റേഡിയേഷന്‍ യൂണിറ്റ് ഒന്നു മാത്രം, കാന്‍സര്‍ രോഗികള്‍ വലയുന്നു

Tuesday 13 June 2017 2:10 pm IST

മെഡിക്കല്‍ കോളേജിലെ റേഡിയോ തെറോപ്പി യൂണിറ്റില്‍ ആകെയുള്ള റേഡിയേഷന്‍ യന്ത്രം

തിരുവനന്തപുരം: റേഡിയേഷന്‍ ചികിത്സയ്ക്കായി ദിനംപ്രതി എത്തുന്നത് നൂറുകണക്കിന് അര്‍ബുദ രോഗികള്‍. ആകെയുള്ളത് ഒരു റേഡിയേഷന്‍ യൂണിറ്റ്. കാലപ്പഴക്കവും അധിക പ്രവര്‍ത്തനവും ആയുസ്സ് കുറച്ച ഈ റേഡിയേഷന്‍ യന്ത്രം മിക്കപ്പോഴും പണിമുടക്കിലുമാണ്. ആകെ താറുമാറായ റേഡിയേഷന്‍ വിഭാഗത്തില്‍ രോഗികളുടെ കുറ്റപ്പെടുത്തലും ശകാരവും കേട്ട് ഒരുകൂട്ടം ജീവനക്കാര്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അവസഥയാണിത്. ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറെ പ്രയോജനകരമായ ചികിത്സാ രീതിയാണ് റേഡിയേഷന്‍ ചികിത്സ. ആഴ്ചയില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി നടത്തുന്ന റേഡിയേഷന്‍ ചികിത്സ അസുഖത്തിന്റെ വ്യാപ്തിയും രോഗിയുടെ ആരോഗ്യനിലയും അനുസരിച്ച് മുപ്പത് ദിവസം വരെ നീളുന്നു. പരമാവധി അഞ്ചുമുതല്‍ 15 മിനിട്ട് വരെ ദൈര്‍ഘ്യമുള്ള റേഡിയേഷന്‍ ചികിത്സയ്ക്ക് മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നേരിടുന്ന പ്രധാന വെല്ലുവിളി.

പത്തുവര്‍ഷം മുന്‍പ് കനേഡിയന്‍ കമ്പനിയുടെ റേഡിയേഷന്‍ യൂണിറ്റാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. നൂറിലധികം രോഗികളാണ് ദിവസേന റേഡിയേഷനായിഎത്തുന്നത്. ഇവര്‍ക്കെല്ലാം ചികിത്സ നല്‍കാന്‍ ഈ ഒറ്റ യന്ത്രത്തില്‍ സാധിക്കില്ല. ദിവസേന അറുപതു രോഗികള്‍ക്കാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. ശേഷിക്കുന്ന രോഗികള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞുള്ള തീയതി നല്‍കി തിരിച്ചയയ്ക്കുകയാണ് നിലവിലെ രീതി.

ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ക്രമം തെറ്റാതെ റേഡിയേഷന്‍ നല്‍കണമെന്നതിനാല്‍ അടിയന്തിര ചികിത്സ തേടിയെത്തുന്നവര്‍ക്ക് പോലും റേഡിയേഷന് വളരെനാള്‍ കാത്തിരിക്കേണ്ടി വരും. യന്ത്ര ഭാഗങ്ങള്‍ക്ക് കേടുപാടുണ്ടായാല്‍ കാനഡയില്‍ നിന്ന് പുതിയവ വരുത്തിവേണം തകരാര്‍ പരിഹരിക്കേണ്ടത്.

കാനഡയില്‍ നിന്ന് പുതിയ യന്ത്ര ഭാഗങ്ങള്‍ എത്താനുണ്ടാകുന്ന കാലതാമസം റേഡിയേഷന്‍ യൂണിറ്റ് നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ഇപ്പോള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭാരതത്തില്‍ റേഡിയേഷന്‍ യന്ത്രം നിര്‍മ്മിക്കുന്നുണ്ട്. മൂന്ന് കോടി വിലയുള്ള ഇതിലൊരു യൂണിറ്റു കൂടി വാങ്ങി സ്ഥാപിച്ചാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. എന്നാല്‍ യന്ത്രം വാങ്ങാനുള്ള ആരോഗ്യവകുപ്പിന്റെ അപേക്ഷ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.