സമ്പൂര്‍ണ്ണ ക്യാന്‍സര്‍ വിമുക്ത ജില്ലയാക്കാന്‍ പദ്ധതിയുമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം 18 ന്

Monday 13 March 2017 1:27 am IST

കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ്ണ ക്യാന്‍സര്‍ വിമുക്ത ജില്ലയാക്കുകയെന്ന ലക്ഷ്യവുമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഒരു ബൃഹത് പദ്ധതി 18ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പ്, ജില്ലാ പഞ്ചായത്ത്, മലബാര്‍ കാന്‍സര്‍ സെന്റര്‍, ജില്ലാ ഭരണകൂടം എന്നിവ യോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പേര്, സ്‌ളോഗന്‍, ലോഗോ എന്നിവ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. ക്യാന്‍സര്‍ രോഗം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്നത് വസ്തുതയാണെങ്കിലും 30 ശതമാനം ക്യാന്‍സറും നേരത്തെ കണ്ടെത്താവുന്നതും കൃത്യമായി ചികിത്സനടത്തിയാല്‍ രോഗത്തില്‍ നിന്നും മുക്തിനേടാവുന്നതുമാണ്. എന്നാല്‍ പലരും ക്യാന്‍സറിനെ മാരകവും മാറാരോഗവുമായി കണക്കാക്കി ചികിത്സതേടാന്‍ വിമുഖത കാണിക്കുന്നു. അതുകൊണ്ടു തന്നെ ക്യാന്‍സറിനെ നേരത്തെ കണ്ടെത്തുക പ്രതിരോധിക്കുക, ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ഏര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ ആരംഭിക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ചെയ്യുക. എല്ലാ ആഴ്ചയിലും ഒരു ദിവസം ഒരു എര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്ക് ജില്ലാ, താലൂക്ക്, ആശുപത്രികള്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഒരു സ്ഥിരം സംവിധാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കും. ഇതിനുവേണ്ടി എംസിസിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും സാങ്കേതിക സഹായവും നല്‍കും. ഇതിന്റെ തുടക്കമെന്ന നിലയില്‍ ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് എംസിസി പരിശീലനം നല്‍കിക്കഴിഞ്ഞു. ആശുപത്രിയില്‍ 80 ലക്ഷം രൂപ ചെലവഴിച്ച് ഏര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷനുവേണ്ടിയുള്ള മെഷീനും വാങ്ങിച്ചുകഴിഞ്ഞതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. രോഗത്തോടുള്ള ഭയവും ക്യാന്‍സര്‍ചികിത്സ വേദന നിറഞ്ഞതാണെന്നും ചികിത്സ തേടാന്‍ ഏറെ പണം ചെലവഴിക്കേണ്ടി വരുമെന്നുള്ള ചിന്തയുമാണ് ചികിത്സ തേടാന്‍ രോഗികളെ പിന്നോട്ടടുപ്പിക്കുന്നത്. എന്നാല്‍ സാധാരണക്കാരന് ക്യാന്‍സര്‍ ചികിത്സ സൗജന്യമായിത്തന്നെ ലഭ്യമാക്കുന്ന തരത്തിലുള്ള പല പദ്ധതികളും നിലവിലുണ്ട്. എംസിസിയുടെ നേതൃത്വത്തില്‍ തന്നെ നിരവധി രോഗികളെ സൗജന്യ ക്യാന്‍സര്‍ ചികിത്സ നല്‍കി രോഗത്തില്‍ നിന്നും വിമുക്തി നേടാന്‍ സഹായിച്ചിട്ടുണ്ട്. ചികിത്സ ഏറെ വേദനയുള്ളതാണെന്നതും തെറ്റാണ്. വേദനയില്ലാതെ ക്യാന്‍സര്‍ ചികിത്സ നടത്താനുള്ള പെയിന്‍ ഫ്രീ ഹോസ്പിറ്റല്‍ സംവിധാനവും നിലവിലുണ്ട്. മരണം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ അതിന് കാരണം വ്യക്തമാക്കുന്ന സംവിധാനം നിലവിലില്ലാത്തതിനാല്‍ ക്യാന്‍സര്‍ രോഗം മൂലം മരണപ്പെടുന്നവരുടെ കണക്ക് ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതു കൊണ്ടുതന്നെ ഇനി മുതല്‍ മരണ രജിസ്ട്രറില്‍ അതിന് കാരണംകൂടി വ്യക്തമാക്കാനുള്ള തീരുമാനമുണ്ടാകണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഓരോ മേഖലയിലും ഏതെല്ലാം ക്യാന്‍സറാണ് കൂടുതലായി കാണപ്പെടുന്നതെന്നും എവിടെയാണ് കൂടുതലായി ക്യാന്‍സര്‍ രോഗം കാണപ്പെടുന്നതെന്നുമുള്ള വിവരം ലഭിക്കുന്നതിനായി എംസിസി ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ഡോ സതീഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ സൈന, എഡിഎം ഗോപിനാഥ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.