ഭീമന്‍ കുട്ടകം അത്ഭുത കാഴ്ചയായി

Monday 13 March 2017 1:33 am IST

മരട്:   ഭീമന്‍ കുട്ടകം അത്ഭുത കാഴ്ചയായി.  ആനക്കുട്ടിയ്ക്കു  കുളിക്കാന്‍ പാകത്തിലുള്ള കുട്ടകം മരട് തിരുനാള്‍ സദ്യയ്ക്കുള്ള ചോറു തയാറാക്കാന്‍ എത്തിയതായിരുന്നു.  ആദ്യമായാണ് ഇത്രയും വലുപ്പമുള്ള കുട്ടളത്തില്‍ ചോറു തയാറാക്കുന്നതെന്ന് ഉടമസ്ഥന്‍ പൂണിത്തുറ ആര്യാസ് കാറ്ററിങ് ഉടമ ജി. സുബ്ബരായന്‍ പറഞ്ഞു. ആറായിരം പേര്‍ക്കുള്ള ചോറ് ഓരേ വേവില്‍ തയാറാക്കാന്‍ പാകത്തിലാണിതിന്റെ നിര്‍മിതി.  ആറു ചാക്ക് കുത്തരി. 
സുരേഖ, ജയ എന്നീ അരികളാണെങ്കില്‍ ഒന്‍പതു ചാക്കിടാനാകും. മോട്ടോറിന്റെ സഹായത്തോടെയാണ് കുട്ടളത്തിലേക്കു തിളപ്പിക്കാന്‍ വെള്ളം ഒഴിക്കുന്നതും കഞ്ഞിവെള്ളം ഊറ്റുന്നതും. 150 കിലോ അലൂമിനിയും ഉപയോഗിച്ച് ഒരു മാസത്തെ പ്രയത്‌നത്തില്‍ കിഴക്കമ്പലത്തെ അന്നാ അലൂമിനിയം കമ്പനിയാണിത് നിര്‍മിച്ചത്. ഏകദേശം അന്‍പതിനായിരത്തോളം രൂപ ചെലവായി. 15,000 പേര്‍ക്കുള്ള സാമ്പാര്‍ നിര്‍മിക്കാന്‍ പാകത്തിലുള്ള 'കുറ്റി കുട്ടള'വും ഒപ്പം തയാറാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഇന്നു പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉത്രം തിരുനാള്‍ സദ്യയ്ക്കും ഇതേ കുട്ടളത്തിലാണ് ചോറു തയാറാക്കുന്നത്.  വമ്പന്‍ സദ്യവട്ടങ്ങള്‍ ഒരുക്കുമ്പോഴത്തെ വിഷമം അനുഭവിച്ചതില്‍ നിന്നാണ് ഇത്തരം ആശയമെന്നു സുബ്ബരായന്‍ പറഞ്ഞു. 
ആദ്യ പരീക്ഷണം വിജയിച്ചെങ്കിലും ജോലി അല്പം കൂടി ആയാസരഹിതമാക്കാന്‍ കുട്ടകത്തില്‍ ഇനിയും മാറ്റങ്ങള്‍ വേണം. കഞ്ഞിവെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുന്നതിനു പകരം ടാപ്പു ഘടിപ്പിച്ച് ഊറ്റിക്കളയാനായാല്‍ ജോലി അല്‍പം കൂടി എളുപ്പമാകും. അഞ്ചു ബര്‍ണറുകളിലൂടെയാണ് തീ ക്രമീകരിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.