ഗര്‍ഭിണിയെ അക്രമിച്ച കേസില്‍ ഒത്തുകളിച്ച് പോലീസ്

Wednesday 15 March 2017 3:28 pm IST

കരുനാഗപ്പള്ളി: വീടിന് മുന്നിലിട്ട് ഒരാളെ മര്‍ദ്ദിക്കുന്നത് പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിന്റെ പേരില്‍ വീട് അടിച്ചുതകര്‍ത്ത് ഗര്‍ഭിണിയേയും അമ്മയെയും അക്രമിച്ച പ്രതികളെ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയച്ച പോലീസ് നടപടി വിവാദമാകുന്നു. ഇക്കഴിഞ്ഞ വനിതാദിനത്തിലാണ് ഗര്‍ഭിണിയും അമ്മയും അക്രമിക്കപ്പെട്ടത്. രാത്രി 12.30ന് വീടിന്റെ മുന്നിലിട്ട് ഒരാളിനെ ചിലര്‍ മര്‍ദ്ദിക്കുന്നത് കണ്ട ആദിനാട് വടക്ക് മഹാരാഷ്ട്ര സുനാമികോളനിയില്‍ മണിമന്ദിരത്തില്‍ ഗിരിജയാണ് കരുനാഗപ്പള്ളി പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്ത് എത്തിയ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഖിലിനെ കരുനാഗപ്പള്ളി ഗവ.ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്നേദിവസം വെളുപ്പിന് മൂന്നിന് പ്രതികളായ കിരണ്‍സേതു, ഗോപന്‍, കണ്ണന്‍ മറ്റ് മൂന്നുപേരും കൂടി ഗിരിജയുടെ വീട് അടിച്ചുതകര്‍ക്കുകയും കതക് ചവിട്ടിപ്പൊളിച്ച് എട്ട് മാസം ഗര്‍ഭിണിയായ മകള്‍ ചിപ്പിയെ തള്ളിയിടുകയും ചെയ്തു. അമ്മ ഗിരിജയെയും അമ്മൂമ്മയേയും ക്രൂരമായി മര്‍ദ്ദിച്ചു. കരുനാഗപ്പള്ളിയില്‍ നിന്നും പോലീസെത്തിയാണ് ചിപ്പിയേയും അമ്മയേയും ആശുപത്രിയിലെത്തിച്ചത്. ഒരു കാരണവുമില്ലാതെ സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്ന വീട്ടില്‍ കയറി അക്രമം കാണിക്കുകയും ഗര്‍ഭിണിയായ യുവതിയെ ഉപദ്രവിക്കുകയും ബൈക്ക് തകര്‍ക്കുകയും വീട് അക്രമിച്ച് 25000ത്തിലധികം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തവരെ ഭരണസ്വാധീനമുപയോഗിച്ച് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. മര്‍ദ്ദനം മൂലംശാരീരിക അസ്വസ്തതകള്‍ അനുഭവപ്പെടുന്നതിനാല്‍ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ് ചിപ്പി ഇപ്പോള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.