ഗ്രസിന് വഴിതെളിച്ച ഇന്ത്യന്‍ ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. യുപിയിലെ ത്രികോണ മത്സരമാണ് ബിഹാറില്‍നിന്നു ഭിന്നമായി ബിജെപിയെ ചരിത്രവിജയത്തിലേക്ക് എത്തിച്ചത്. പ്രാദേശിക ജാതിപാര്‍ട്ടികളായ ബിഎസ്പിയും എസ്പിയും മാറിമാറി ഭരിച്ചേടത്ത് അവരെ നിലംപരിശാക്കി ബിജെപിക്ക് മുന്നേറാനായി. മതരാഷ്ട്രീയ ധ്രുവീകരണം ജാതിരാഷ്ട്രീയത്തെ വിഴുങ്ങുന്നതും വര്‍ഗരാഷ്ട്രീയത്തിനു മാത്രം അതിജീവിക്കാന്‍ കഴിയുന്നതുമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വിജയിച്ചുപോന്ന മണ്ഡലങ്ങള്‍പോലും എസ്പിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. കുടുംബവാഴ്ചയുടെ തുടര്‍ച്ചയും അതിലെ തമ്മിലടിയും അധികമൊന്നും ജനങ്ങള്‍ സഹിക്കില്ലെന്നതിന്റെ സന്ദേശം കോണ്‍ഗ്രസിനും മുലായംസിങ്ങിനും അഖിലേഷ് യാദവിനും യുപി നല്‍കുന്നു. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനംചെയ്ത സിപിഎം കേന്ദ്രകമ്മറ്റി കുറ്റബോധത്തോടെ ഏറ്റുപറഞ്ഞ ഒരു കാര്യം ഇവിടെ ഓര്‍ക്കുന്നു: കൊച്ചു ത്രിപുരയിലൊഴികെ രാജ്യത്താകെ പാര്‍ട്ടിയുടെ വോട്ടുവിഹിതം കുറഞ്ഞുവരികയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലെ വോട്ടുവിഹിതത്തില്‍ തുടര്‍ച്ചയായി ഈ പ്രവണത കാണാം. പശ്ചിമബംഗാളിലെ തിരിച്ചടിയോടെ അതിപ്പോള്‍ തുറിച്ചുനോക്കുകയാണ്. ഇത് മൊത്തം ഇടതുപക്ഷത്തിന്റെ അവസ്ഥയായാണ് വന്നത്. അതിന്റെ തുടര്‍ച്ചയാണല്ലോ രാജ്യത്തിന്റെ ഹൃദയഭാഗത്ത് യുപിയടക്കം നടന്ന ഈ തെരഞ്ഞെടുപ്പുകളില്‍ നോക്കുകുത്തിയായിപ്പോലും ഇടതുപാര്‍ട്ടികളെ കാണാതിരുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ജന്മം നല്‍കിയ കാണ്‍പൂരും, ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുംവരെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി എംപി പ്രതിനിധീകരിച്ച അയോധ്യയും ഉള്‍ക്കൊള്ളുന്ന യുപിയില്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുപോകട്ടെ പ്രചാരണം നടത്താന്‍പോലും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയാതെപോയി. കോണ്‍ഗ്രസും ബിജെപിയും അധികാരത്തില്‍ വരുന്നത് തടയുന്നതിന് ഇടതുപക്ഷ - ജനാധിപത്യ- മതനിരപേക്ഷ മുന്നണിക്കു നേതൃത്വം കൊടുക്കുക എന്നതായിരുന്നു ഇടതുപാര്‍ട്ടികള്‍ മുന്നോട്ടുവച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായ ഇടത്- ജനാധിപത്യ മുന്നണിയാണ് യഥാര്‍ത്ഥ ബദലെന്ന് സിപിഎം തീരുമാനിച്ചു. തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി മാത്രമല്ലാതെ എല്ലാ പൊരുതുന്ന ശക്തികളുടേയും മുന്നണിയായി അതിനെ വളര്‍ത്തണമെന്നും തീരുമാനിച്ചു. അതിനായി പാര്‍ട്ടിയെ ആദ്യം ശക്തിപ്പെടുത്തുക, വര്‍ഗ-ബഹുജന സംഘടനകളിലേക്കും ജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് വര്‍ഗീയതയുടെ പുതിയ വെല്ലുവിളികളെയും ജനങ്ങളെ തകര്‍ക്കുന്ന നവ ഉദാരീകരണ നയങ്ങളെയും ഒരുപോലെ പരാജയപ്പെടുത്തുക. ഈ തീരുമാനമെടുത്ത് വിശാഖപട്ടണത്തുനിന്ന് സിപിഎം പിരിഞ്ഞിട്ട് രണ്ടുവര്‍ഷം തികയാന്‍പോകുന്നു. മുപ്പതുകളുടെ അന്ത്യപാതിയിലും നാല്‍പതുകളിലും പാവപ്പെട്ടവരും പിന്നാക്കക്കാരും ദുര്‍ബലരുമായ ആദിവാസികളും ദളിതരും ഉള്‍പ്പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഓടിയെത്തിയിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ജയിലറകളും തൂക്കുകയറും വെല്ലുവിളിച്ച് വ്യവസ്ഥിതി മാറ്റിയെടുക്കാന്‍വേണ്ടി പോരാടിയവര്‍. ഇന്നവര്‍ ഇന്ത്യയിലാകെ നോക്കിയാല്‍ ജനങ്ങള്‍ക്കിടയിലെ അപൂര്‍വ്വ പ്രതിഭാസമാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലത്തിലേക്ക് കേരളത്തില്‍നിന്ന് നോക്കുമ്പോള്‍ ഓര്‍മ്മവരുന്നത് എം.എന്‍ വിജയന്‍മാസ്റ്ററുടെ വാക്കുകളാണ്: പാര്‍ട്ടിയുണ്ടാകും ജനങ്ങളുണ്ടാകില്ല. ഇത് വസ്തുതാവിരുദ്ധമല്ലേയെന്ന് കേരളത്തിലെ ഇടതുഭരണം ചൂണ്ടി ചോദിച്ചേക്കാം. സ്വന്തം മാനവും ജീവനും സുരക്ഷയും ആക്രമിക്കപ്പെട്ട് കേരളത്തിലടക്കം രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഭയത്തില്‍ ജീവിക്കുമ്പോള്‍ അവിടെ ഇടതുപാര്‍ട്ടി പ്രവര്‍ത്തകരെ കാണുന്നില്ലെന്നാണ് പാര്‍ട്ടിരേഖകള്‍തന്നെ പറയുന്നത്. ത്രിപുരയില്‍ തുടരുന്ന, കേരളത്തില്‍ ഒരുവര്‍ഷം പിന്നിടുന്ന ഇടതുഭരണം രാജ്യത്തെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലെന്നതുമാണ് ഇന്നത്തെ അവസ്ഥ. വലതുപക്ഷ തീവ്രവാദം ലോകത്താകെ മുരളുമ്പോഴും അതിനെ നേരിടാനുള്ള ആശയങ്ങളും കൂട്ടായ്മയും വ്യവസ്ഥിതി മാറ്റുമെന്നുള്ള പ്രതീക്ഷയും പകരാന്‍ ആഗോളതലത്തില്‍ ഇടതുപക്ഷ ആശയമേയുള്ളൂ. അത് പ്രയോഗത്തില്‍ വരുത്തുന്നതില്‍ ഇവിടെ ഇടതുപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടിട്ടുണ്ട്. തീവ്ര വലതുപക്ഷത്തേയും നവ ഉദാരീകരണ നയങ്ങളെയും നേരിട്ട് ജനങ്ങളെ രക്ഷിക്കാന്‍ ഇടതുപക്ഷം ഇന്ത്യയില്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും. (മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.