ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാവില്ല: സര്‍ക്കാര്‍

Tuesday 13 June 2017 12:04 pm IST

കൊച്ചി: ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ വിദൂര സാദ്ധ്യത പോലുമില്ലെന്നും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി നേടിയതെന്നു കണ്ടാണ് കെജിഎസ് ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനിക്കു നല്‍കിയ അനുമതി പിന്‍വലിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആറന്മുള വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തത്ത്വത്തിലുള്ള അംഗീകാരം റദ്ദാക്കിയതിനെതിരെ വിമാനത്താവള കമ്പനി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. എയര്‍പോര്‍ട്ടിനായി തങ്ങളുടെ പക്കല്‍ 350 ഏക്കര്‍ സ്ഥലമുണ്ടെന്നു കാണിച്ചാണ് കെ.ജി.എസ് ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയത്. എന്നാല്‍ ഇവരുടെ കൈവശം 309 ഏക്കര്‍ മാത്രമാണുണ്ടായിരുന്നത്. ഇതില്‍ 200 ഏക്കര്‍ നെല്‍വയല്‍ തണ്ണീര്‍ത്തടത്തിന്റെ പരിധിയില്‍ വരുന്നതാണ്. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കമ്പനി വന്‍തോതില്‍ നിലം നികത്തി. ഇതോടൊപ്പം ഉണ്ടായിരുന്ന കോഴിത്തോടും നികത്തി. ഈ ക്രമക്കേട് ലാന്റ് റവന്യു കമ്മിഷണര്‍ കണ്ടെത്തി നിലം പുനസ്ഥാപിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പിന്നീട് കോടതിയും ഇതു നിര്‍ദേശിച്ചു. എന്നാല്‍ എയര്‍പോര്‍ട്ട് കമ്പനി അധികൃതര്‍ ഇതിനു തയ്യാറായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് കേസായി. വിമാനത്താവള നിര്‍മാണത്തിനായി ആറന്മുളയില്‍ 1500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട പ്രദേശവും ജനവാസ മേഖലകളും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുജന പ്രക്ഷോഭം ശക്തമായി. 700 കുടുംബങ്ങള്‍ പദ്ധതി പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവര്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായില്ല. ഇവരെ ഒഴിപ്പിക്കാനും കഴിയില്ല. വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പ് പാരിസ്ഥിതികാനുമതി വാങ്ങിയിരുന്നെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അനുമതി സംഘടിപ്പിച്ചതെന്ന് വിലയിരുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.