ചൂടില്‍ കരിഞ്ഞ് വിളകള്‍ കര്‍ഷകര്‍ ആശങ്കയില്‍

Wednesday 15 March 2017 3:26 pm IST

ചവറ: പ്രതീക്ഷയോടെ നട്ടുനനച്ചു പരിപാലിച്ചവയൊക്കെ ഫലം തരുന്നതിന് മുന്‍പ് ചൂട് സഹിക്കാനാകാതെ ഉണങ്ങി കരിയുന്ന നിലയായതോടെ കര്‍ഷകര്‍ ആശങ്കയില്‍. ചവറയുടെ പല ഭാഗങ്ങളില്‍ പാട്ടത്തിനെടുത്തും വീട്ടുപുരയിടത്തിലും നടത്തുന്ന കൃഷിവിളകളാണ് ജലക്ഷാമം രൂക്ഷമായതോടെ പൂര്‍ണഫലം നല്‍കാതെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മഴയുടെ ലഭ്യത മുന്നില്‍ കണ്ട് നടത്തിയ പച്ചക്കറി കൃഷിവിളകളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. ഗ്രോബാഗുകളിലും അല്ലാതെയുമായി കൃഷി നടത്തിയവരെ വെള്ളത്തിന്റെ അഭാവം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ ചവറ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ തേവലക്കര, പന്മന പഞ്ചായത്തുകളിലെ വരള്‍ച്ചബാധിത മേഖലകളിലാണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. വാഴകൃഷി നടത്തിയ കര്‍ഷകര്‍ക്ക് ചൂട് കാരണം കൃഷി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചവറയില്‍ വര്‍ഷങ്ങളായി കാര്‍ഷികരംഗത്ത് സജീവമായുള്ള കര്‍ഷകന്‍ ഗ്രോബാഗുകളില്‍ തുടങ്ങിയ തക്കാളികൃഷി പൂര്‍ണമായും പരാജയപ്പെട്ടു. മഴ പ്രതീക്ഷിച്ച സമയങ്ങളില്‍ കിട്ടാതായതാണ് കൃഷിക്കാരെ ചതിച്ചത്. ഓണസമൃദ്ധി ലക്ഷ്യമിട്ട് ചവറയുടെ വിവിധ ഭാഗങ്ങളിലായി പൊലിവ് പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ പദ്ധതി കാര്യമായ ഫലം നല്‍കിയില്ല. ഓണം കഴിഞ്ഞതോടെ ജൈവകാര്‍ഷിക ഉല്‍പ്പന്നവിപണിയിലും വിളകളുടെ ലഭ്യത കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ട്രിപ്പ് ഇറിഗേഷന്‍ നടത്തിവന്ന കര്‍ഷകരും പ്രതിസന്ധിയിലാണ്. കിണറുകളോ മറ്റ് ജലസ്രോതസുകളോ ഇല്ലാതെ ലൈന്‍ പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് കൃഷി മുന്നോട്ട് കൊണ്ടു പോകാനാകാത്ത സ്ഥിതിയാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. ജൈവകാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഓരോ വീടുകളിലും വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഏറ്റടുത്ത് നടത്തുമ്പോള്‍ ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ല എങ്കില്‍ ജൈവകാര്‍ഷിക മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.