ജനവിധി 2017

Tuesday 13 June 2017 10:00 pm IST

മുസ്ലിം സമുദായവും ബിജെപിക്ക് ഒപ്പംനിന്നു: ശ്രീകുമാരന്‍തമ്പി ബിജെപി മുസ്ലിങ്ങള്‍ക്കെതിരാണെന്ന പ്രചാരണത്തെ യുപിയിലെ മുസ്ലിങ്ങള്‍ തള്ളി. എല്ലാ തരത്തിലുമുള്ള പ്രചാരണങ്ങളെയും അവഗണിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്തു. അതില്‍ മുസ്ലിങ്ങളുമുണ്ട്. ഈ വിജയം നരേന്ദ്രമോദിയുടെ ഭരണത്തിനുള്ള അംഗീകാരമാണ്. താന്‍ കക്ഷിരാഷ്ട്രീയത്തിന് അനുകൂലമായി നില്‍ക്കുന്നയാളല്ല. എങ്കിലും ഇന്ത്യ കണ്ടിട്ടുള്ള സമര്‍ഥനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ഭരണവും പരിഷ്‌കാരങ്ങളും വിദേശനയവുമെല്ലാം ഭാരതത്തിന് ഏറ്റവും ഗുണകരമാണ്. എതിര്‍ക്കുന്നവര്‍പോലും അത് അംഗീകരിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ ഇനിയെങ്കിലും തിരിച്ചറിയണം. അദ്ദേഹത്തിന് നയിക്കാനുള്ള കഴിവില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ഇന്ത്യയുടെ എല്ലാ പരാജയങ്ങള്‍ക്കും കാരണം നെഹ്‌റു കുടുംബമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയതും അവരാണ്. നെഹ്‌റു മുതല്‍ രാഹുല്‍ വരെയുള്ളവര്‍ ഇന്ത്യയ്ക്ക് ഗുണമൊന്നും ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് മറ്റാരും വരാന്‍ അവര്‍ അനുവദിക്കുകയുമില്ല. സുഭാഷ്ചന്ദ്രബോസിനെയും വല്ലഭഭായ് പട്ടേലിനെയുമെല്ലാം അവര്‍ വളരാന്‍ അനുവദിച്ചിട്ടില്ല. നെഹ്‌റുവിന്റെ അധികാരമോഹമാണ് ഇന്ത്യയെ വെട്ടിമുറിക്കാന്‍തന്നെ കാരണമായത്. കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികളില്‍ നിന്നുള്ള മാറ്റം ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ശക്തനും ധൈര്യശാലിയുമായ ഒരു ഭരണാധികാരിയാണെന്ന് നരേന്ദ്രമോദി തെളിയിച്ചു. അഴിമതിരഹിത, വികസനത്തിലൂന്നിയ ഭരണമാണദ്ദേഹത്തിന്റെത്. ഇപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തെ അംഗീകരിച്ചിരിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ രാഷ്ട്രീയവിജയമാണ്. കേന്ദ്ര സര്‍ക്കാരിനെ ശക്തിപ്പെടുത്തും: പി.വത്സല കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ ശക്തിപ്പെടുത്തുന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് വിജയം. നോട്ടുനിരോധനം വിപരീത ഫലമുണ്ടാക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നോട്ടുനിരോധനമുള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുകയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നോട്ടു നിരോധനത്തിന്റെ സദ്ഫലമാണ് തെരഞ്ഞെടുപ്പ് വിജയം. കുപ്രചാരണങ്ങള്‍ക്ക് മറുപടി: മേജര്‍ രവി നോട്ടുനിരോധനത്തിന്റെ പേരില്‍ ഒരുപറ്റം രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്നു നടത്തിയ കുപ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ബിജെപിക്കനുകൂലമായ ജനവിധി. നോട്ടുനിരോധനം ഗുണമാണെന്ന് സാധാരണക്കാരായ ജനങ്ങള്‍ തിരിച്ചറിഞ്ഞു. കള്ളപ്പണക്കാര്‍ക്ക് അടികൊടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം കൊണ്ടുവന്നത്. രാഹുല്‍ ഗാന്ധിയുടെ കോമാളിത്തരങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. നാലായിരം രൂപ എടിഎമ്മില്‍ നിന്നെടുക്കാന്‍ എസ്പിജി സംരക്ഷണയില്‍ ക്യൂ നില്‍ക്കുകവരെ ചെയ്ത കോമാളിത്തം ജനങ്ങളില്‍ കോണ്‍ഗ്രസിനോട് വെറുപ്പുവളര്‍ത്തി. മതത്തിന്റെ പേരില്‍ ബിജെപിക്കെതിരായി വികാരം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ബിജെപി അധികാരത്തിലെത്തിയാല്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലെന്നായിരുന്നു പ്രചാരണം. മുസ്ലിങ്ങള്‍ ഏറ്റവും കൂടുതലുള്ള യുപിയില്‍ പോലും ആ പ്രചാരണം വിജയിച്ചില്ല. ജാതിക്കും മതത്തിനും അതീതമായി നരേന്ദ്ര മോദിയുടെ ഭരണത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്തത്. യുപിയിലെ ജനങ്ങള്‍ക്കുവേണ്ടത് വികസനമാണ്. സംശുദ്ധ ഭരണമാണ്. ജീവിതത്തിന് സുരക്ഷിതത്വമുണ്ടാകണം. നല്ല വിദ്യാഭ്യാസം ലഭിക്കണം. അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. തൊഴില്‍ അവസരങ്ങള്‍ കൂടുതലായി ഉണ്ടാകണം. ഇതെല്ലാം സൃഷ്ടിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയും. വാരാണസി അതിനുദാഹരണമാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍കൊണ്ട് വാരാണസിയില്‍ വന്‍വികസനമാണ് ഉണ്ടായത്. യുപി മുഴുവന്‍ ഇനി അത് പ്രതിഫലിക്കും. അപ്രതീക്ഷിതം: ഡോ. എം.എന്‍. കാരശ്ശേരി യുപിയിലെ ബിജെപി തെരഞ്ഞെടുപ്പ് വിജയം അപ്രതീക്ഷിതമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്ക് ഇത്രയധികം പിന്തുണ ലഭിച്ചു എന്നത് അമ്പരപ്പിക്കുന്നതാണ്. രാഹുല്‍ഗാന്ധിയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് മുന്നണിയിലുള്ളവര്‍ക്ക് മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. സമാജ് വാദി പാര്‍ട്ടി-കോണ്‍ഗ്രസ് അച്ചുതണ്ടിന് കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. നട്ടെല്ലുള്ള ഭരണാധികാരിയെ സ്വീകരിച്ചു: സൂര്യകൃഷ്ണമൂര്‍ത്തി നോട്ടുപിന്‍വലിക്കലിനെയും നട്ടെല്ലുള്ള ഭരണാധികാരിയെയും രണ്ടുകയ്യും നീട്ടി ജനം സ്വീകരിച്ചെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം. നോട്ടുപിന്‍വലിക്കലിന് കേരളത്തില്‍ വലിയ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്. അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന് ജനം തെളിയിച്ചു. കാരണം അതിന്റെ ഉദ്ദ്യേശ്യശുദ്ധി നല്ലതാണെന്ന് ജനം മനസ്സിലാക്കി. പ്രധാനമന്ത്രി മോദിക്ക് ബലമുള്ള നട്ടെല്ലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നോട്ടുപിന്‍വലിക്കാനുള്ള തീരുമാനം. എത്രയോ മാസത്തെ തയ്യാറെടുപ്പുകളോടെ സൂക്ഷ്മമായി ചെയ്യേണ്ട കാര്യം അദ്ദേഹം അതീവരഹസ്യമായി പൂര്‍ത്തീകരിച്ചു. പലരും എതിര്‍ത്തപ്പോഴും വ്യക്തിപരമായി എനിക്ക് നല്ല തീരുമാനമായാണ് അനുഭവപ്പെട്ടത്. രാജ്യത്ത് വലിയ മാറ്റത്തിനുവേണ്ടിയുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. അന്ധമായ മോദിവിരോധം പുലര്‍ത്തുന്നത് തെറ്റാണ്. ജനാധിപത്യപരമായി ജനങ്ങളുടെ ഭൂരിപക്ഷം ലഭിച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം. ജനവിധി നല്‍കി അംഗീകരിച്ച പ്രധാനമന്ത്രിയെ അകാരണമായി എതിര്‍ക്കുന്നത് ജനാധിപത്യധ്വംസനമാണ്. അതാണ് അസഹിഷ്ണുത. മോദി അഴിമതിക്കാരനല്ല. നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നാടെന്നല്ലാതെ മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. അതിനാല്‍ ഈ ജയത്തില്‍ അതിശയപ്പെടേണ്ടതില്ല. ബിജെപി പാക്കിസ്ഥാനിലും ജയിക്കും: ചേതന്‍ ഭഗത് യുപിയിലെ തകര്‍പ്പന്‍ വിജയം ട്വിറ്ററിലും ആഘോഷമായി. പലരും വിജയത്തെ പ്രകീര്‍ത്തിച്ചപ്പോള്‍ ചിലരുടെ ട്വീറ്റുകള്‍ വ്യത്യസ്തതയുള്ളവയായി. ബിജെപി പാക്കിസ്ഥാനിലും ജയിക്കുമെന്നായിരുന്നു ഒരു ട്വീറ്റ്. യുപിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയാണ് നേടിയത്. ഈ റണ്‍ റേറ്റില്‍ പോയാല്‍ ബിജെപി പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പിലും ജയിക്കും.ലോകപ്രശസ്ത നോവലിസ്റ്റ് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു. മോദി യുപിയില്‍ ഒരു ഇന്നിങ്‌സിനാണ് ജയിച്ചതെന്നായിരുന്നു ആയാസ് മേമന്റെ ട്വീറ്റ്. പ്രീണന രാഷ്ട്രീയം കഴിഞ്ഞു: ആദിത്യനാഥ് യുപി ജനത പ്രീണനരാഷ്ട്രീയത്തെ കൈയൊഴിഞ്ഞുവെന്നായിരുന്നു ബിജെപി എംപി യോഗി ആദിത്യനാഥിന്റെ പ്രതികരണം. സബ്കാ സാഥ്, സബ്ക വികാസ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജയങ്ങള്‍ സ്വീകരിച്ചു, അദ്ദേഹം പറഞ്ഞു. അമരീന്ദറിന് ഇത് ജന്മദിന സമ്മാനം പഞ്ചാബിലെ പാട്യാലയില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ക്യാപ്ടന്‍ അമരീന്ദര്‍ സിങ്ങിന് ഇത് ജന്മദിന സമ്മാനം. കോണ്‍ഗ്രസ് പത്തു വര്‍ഷത്തിനു ശേഷം ഭരണം തിരികെപ്പിടിച്ചത് നല്ല ഭൂരിപക്ഷത്തിനാണ്. അമരീന്ദര്‍ അകാലി ദളിലെ ജനറല്‍ (റിട്ട) ജെ.ജെ. സിങ്ങിനെ തോല്‍പ്പിച്ചത് 52,375 വോട്ടുകള്‍ക്കാണ്. സ്വന്തം ജയവും പാര്‍ട്ടിയുടെ ജയവും ലഭിച്ചത് അമരീന്ദറിന്റെ 75-ാം ജന്മദിനത്തിലാണ്. ഹരീഷ് റാവത്തിന് ഇരട്ടത്തോല്‍വി ഉത്തരാഖണ്ഡ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചടക്കിയപ്പോള്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ഇരട്ടത്തോല്‍വി. മല്‍സരിച്ച രണ്ടു മണഡലങ്ങളിലും റാവത്ത് തോറ്റു. ഹരിദ്വാര്‍, കിച്ച മണ്ഡലങ്ങളിലാണ് റാവത്ത് മല്‍സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹരിദ്വാര്‍ മണ്ഡലത്തില്‍ നിന്നാണ് റാവത്ത് ജയിച്ചത്. മോദിയെ നേരിടാന്‍ ഒരു നേതാവുമില്ല: ഒമര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ തക്ക കഴിവുള്ള ഒരു നേതാവും ഇന്ത്യയിലില്ലെന്ന് തുറന്നുസമ്മതിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ പ്രതിപക്ഷ നേതാവുമായ ഒമര്‍ അബ്ദുള്ള. 2019ലെ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ കഴിവുള്ള, ഇന്ത്യയൊട്ടാകെ സ്വീകാര്യതയുള്ള ഒരു നേതാവും ഇല്ല. നമുക്ക് 2019 മറക്കാം. 2024 ലെ തെരഞ്ഞെടുപ്പ് നേരിടാനുള്ള ആസൂത്രണം തുടങ്ങാം, ഒമര്‍ പറഞ്ഞു. രാഹുലിന് രാജിവയ്ക്കാനാവില്ല: ദ്വിഗ്‌വിജയ് സിങ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിവയ്ക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ്‌സിങ്. നെഹ്‌റു, ഗാന്ധി ഘടകമാണ് പാര്‍ട്ടിയെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതില്‍ പ്രധാനം. അതിനാല്‍ രാഹുലിന് രാജിവയ്ക്കാനാവില്ല, സിങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.