കാട്ടാനയുടെ അക്രമത്തില്‍ യുവാവ് മരിച്ചു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Saturday 11 March 2017 10:37 pm IST

കോങ്ങാട്: മുണ്ടൂര്‍ കയറംകോട്ടില്‍ റബ്ബര്‍ ടാപ്പിംഗിനിടെ കാട്ടാനയുടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിച്ചു. കയറംകോട് ഞാറക്കോട്ട് നൊച്ചുപ്പുള്ളികാരക്കാട്ടില്‍ വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ സോളിവര്‍ഗീസ് (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. വീടിനടുത്തുള്ളസ്വന്തം റബര്‍തോട്ടത്തില്‍ ടാപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ സോളിയെ കുത്തുകയും ചവിട്ടുകയും ചെയ്തു.സോളി സംഭവസ്ഥലത്തു തന്നെ മരിച്ചു. അയല്‍വാസി വിനോദാണ് വിവരം പോലീസിലും വനംവകുപ്പുജീവനക്കാരേയും അറിയിച്ചത്. പ്രദേശത്ത് കാട്ടാനശല്യം പതിവാണ്. ഇതിനിടെയാണ്കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെടുന്നത്. അടുത്തകാലത്തായി കാട്ടാന നാട്ടിലിറങ്ങുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.ആഴ്ച്ചകള്‍ക്കു മുമ്പാണ് ഇതേ സ്ഥലത്ത് ആനയിറങ്ങി റോഡ് മാര്‍ഗ്ഗം ചെറായവഴി കടമ്പഴിപ്പുറത്ത് എത്തിയത്. കടമ്പഴിപ്പുറത്ത് പാളമല കോളനിയിലെത്തിയ ആന ധാരാളം നാശനഷ്ടങ്ങള്‍ വരുത്തിയാണ് തിരിച്ച് കാടുകയറിയത്. മുണ്ടൂര്‍ ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കോടികള്‍ ചെലവിട്ട് വൈദ്യുത ലൈന്‍ സ്ഥാപിച്ചിട്ടും യാതൊരു ഫലവുമില്ല. വനത്തില്‍ വെള്ളം കിട്ടാത്തതിനാലാണ് ആനകള്‍നാട്ടില്‍ ഇറങ്ങുന്നതിന് പരിഹാരം കാണണമെന്നാവശ്യം ശക്തമാണ്. പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ചു. സര്‍ക്കാരില്‍നിന്നുള്ള അര്‍ഹമായ നഷ്ടപരിഹാരമുള്‍പ്പടെയുള്ളവ ലഭ്യമാക്കാന്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന ജില്ലാകളക്ടറുള്‍പ്പടെയുള്ളവരുടെ ഉറപ്പിന്‍മേലാണ് ഉപരോധം പിന്‍വലിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.