വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഭരണം ഭാഗ്യതുലാസില്‍

Tuesday 14 March 2017 10:52 pm IST

പേയാട്: ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ നോട്ടീസ്. പതിറ്റാണ്ടുകളോളം കൈപ്പിടിയിലൊതുക്കിയിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പ്രതിനിധി വി. അനില്‍കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റിനായി നടന്ന നറുക്കെടുപ്പില്‍ കോണ്‍ഗ്രസിലെ റോസ് മേരിക്കായിരുന്നു ജയം. കൂടാതെ ഭരണസമിതിയിലെ മൂന്ന് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരും കോണ്‍ഗ്രസ് പ്രതിനിധികളാണ്. ഒരു സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപി പ്രതിനിധിക്കും. ഇതില്‍ പ്രസിഡന്റ് സ്ഥാനം കൂടി സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് നേമം ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വികസന മുരടിപ്പെന്ന ആരോപണം ഉന്നയിച്ചായിരുന്നു നോട്ടീസ്. കോണ്‍ഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയത്തിന് മറുപടിയെന്നോണം ബിജെപി അംഗങ്ങള്‍ വൈസ് പ്രസിഡന്റിനെതിരെയും ഇന്നലെ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ നോട്ടീസ് നല്‍കി. ധനകാര്യ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയായ വൈസ് പ്രസിഡന്റ് ധനകാര്യ വിഷയങ്ങളില്‍ പുലര്‍ത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ബിജെപി നോട്ടീസ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും. നിലവില്‍ ബിജെപി 6, കോണ്‍ഗ്രസ് 6, എല്‍ഡിഎഫ് 5 എന്നിങ്ങനെയാണ് വിളവൂര്‍ക്കലിലെ കക്ഷിനില. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ അവിശ്വാസം പാസാകണമെങ്കില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ വേണം. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ഇടത് അംഗങ്ങള്‍ പിന്തുണച്ചാല്‍ മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് കൂട്ടുമുന്നണി എന്ന ആക്ഷേപം ഇടതുപക്ഷത്തിന് ചുമക്കേണ്ടിവരും. . അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഇടതുപക്ഷം വിട്ടുനിന്നാല്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അവിശ്വാസം തള്ളുകയെന്ന സാങ്കേതികതയിലേക്ക് സെക്രട്ടറി നീങ്ങും. നിലവിലെ രീതിയില്‍ വിളവൂര്‍ക്കലില്‍ ഭരണം തുടരാനുമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.