പരിസ്ഥിതി സമിതി റിപ്പോര്‍ട്ട്: പിണറായി 'പൂച്ച'കളെ ഇറക്കുമോ?

Tuesday 13 June 2017 1:56 pm IST

ഇടുക്കി: മൂന്നാറിനെക്കുറിച്ച് നിയമസഭ പരിസ്ഥിതി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് മൂന്നാറിലെ കയ്യേറ്റക്കാരെ സഹായിക്കുന്ന സിപിഎമ്മിന്റെ നയത്തിനെതിരെയുള്ള പ്രഹരമായി. ഹൈക്കോടതിവിധി പാലിച്ച് കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ദേവികുളം സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിവരുന്ന അനിശ്ചിതകാല സമരത്തിനും റിപ്പോര്‍ട്ട് തിരിച്ചടിയാകും. വിഎസ് സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ രാജുനാരായണ സ്വാമി, കെ സുരേഷ് കുമാര്‍, ഐപിഎസുകാരനായ ഋഷിരാജ് സിങ്ങ് എന്നിവരടങ്ങുന്ന പ്രഗത്ഭ സംഘത്തെയാണ് പൊളിക്കല്‍ ദൗത്യം ഏല്‍പ്പിച്ചത്. സിപിഐ ഓഫീസ് പൊളിക്കാന്‍ തുടങ്ങിയ സമയത്ത് സിപിഐയും സിപിഎം നേതാക്കളുടെ കെട്ടിടങ്ങളില്‍ ജെസിബി കയറുമെന്ന് വന്നപ്പോള്‍ സിപിഎമ്മും ചേര്‍ന്ന് ദൗത്യത്തെ ആസൂത്രിതമായി പൊളിച്ചു. അവസാനം ദൗത്യസംഘവും വിഎസും മൂന്നാറില്‍ നിന്ന് നാണം കെട്ട് മടങ്ങി. ഇതോടെയാണ് വിഎസ് പക്ഷത്തായിരുന്ന എംഎം മണി പിണറായി പക്ഷത്ത് കുടിയേറിയത്. ഇതിന്റെ പ്രതിഫലമായിരുന്നു മണിയുടെ മന്ത്രിസ്ഥാനം.മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ജില്ലാകളക്ടറുടെ അനുമതി വേണമെന്ന് 2010-ലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ആറ് വര്‍ഷമായി ഈ ഉത്തരവ് നടപ്പാക്കാന്‍ ഇടുക്കിയിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ആറ് മാസം മുന്‍പ് ദേവികുളം സബ് കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റതോടെ നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. പൈപ്പ് ലൈനിന് സമീപം അമ്പത് കോടി മുടക്കി നിര്‍മ്മിക്കുന്ന പത്ത് നില കെട്ടിടത്തിനും സ്റ്റോപ്പ് മെമ്മോ ലഭിച്ചു. ചെറുതും വലുതുമായ നൂറോളം കെട്ടിടങ്ങള്‍ക്കും സ്‌റ്റോപ്പ് മെമ്മോ ലഭിച്ചിട്ടുണ്ട്. കയ്യേറ്റക്കാരും സിപിഎമ്മുമായി ഉണ്ടാക്കിയ രഹസ്യ ധാരണപ്രകാരം റവന്യൂ വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് ആര്‍ഡിഒയ്‌ക്കെതിരെയുള്ള സമരവും. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സമിതി മൂന്നാറിലെ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായുള്ള എല്ലാ നിര്‍മ്മാണങ്ങളും നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് പട്ടയ ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമി കയ്യേറ്റക്കാരില്‍ തിരിച്ചെടുക്കണമെന്നതാണ് സമിതിയുടെ മറ്റൊരു നിര്‍ദ്ദേശം. മൂന്നാറിന്റെ ഭാവിയ്ക്ക് ഉതകുന്ന 17 നിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതി സമിതി നിയമസഭയില്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ വീണ്ടും മൂന്നാറില്‍ ഒഴിപ്പിക്കലിന് സാഹചര്യമൊരുങ്ങും. അതിന് പിണറായി സര്‍ക്കാരിന് നട്ടെല്ലുണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. പ്രതീക്ഷയില്ല: സുരേഷ്‌കുമാര്‍ തിരുവനന്തപുരം: നിയമസഭാ സമിതി റിപ്പോര്‍ട്ടില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്ന് മുന്‍ മൂന്നാര്‍ ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാര്‍. മൂന്നാറിനെ സംരക്ഷിക്കാന്‍ പുതിയ നിയമങ്ങള്‍ വേണ്ട, ഉള്ളവ കര്‍ക്കശമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വങ്ങള്‍ കാണിച്ചാല്‍ മതി. അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കു പുറകില്‍ ബിജെപി ഒഴിച്ചുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ബന്ധമുണ്ട്. പാര്‍ട്ടികളുടെ സങ്കുചിത തീരുമാനത്തിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. വഴങ്ങുകയായിരുന്നു. ദൗത്യം നിര്‍ത്തിവച്ചതോടെ കയ്യേറ്റങ്ങള്‍ നിര്‍ബാധമായി. കെട്ടിടങ്ങള്‍ പൊളിച്ചതിനെതിരെ റിസോര്‍ട്ടുമാഫിയ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. മൂന്നാറിലെ ഭൂമാഫിയയെ നിലയ്ക്കുനിര്‍ത്താനുള്ള ധൈര്യം കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കില്ല.ഇപ്പോഴത്തെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മുഴുവനും നടപ്പാകുമെന്ന് തോന്നുന്നില്ല. രവീന്ദ്രന്‍ പട്ടയം റദ്ദാക്കി രവീന്ദ്രനെതിരെ കേസെടുത്താല്‍ സിപിഎം, സിപിഐ പാര്‍ട്ടി ഓഫീസുകളടക്കം പൊളിക്കേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.