ഇന്റര്‍ തകര്‍ത്തു

Tuesday 13 June 2017 2:16 pm IST

ഇന്റര്‍ മിലാനായി ഹാട്രിക് നേടിയ മൗറ ഇക്കാര്‍ഡിയുടെ ആഹ്ലാദം

റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ വിജയം. മൗറോ ഇക്കാര്‍ഡിയുടെയും എവര്‍ ബനേഗയുടെയും ഹാട്രിക്ക് കരുത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ഇന്റര്‍ അറ്റ്‌ലാന്റയെ തകര്‍ത്തു. വിജയത്തോടെ ഇന്റര്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നിലനിര്‍ത്തിയതിനൊപ്പം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്റര്‍ അഞ്ചിലേറെ ഗോളുകള്‍ നേടുന്നത്. 28 കളികളില്‍ നിന്ന് 54 പോയിന്റാണ് ഇന്ററിനുള്ളത്. 70 പോയിന്റുമായി ഒന്നാമതുള്ള യുവന്റസ് കിരീടത്തിലേക്ക് കുതിക്കുന്നു. 62 പോയിന്റുമായി റോമ രണ്ടാമതും 60 പോയിന്റുള്ള നാപ്പോളി മൂന്നാമതും.
അറ്റ്‌ലാന്റക്കെതിരെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഇന്റര്‍ 17-ാം മിനിറ്റിലാണ് ഗോള്‍മഴക്ക് തുടക്കമിട്ടത്. മൗറോ ഇക്കാര്‍ഡിയാണ് ആദ്യഗോള്‍ നേടിയത്. പിന്നീട് 23-ാം മിനിറ്റില്‍ ഇക്കാര്‍ഡിയിലൂടെ തന്നെ ഇന്റര്‍ ലീഡ് ഉയര്‍ത്തി. മൂന്നുമിനിറ്റിനുശേഷം വീണ്ടും വല കുലുക്കി മൗറോ ഹാട്രിക്ക് തികച്ചു.

അടുത്ത ഊഴം എവര്‍ ബനേഗക്കായിരുന്നു. മൂന്നുമിനിറ്റിനിടെ രണ്ട് ഗോളുകള്‍. 31, 34 മിനിറ്റുകളിലാണ് ബനേഗ ഗോള്‍ വല കുലുക്കിയത്. 42-ാം മിനിറ്റില്‍ ഫ്ര്യൂലറിലൂടെ അറ്റ്‌ലാന്റ ഒരു ഗോള്‍ മടക്കി. ആദ്യപകുതിയില്‍ ഇന്റര്‍ 5-1ന് മുന്നില്‍.
52-ാം മിനിറ്റില്‍ ഗാഗ്ലിയാര്‍ഡിനിയിലൂടെ ഇന്റര്‍ വീണ്ടും ലീഡ് ഉയര്‍ത്തി. 67-ാം മിനിറ്റില്‍ ബനേഗ ഹാട്രിക്കും തികച്ചു.
മറ്റൊരു മത്സരത്തില്‍ രണ്ടാമതുള്ള റോമയും മികച്ച ജയം സ്വന്തമാക്കി. 22-ാം മിനിറ്റില്‍ എല്‍ ഷാര്‍വെ, 76-ാം മിനിറ്റില്‍ എഡിന്‍ സെക്കോ, 90-ാം മിനിറ്റില്‍ സില്‍വ പെരസ് എന്നിവര്‍ റോമക്കായി ലക്ഷ്യം കണ്ടു. മൂന്നാമതുള്ള നാപ്പോളിയും തകര്‍പ്പന്‍ ജയം നേടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രോടോണിനെ തകര്‍ത്തു. വിജയികള്‍ക്കായി ഇന്‍സിഗ്‌നെ രണ്ടു ഗോളും മെര്‍ട്ടന്‍സ് ഒരുഗോളും നേടി.
മറ്റ് കളികളില്‍ ചീവോ 4-0ന് എംപോളിയെയും ബൊലോഗ്‌ന 1-0ന് സാസ്സുലോയെയും ഫിയോറന്റീന ഇതേ മാര്‍ജിനില്‍ കാഗ്ലിയാരിയെയും ഉദിനെസെ 3-1ന് പെസ്‌കാരയെയും പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.