പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Tuesday 13 June 2017 1:52 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട് പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂദനന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജക്കു ശേഷം നമസ്‌ക്കാര മണ്ഡപത്തിലെ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച നറുക്കില്‍ നിന്ന് നിലവിലെ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. 44 അപേക്ഷകരില്‍ 39 പേരെ ക്ഷേത്രം തന്ത്രിമുഖ്യന്‍ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചിരുന്നു. 36 പേര്‍ പങ്കെടുത്തു. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തി മുണ്ടയൂര്‍ മനയ്ക്കല്‍ ശ്രീധരന്‍ നമ്പൂതിരിയില്‍ നിന്നും, അച്ഛനില്‍ നിന്നുമാണ് മധുസൂദനന്‍ നമ്പൂതിരി പൂജാവിധി സ്വായത്തമാക്കിയത്. രണ്ടാം തവണയാണ് അപേക്ഷ സമര്‍പ്പിച്ചത്. അച്ഛന്‍: വടക്കാഞ്ചേരി പനങ്ങാട് പള്ളിശ്ശേരി മനയ്ക്കല്‍ പരേതനായ സുബ്രഹ്മണ്യന്‍ നമ്പൂതിരി. അമ്മ: വടക്കേക്കാട് മുല്ലമംഗലം മനയ്ക്കല്‍ ദേവസേന അന്തര്‍ജ്ജനം. ഭാര്യ: കോട്ടയം വിളായിക്കോട് മനയ്ക്കല്‍ നിഷ അന്തര്‍ജനം. സി.എ. വിദ്യാര്‍ത്ഥി ശ്രാവണ്‍, ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മക്കള്‍. നാലു വര്‍ഷമായി വിയ്യൂര്‍ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഈ മാസം പതിനഞ്ചു മുതല്‍ ക്ഷേത്രത്തില്‍ ഭജനമിരിക്കും. 31ന് വൈകീട്ട് അത്താഴപൂജക്ക് ശേഷം, അടയാള ചിഹ്നമായ താക്കോല്‍ കൂട്ടം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്ന് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസമാണ് കാലാവധി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.