മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷം അസഹിഷ്ണുതയുടെ രാഷ്ട്രീയം: മുഖ്യമന്ത്രി

Tuesday 13 June 2017 1:18 pm IST

തിരുവനന്തപുരം: താനൂരിലെ മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 2000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ നിഷ്‌ക്രിയമായിരുന്ന പോലീസ് പിന്നീട് തേര്‍വാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നല്‍കിയ ലീഗ് അംഗം എന്‍.ഷംസുദീന്‍ ആരോപിച്ചു. താനൂരില്‍ പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.പോലീസ് ഭരണകക്ഷിക്ക് ഒത്താശ ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മുസ്‌ലിം ലീഗുകാര്‍ സിപിഎമ്മുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍ പറഞ്ഞു. ലീഗുകാര്‍ പെണ്‍കുട്ടികളെ നടുറോഡില്‍ അപമാനിച്ചതായും അബ്ദുറഹിമാന്‍ ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പരാമര്‍ശം സഭാരേഖകകളില്‍നിന്നു നീക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. മുസ്ലിം ലീഗിനു വിദേശസഹായമുണ്ടെന്ന തരത്തില്‍ നടത്തിയ പരാമര്‍ശവും രേഖകളില്‍നിന്നു നീക്കി. പിന്നാലെ, വി. അബ്ദുറഹ്മാനെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു. ഞായറാഴ്ച രാത്രി പത്തോടെയാണ് തിരൂര്‍ തീരദേശ മേഖലയില്‍ മുസ്ലീം ലീഗ്-സിപിഎം അക്രമികളുടെ തേര്‍വാഴ്ച ഉണ്ടായത്. ഇരുകൂട്ടരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അക്രമികള്‍ ഒരു വീടിനു നേരെ പെട്രോള്‍ ബോംബെറിയുകയും നിരവധി വീടുകള്‍ക്ക് നേരെ അക്രമം നടത്തുകയും ചെയ്തു. സംഘര്‍ഷം വ്യാപകമായതോടെ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുമായിരുന്നു.രാത്രി വൈകിയും കോര്‍മ്മന്‍ കടപ്പുറത്തെ ഒട്ടേറെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ നിരവധി പ്രദേശവാസികള്‍ക്കും സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങളും മല്‍സ്യബന്ധനവലകളും കത്തി നശിച്ചു. എന്നാല്‍ അക്രമം നടക്കാത്ത സ്ഥലങ്ങില്‍ പോലും പോലീസുകാര്‍ അതിക്രമത്തിന് മുതിര്‍ന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. നിരവധി വീടുകള്‍ പോലീസുകാര്‍ തകര്‍ത്തെന്നും പ്രദേശവാസികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.