ആലപ്പുഴ: രണ്ടര കിലോ കഞ്ചാവുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ എക്സൈസ് എന്‍ഫോഴ്മെന്റ് ആന്റി നര്‍കോട്ടിക്ക് സ്ക്വാഡ് അറസ്റ്റുചെയ്തു. തമിഴ്നാട് തേനി ജില്ലയില്‍ കമ്പം ഉലകതേവര്‍ സ്ട്രീറ്റില്‍ മൊകായ സെല്‍വരാജ്, തമിഴ്നാട് ഉത്തമപാളയം താലൂക്കില്‍, ചിന്നമണ്ണൂര്‍ കോട്ടൈ റോഡ് സ്വദേശികളായ ചെല്ലൈ ദുരൈ, രാജ എന്നിവരെയാണ് 2.500 കിലോ കഞ്ചാവുമായി സിഐ കെ. ആര് ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇവരില്‍ നിന്നും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു ബൈക്കും പിടികൂടി. ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പത്തുനിന്നും വന്‍ തോതില്‍ കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന തിരുനല്‍വേലി സ്വദേശി മലയാളിയായ രാജീവിനെ കഴിഞ്ഞ ദിവസം എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടില്‍ നിന്നും വിവിധ പണിക്കായി കേരളത്തില്‍ എത്തുന്ന തൊഴിലാളികളില്‍ ചിലര്‍ വ്യാപകമായ തോതില്‍ കഞ്ചാവ് എത്തിക്കുന്ന വിവരം ഈയാളില്‍ നിന്നും ലഭിച്ചിരുന്നു. ആന്ധ്ര, ഒറിസ എന്നിവടങ്ങളില്‍ നിന്നും തമിഴ്നാട്ടിലെ കമ്പം തേനി ഭാഗത്ത് വന്‍ തോതില്‍ ശേഖരിക്കുന്ന കഞ്ചാവ് ഊടുവഴികളിലൂടെ കേരളത്തില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യുന്ന മാഫിയ പ്രവത്തിക്കുന്നുണ്ട്.
പിടികൂടിയവര്‍ ഇതിലെ കണ്ണികള്‍ മാത്രമാണെന്നും ഇതെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സിഐ അറിയിച്ചു. റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ, പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍. ബാബു, കുഞ്ഞുമോന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഓംകാര്‍നാഥ്, എം. റെനി, എം.കെ. സജി, അരുണ്‍, അനില്‍ ലാല്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: