കാട്ടാന ആക്രമണം:  വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു

Tuesday 14 March 2017 11:51 pm IST

കോതമംഗലം: കാട്ടാനയുടെ ആക്രമണത്തില്‍ പൂയംകുട്ടി വേങ്ങൂരാന്‍ ജോണി (55) മരിച്ചതിനെ തുടര്‍ന്ന് പൂയംകുട്ടി നിവാസികള്‍ മൃതദേഹവുമായി കോതമംഗലം വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച്ച രാത്രി 10.30ഓടെയാണ് പൂയംകുട്ടി പുഴയുടെ തീരത്ത് ജോണി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. 
മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരം ആര്‍ഡിഒയും ഡിഎഫ്ഒമാരും ജനകീയ സമതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനിച്ചു. പൂയംകുട്ടി ജനകീയ സമിതി രക്ഷാധികാരി ഫാ.റോബിന്‍ പടിഞ്ഞാറെക്കുറ്റിന്റെ നേത്യത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ വേങ്ങൂരാന്‍ ജോണിയുടെ മൃതദേഹം സന്ദര്‍ശിച്ചശേഷം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് പ്രകടനമായി എത്തി ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ഉപരോധ സമരം ആരംഭിച്ചത്. 
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, അവിവാഹിതനായ ജോണിയെ അശ്രയിച്ച് കഴിഞ്ഞിരുന്ന വൃദ്ധ മാതാവിനും മാനസിക അസ്വാസ്ത്യമുള്ള സഹോദരിക്കും പ്രതിമാസം സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, പൂയംകുട്ടി മേഖലയില്‍  കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ പൊലിയാതെയും ക്യഷിനാശം ഉണ്ടാകാതെയും ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധസമരം. 
മൂവാറ്റുപുഴ ആര്‍ഡിഒ പി.എം. രാമചന്ദ്രന്‍, കോതമംഗലം ഡിഎഫ്ഒ എസ്. ദീപ, മലയാറ്റൂര്‍ ഡിഎഫ്ഒ ഷെയ്ക്ക് ഹൈദര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂയംകുട്ടി ജനകീയ സമിതി രക്ഷാധികാരി ഫാ.റോബിന്‍ പടിഞ്ഞാറെക്കൂറ്റ്, മറ്റ് സമിതി ഭാരവാഹികള്‍, രാഷ്ട്രിയ കക്ഷി നേതാക്കളായ ഇ.കെ. ശിവന്‍, സി.ജെ. എല്‍ദോസ്, എം.കെ രാമചന്ദ്രന്‍, കെ.കെ. ഗോപി, മരണപ്പെട്ട ജോണിയുടെ ബന്ധു ചക്കാലയ്ക്കല്‍ ബെന്നി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മരണപ്പെട്ട ജോണിയുടെ കുടുംബത്തിന് മൂന്ന് ദിവസത്തിനകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിട്ടിലെത്തിച്ച് നല്‍കും. നഷ്ടപരിഹാര തുക പത്ത് ലക്ഷമായി ഉയര്‍ത്താന്‍ നിയമ നടപടി സ്വീകരിക്കും. മാതാവിനും സഹോദിക്കും സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായി റവന്യു വകുപ്പില്‍ നിന്ന് പതിനായിരം രൂപയും വനംവകുപ്പില്‍നിന്ന് പതിനയ്യായിരം രൂപയും ജോണിയുടെ ബന്ധുക്കള്‍ക്ക് കൈമാറി. 
പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഒരുമാസത്തിനകം ഫെന്‍സിങ്ങ് ഏര്‍പ്പെടുത്തുമെന്നും രേഖാമൂലം ജനകീയ സമിതി ഭാരവാഹികള്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി.  ഒരു മാസത്തിന് ശേഷം വാഗ്ദ്ധാനങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.