തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി സീരിയല്‍ നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കരെയും ജനറല്‍ കണ്‍വീനറായി എസ്. രതീഷ്കുമാറിനെയും തെരഞ്ഞെടുത്തു. 501 പേരടങ്ങുന്ന സ്വാഗതസംഘത്തിനും 101 പേരടങ്ങുന്ന സംഘാടക സമിതിക്കും രൂപം നല്‍കിയതായി പരിഷത്ത് പ്രസിഡന്റ് എസ്. രാജശേഖരന് നായരും ജനറല്‍ സെക്രട്ടറി എം. ഗോപാലും അറിയിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പൂജപ്പുരയില്‍ സ്വാമി സത്യാനന്ദ സരസ്വതി നഗറിലാണ് സമ്മേളനം നടക്കുന്നത്. ലോകപ്രസിദ്ധരായ അദ്ധ്യാത്മികാചാര്യന്മാര്, സാംസ്കാരിക നേതാക്കള്‍, കലാകാരന്മാര്, കവികള്‍, സാഹിത്യകാരന്മാര്, സന്യാസിശ്രേഷ്ഠര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് മാര്‍ഗനിര്‍ദ്ദേശം നല്‍കും. ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രസംഗങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹായവിതരണവും രക്തദാനം സ്വയം തൊഴില്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എല്ലാദിവസവും അനന്തപുരി സംഗീതോത്സവം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: