പരീഖര്‍ ചുമതലയേറ്റു

Tuesday 13 June 2017 12:52 pm IST

പനജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീഖര്‍ ചുമതലയേറ്റു. ഇന്നലെ വൈകിട്ട് രാജ്ഭവനില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ മുന്‍പാകെയാണ് പരീഖര്‍ സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടും. സത്യപ്രതിജ്ഞ തടയണമെന്ന ആവശ്യം ഇന്നലെ രാവിലെ സുപ്രീംകോടതി തള്ളിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗോവയുടെ 23-ാമത്തെ മുഖ്യമന്ത്രിയാണ് മനോഹര്‍ പരീഖര്‍. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്ന പരീഖര്‍ മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്. അറുപതംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണയോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. കൊങ്കണി ഭാഷയിലാണ് പരീഖര്‍ സത്യവാചകം ചൊല്ലിയത്. ഒമ്പത് മന്ത്രിമാരും അധികാരമേറ്റു. കഴിഞ്ഞ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫ്രാന്‍സിസ്‌കോ ഡിസൂസ, പാണ്ഡുരംഗ് മദ്കായിക്കര്‍, എംജിപി നേതാക്കള്‍ സുധിന്‍ ധവാലികര്‍, മനോഹര്‍ അജ്ഗാവോങ്കര്‍, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായി, വിനോദ് പാലിയന്‍ങ്കര്‍, ജയേഷ് സാല്‍ഗാവൊങ്കര്‍, സ്വതന്ത്രന്മാര്‍ ഗോവിന്ദ് ഗൗഡേ, രോഹന്‍ ഖൗണ്ടെ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. പരീഖറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, ജെ.പി. നദ്ദ, മുന്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.