കൊച്ചി മെട്രോ : ആദ്യഘട്ട ഉദ്ഘാടനം ഏപ്രിലില്‍

Tuesday 13 June 2017 4:14 pm IST

കൊച്ചി: മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം ഏപ്രിലില്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ട സര്‍വീസ്. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്കു ശേഷം ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. ആദ്യഘട്ടം ആലുവ മുതല്‍ മഹാരാജാസ് കോളേജ് സ്റ്റേഡിയം വരെ വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ചയിലാണ് പാലാരിവട്ടം വരെയെന്ന തിരുമാനത്തിലെത്തിയത്. നാലുമാസം കൊണ്ട് മഹാരാജാസ്‌വരെ ട്രെയിന്‍ ഓടും. പാലാരിവട്ടം വരെ ഹൈസ്പീഡ് ട്രയല്‍ ഇന്ന് തുടങ്ങും. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ ദൂരമാണ് മെട്രോ നിര്‍മ്മാണം. പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ വരെ സര്‍വീസിന് സജ്ജമായി. ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കി. പാലാരിവട്ടം വരെ 11 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഏതാനും സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. അടുത്ത മാസം ആദ്യ വാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കെ.എം.ആര്‍.എല്‍ മേധാവി എലിയാസ് ജോര്‍ജ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.