വൈദ്യുതി നിരക്ക് വര്‍ഷം‌തോറും കൂട്ടണം - കെ.എസ്.ഇ.ബി

Tuesday 5 June 2012 10:06 am IST

തിരുവനന്തപുരം: വൈദ്യുതി നിരക്കു വര്‍ഷം തോറും വര്‍ദ്ധിപ്പിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത കൂടി വരികയാണ്. ഒറ്റയടിക്ക് വൈദ്യുതിചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിലും നല്ലത് ഓരോവര്‍ഷവും കുറേശെ വര്‍ദ്ധിപ്പിക്കുകയാണെന്നാണ് ബോര്‍ഡിന്റെ വാദം. റെഗുലേറ്ററി കമ്മിഷന്‍റെ തെളിവെടുപ്പിലാണു ബോര്‍ഡ് ഈ ആവശ്യം ഉന്നയിച്ചത്. പുറത്തു നിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങിയതു വഴിയുളള 77.22 കോടി രൂപയുടെ അധികബാധ്യത മറികടക്കാനാണിതെന്നാണു ബോര്‍ഡിന്റെ വിശദീകരണം. വൈദ്യുതി നിരക്ക് ഒറ്റയടിക്കു വര്‍ധിപ്പിച്ചാല്‍ സാധാരണക്കാര്‍ക്കു നേരേയുളള തിരിച്ചടിയാകും. അതിനാല്‍ ഘട്ടം ഘട്ടമായി വര്‍ദ്ധനവ് നടപ്പാക്കണമന്നാണു നിര്‍ദേശം. ഫിക്സഡ് ചാര്‍ജ് 5 രൂപ മുതല്‍ 90 വരെ ഈടാക്കാനും നിര്‍ദേശമുണ്ട്. 40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 1.15 രൂപയാണു ഫിക്സഡ് ചാര്‍ജ്. ഇതു 1.50 രൂപയാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ 1,546 കോടി രൂപയുടെ അധിക തുക ഉണ്ടാക്കാന്‍ കഴിയുമെന്നാണു ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും ബോര്‍ഡ് നിര്‍ദേശമുണ്ട്. ഇപ്പോള്‍ യൂണിറ്റിന് 20 പൈസ നിരക്കിലാണ് സര്‍ചാര്‍ജ്. ഇത് ഡിസംബര്‍ വരെ പിരിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ വരെ സര്‍ചാര്‍ജ്ജ് പിരിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.