എല്ലാ കണ്ണുകളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക്

Tuesday 13 June 2017 5:38 pm IST

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഉജ്വലവിജയം അടുത്ത രാഷ്ട്രപതി ആരാവണമെന്ന് തീരുമാനിക്കാനുള്ള അധികാരവും ബിജെപിക്ക് നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അടുത്ത ജൂലായില്‍ സ്ഥാനമൊഴിയും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്ത് മന്ത്രിസഭ രൂപീകരിച്ചുകഴിഞ്ഞാല്‍ എല്ലാ ശ്രദ്ധയും രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കാവും. 543 അംഗ ലോക്‌സഭയില്‍ 281 അംഗങ്ങളുടെ വന്‍ഭൂരിപക്ഷം ഇപ്പോള്‍ തന്നെ ബിജെപിക്കുണ്ട്. എന്നാല്‍ സ്വന്തം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെ അംഗങ്ങളും, 29 സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളും ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍,ആസാം, അരുണാചല്‍ എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തിലുണ്ട്. ജമ്മുകശ്മീര്‍, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള മുന്നണി ഭരണമാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിട്ടില്ലെങ്കിലും ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ഒട്ടും പിന്നോട്ടുപോയിട്ടില്ല. ഇതിനൊപ്പമാണ് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചരിത്രവിജയത്തിലൂടെ ബിജെപിയുടെ അംഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റ് പാര്‍ട്ടികളെ കൂടുതല്‍ ആശ്രയിക്കുന്ന ആവശ്യം ബിജെപിക്ക് വരില്ല. പാര്‍ട്ടി ആഗ്രഹിക്കുന്നയാളെ രാഷ്ട്രപതിയാക്കാനാവും. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ വളരെവേഗം അംഗീകരിക്കുന്ന സാഹചര്യമുണ്ടാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റ് ഏതൊരു സംസ്ഥാനത്തെക്കാളും നിര്‍ണായകം ഉത്തര്‍പ്രദേശാണ്. യുപി നിയമസഭാംഗങ്ങളുടെ വോട്ടിനാവും ഏറ്റവും കൂടുതല്‍ മൂല്യം. ഇക്കാര്യത്തില്‍ 324 എന്നത് ആരും കൊതിക്കുന്ന മാന്ത്രിസംഖ്യ തന്നെയാണ്. എംഎല്‍എമാരുടെ എണ്ണത്തെ സംസ്ഥാനത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടിന്റെ മൂല്യം കണക്കാക്കുക. കൃത്യമായി പറഞ്ഞാല്‍ 2017 ജൂലായ് 25 നാണ് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുക. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഈ വര്‍ഷം ആഗസ്റ്റില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധിയും അവസാനിക്കും. രണ്ടാംവട്ട ഭരണകാലാവധിയാണ് അന്‍സാരി പൂര്‍ത്തിയാക്കുന്നത്. രാഷ്ട്രപതിയായി ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കുമ്പോള്‍ എന്‍ഡിഎയിലെ ഏതെങ്കിലും ഒരു ഘടകക്ഷിക്കാവും ഉപരാഷ്ട്രപതി സ്ഥാനം നല്‍കുക. 2002 ല്‍ ബിജെപിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ഭൈറോണ്‍ സിങ് ഷെഖാവത്ത് ഉപരാഷ്ട്രപതിയാവുകയുണ്ടായി. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ജിഎസ്ടി ബില്ലിന്റെ കാര്യത്തിലും സര്‍ക്കാരിന് ഗുണംചെയ്യുമെന്ന് ബിജെപി കരുതുന്നു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും വലിയ നിയമനിര്‍മാണമാണ് ജിഎസ്ടി. എന്നാല്‍ 2015 മുതല്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ നിസ്സഹകരണം മൂലം ഈ ബില്‍ നിയമമാക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് പരമാവധി എംപിമാരെ രാജ്യസഭയില്‍ എത്തിക്കുന്നതോടെ കോണ്‍ഗ്രസിനെ ആശ്രയിക്കാതെതന്നെ ജിഎസ്ടി പാസ്സാക്കിയെടുക്കാന്‍ ആവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.