വാച്ചേല്‍ തോട്ടിലെ അനധികൃത കയ്യേറ്റം പൊളിച്ചു

Monday 13 March 2017 9:50 pm IST

 

വാച്ചേല്‍ തോട്ടിലെ അനധികൃത കയ്യേറ്റം ജനകീയ സമിതി പൊളിച്ചു നീക്കി രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നാട്ടിയപ്പോള്‍

തലവടി: വാച്ചേല്‍തോട്ടില്‍ അനധികൃതമായി നികത്തി സ്ഥാപിച്ച മതിലും തെങ്ങുകളും ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ പൊളിച്ചു നീക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇവിടെ കൊടിയും നാട്ടി. തലവടി കൊച്ചമ്മനം ജങ്ഷനു സമീപം 25ല്‍പാടത്തെയും 88ല്‍പാടത്തെയും പമ്പാനദിയുമായി ബന്ധിപ്പിക്കുന്ന തോടാണ് സമീപവാസി നികത്തിയത്. തോടു നികത്തിയതോടെ സമീപത്തെ നിരവധി വീട്ടുകാര്‍ വെള്ളക്കെട്ടില്‍ പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്നാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിന് തീരുമാനിച്ചത്. കൃഷിമന്ത്രി, കളക്ടര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ആഴ്ചകള്‍ മുമ്പ് തോടു പൂര്‍ണമായും നികത്തി കലുങ്ക് അടയ്ക്കാന്‍ ശ്രമിച്ചത് ജനം തടഞ്ഞിരുന്നു. തഹസീല്‍ദാറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജാഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു. വര്‍ഷങ്ങള്‍ മുമ്പ് അനധികൃതമായി തോട് നികത്തിയതിനെതിരെ ആര്‍ഡിഒ നടപടി എടുത്തിരുന്നു. അതിനുശേഷവും തോടു കയ്യേറ്റം തുടരുകയായിരുന്നു. നികത്തിയ സ്ഥലത്ത് തോടു കടന്നു പോകുന്നതിനായി കലുങ്ക സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെ കൊടി നാട്ടി. സ്ഥലം നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ജനകീയ കൂട്ടായ്മയ്ക്ക് അധികൃതരില്‍ നിന്നും ലഭിച്ചിട്ടുള്ള മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.