കണ്ണൂര്‍ വിമാനത്താവളം: അഭിമുഖവുമായി ബന്ധപ്പെട്ട വിവാദം: പാക്കേജ് പ്രകാരം ജോലി നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി കിയാല്‍

Tuesday 14 March 2017 11:08 pm IST

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്തവളത്തിന് വേണ്ടി ഭൂമി വിട്ട് നല്‍കിയവര്‍ക്ക് ഉണ്ടാക്കിയ പാക്കേജ് പ്രകാരം ജോലി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി കിയാല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പുനരധിവാസ പാക്കേജ് പ്രകാരം ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തങ്ങള്‍ ചതിക്കപ്പെട്ടതായി ആരോപിച്ച് അഭിമുഖം ബഹിഷ്‌ക്കരിക്കുകയും കളക്ടറേറ്റ് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കിയാലിന്റെ വിശധീകരണം. ഗ്രൗണ്ട് ലിങ്ക് ഏജന്‍സിയായ എയര്‍ഇന്ത്യാ സാറ്റ്‌സിനോട് അവര്‍ക്കാവശ്യമായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുമ്പോള്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരു അംഗത്തിനെ നിയമിക്കുവാന്‍ കിയാല്‍ ആവശ്യപ്പെട്ടുവെന്നും, കുടുംബംഗങ്ങളില്‍ നിന്ന് ലഭ്യമായിട്ടുള്ള നോമിനേഷന്‍ ഫോം അനുസരിച്ചാണ് പ്രാഥമിക അഭിമുഖത്തിന് ഹാജരാകുവാന്‍ കിയാല്‍ നിര്‍ദ്ദേശിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രതിമാസം 10,000 രൂപ വേതനത്തില്‍ 3 വര്‍ഷത്തേക്കുള്ള താത്ക്കാലിക ജോലി മാത്രമാണെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആരോപണത്തെ സംബന്ധിച്ച് കുറിപ്പില്‍ വ്യക്തമായി പരാമര്‍ശിക്കുന്നില്ല. അതേസമയം പത്രക്കുറിപ്പില്‍ പേരോ തീയതിയോ സ്ഥലമോ ഇല്ലാതെ കിയാല്‍ എംഡിക്ക് വേണ്ടി എന്നെഴുതി ഏതോ വ്യക്തിയാണ് ഒപ്പിട്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.