തണ്ടൊടിഞ്ഞില്ല പൂത്തുലയുന്നു, താമരക്കാട്

Tuesday 13 June 2017 8:32 pm IST

ന്യൂദല്‍ഹി: പഞ്ചമഹായുദ്ധം എന്നു വിശേഷിപ്പിച്ച വിധിയെഴുത്തിന്റെ ഫലം വന്നു. താമരയുടെ തണ്ടൊടിയുമെന്ന് കൊണ്ടാടിയവര്‍ക്ക് തെറ്റി. തണ്ടൊടിഞ്ഞില്ല, പകരം ഇന്ത്യയുടെ ഹൃദയത്തില്‍ ഒരു താമരക്കാട് പൂത്തലഞ്ഞു. ഫലസൂചനകള്‍ പുറത്തുവന്നതോടെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത് ഇങ്ങനെ. ഇതാണ് തരംഗമെങ്കില്‍ 2019നെ നമുക്ക് മറക്കാം. 2024ന് വേണ്ടി ശ്രമിക്കാം, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് ഒമര്‍ ഉറപ്പിക്കുന്നു. 2014ല്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ജനപ്രീതിയില്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിജയമാണ് രാജ്യത്തെ കാവിതരംഗത്തിന്റെ സൂചനകള്‍ നല്‍കിയത്. 2014ല്‍ 282 സീറ്റുകളുടെ ഉജ്ജ്വല വിജയമാണ് ബിജെപി നേടിയത്. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളിലും വിജയം അതേപടി ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിക്കുന്നു എന്നതാണ് ശ്രദ്ധേയം. വടക്ക് ജമ്മു കശ്മീര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെയും പടിഞ്ഞാറ് കച്ച് മുതല്‍ കിഴക്ക് അരുണാചല്‍ പ്രദേശ് വരെയും വിജയം കൈപ്പിടിയിലൊതുക്കാന്‍ ബിജെപിക്ക് സാധിച്ചു. ഗംഗാതീരത്തെ പാര്‍ട്ടിയെന്ന് ഒരുകാലത്ത് വിശേഷിക്കപ്പെട്ട ബിജെപി ഇന്ന് ആസേതുഹിമാചലം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ രാഷ്ട്രീയമുന്നേറ്റമായി രൂപാന്തരപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കിയ സ്ഥാനം ബിജെപിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയം അടിവരയിടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചതാണ് ബിജെപിക്ക് ഏറെ നേട്ടമായത്. ജമ്മു മേഖലയില്‍ 24 സീറ്റുകള്‍ നേടിയ ബിജെപിക്കൊപ്പം കശ്മീര്‍ വാലിയില്‍ വിജയിച്ച പിഡിപി കൂടി ചേര്‍ന്നതോടെ ജമ്മുകശ്മീരിലെ ആദ്യ ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായി. ബിജെപി നേതാവ് നിര്‍മ്മല്‍സിങ് ഉപമുഖ്യമന്ത്രിയുമായി. ജമ്മുകശ്മീരിലെ കോണ്‍ഗ്രസിന്റെ സാന്നിധ്യം നാമമാത്രമായി ചുരുങ്ങിയതും അവിടെക്കണ്ടു. ആദ്യമായി ഹരിയാനയില്‍ ബിജെപി അധികാരത്തിലേറുന്ന കാഴ്ചയും 2014ല്‍ കണ്ടു. ആകെയുള്ള 90 സീറ്റുകളില്‍ 47 ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറി. കോണ്‍ഗ്രസ് മൂന്നാമതായി. ഹരിയാനയിലെ മുതിര്‍ന്ന നേതാവ് മനോഹര്‍ലാല്‍ കട്ടാര്‍ മുഖ്യമന്ത്രി പദത്തിലെത്തി. ഝാര്‍ഖണ്ഡില്‍ 81 മണ്ഡലങ്ങളില്‍ 37ല്‍ വിജയിച്ച് ബിജെപി നേതാവ് രഘുവര്‍ദാസ് മുഖ്യമന്ത്രി പദത്തിലെത്തിയതും ശ്രദ്ധേയമായി. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയെയും കോണ്‍ഗ്രസിനെയും ഏറെ പിന്നിലാക്കി. കോണ്‍ഗ്രസ് ഇവിടെ വെറും ആറ് സീറ്റിലൊതുങ്ങി. ആസാമില്‍ ആദ്യമായി താമര വിരിയുന്നതിന് 2016 സാക്ഷ്യം വഹിച്ചു. കേന്ദ്രമന്ത്രിയും ആസാമിലെ വിദ്യാര്‍ത്ഥിപ്പോരാട്ടങ്ങളുടെ നായകനുമായ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ 60 സീറ്റുകള്‍ നേടി ബിജെപി കരുത്തുകാട്ടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്ത് 14 സീറ്റുകളിലും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റുകളിലും വിജയിച്ചതോടെ 126 അംഗ നിയമസഭയില്‍ 86 സീറ്റുകളുമായി എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സോനോവാള്‍ ഉയരുകയും ചെയ്തു. ഭരണത്തിലിരുന്ന കോണ്‍ഗ്രസ് ഇവിടെ വെറും 26 സീറ്റുകളില്‍ ഒതുങ്ങി. കേരള, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രകടനം കാഴ്ച വെച്ചു ബിജെപി.കേരളത്തില്‍ 16ശതമാനം വോട്ടോടെയാണ് ബിജെപി ശക്തി പ്രകടിപ്പിച്ചത്. അരുണാചല്‍ പ്രദേശിലും ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം ബിജെപി സ്വാധീനം വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. '2024ല്‍ ഇനി നോക്കാം' എന്ന ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റിന് താഴെ അപ്പോഴേക്കും കശ്മീരില്‍ ഞങ്ങള്‍ തിരിച്ചെത്തി ഭൂരിപക്ഷമാകുമെന്ന ഒരു കശ്മീരി പണ്ഡിറ്റ് യുവാവിന്റെ മറുപടിക്ക് അര്‍ഥങ്ങളേറെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.