മണിപ്പൂര്‍: ബീരേന്‍ സിങ് മുഖ്യമന്ത്രി പദത്തിലേക്ക്

Tuesday 13 June 2017 1:34 pm IST

ഇംഫാല്‍: സമ്മര്‍ദത്തിനൊടുവില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലെ ഒക്രം ഇബോബി സിങ് രാജിവച്ചു. ഭൂരിപക്ഷത്തിനാവശ്യമായ അംഗങ്ങളുടെ പിന്തുണ നേടിയ ബിജെപി അധികാരത്തിലേക്ക്. പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി എന്‍. ബീരേന്‍ സിങ്ങിനെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ബീരേന്‍ സിങ് ഉടന്‍ ഗവര്‍ണറെ കാണും. ഇന്നലെ വൈകിട്ട് ചേര്‍ന്ന നിയമസഭാകക്ഷി യോഗമാണ് ബീരേന്‍ സിങ്ങിനെ നേതാവായി തെരഞ്ഞെടുത്തത്. ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം ഹെയ്ന്‍ഗാങ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് ബീരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും പ്രകാശ് ജാവ്‌ദേക്കറും പങ്കെടുത്തു. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 21 പാര്‍ട്ടി അംഗങ്ങള്‍ക്കു പുറമെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും (എന്‍പിപി), നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും (എന്‍പിഎഫ്) നാല് വീതം അംഗങ്ങള്‍, എല്‍ജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഓരോ അംഗങ്ങളും പിന്തുണയ്ക്കുന്നു. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയുണ്ട്. ഞായറാഴ്ച രാത്രി ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയെ സന്ദര്‍ശിച്ച ബിജെപി സംഘത്തില്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്കു പുറമെ എന്‍പിപി പ്രസിഡന്റ്, എംഎല്‍എമാര്‍, എല്‍ജെപി, തൃണമൂല്‍ അംഗങ്ങള്‍, ഒരു കോണ്‍ഗ്രസ് അംഗം എന്നിവരുണ്ടായിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി എന്‍പിഎഫ് പ്രസിഡന്റ് ഗവര്‍ണര്‍ക്കു കത്ത് നല്‍കി. പിന്നീട് ഇദ്ദേഹം ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് പട്ടേല്‍, ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ടത്. വലിയ കക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് 28 അംഗങ്ങളുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഭൂരിപക്ഷമില്ലെന്നു വ്യക്തമായതോടെ രാജി നല്‍കാന്‍ ഇബോബി തയാറായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിലവിലെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ഭരണഘടനാ ബാധ്യതയും ഇദ്ദേഹം മറന്നു. ഇക്കാര്യം ഗവര്‍ണര്‍ ചൂണ്ടാക്കാട്ടിയിട്ടും ഫലമുണ്ടായില്ല. നീക്കം തിരിച്ചടിക്കുമെന്ന വ്യക്തമായതും കടുത്ത സമ്മര്‍ദവുമാണ് രാജിയിലേക്ക് നയിച്ചത്. ഇന്ന് ഉച്ചയ്ക്കു മുന്‍പ് രാജി നല്‍കുമെന്ന് ഇബോബി വ്യക്തമാക്കി. പിന്തുണയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ രണ്ട് എന്‍പിപി അംഗങ്ങളുടെ പേര് കടലാസിലെഴുതി ഗവര്‍ണര്‍ക്കു നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍, ഈ അംഗങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കി നേരത്തെ കത്ത് നല്‍കിയെന്ന് ഗവര്‍ണര്‍ നേതാക്കളോട് പറഞ്ഞു. പിന്തുണയ്ക്കുന്നവരെ നേരിട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സൗകര്യമൊരുക്കാന്‍ രാജി നല്‍കണമെന്നും ഗവര്‍ണര്‍ ഇബോബി സിങ്ങിനോട് നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.