ഇറോം ശര്‍മിളയ്ക്ക് പഠിക്കട്ടെ രാഹുല്‍

Tuesday 13 June 2017 7:49 am IST

ഇറോം ചാനു ശര്‍മിള ഒരു വ്യാജബിംബമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 90 വോട്ട് നേടാന്‍ കഴിഞ്ഞ ശര്‍മിളയുടെ പരാജയം ദയനീയമാണ്. 'ഭരണകൂട ഭീകരതയ്‌ക്കെതിരെ' 14 വര്‍ഷം നിരാഹാരസമരം നടത്തി ഉരുക്കുവനിതയെന്ന് പേരെടുത്ത അവര്‍ക്ക് ജന്മനാട്ടിലെ ജനങ്ങള്‍ നല്‍കിയത് 'നോട്ട' (143) യെക്കാള്‍ കുറവ് വോട്ട്. ശര്‍മിള ജയിച്ച് എംഎല്‍എയാകുമെന്ന് മാത്രമല്ല, മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുമെന്നുവരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. കേരളത്തില്‍പ്പോലും അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആളുണ്ടായി. മണിപ്പൂരിനു മാത്രമല്ല, മുഴുവന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് ശര്‍മിളയുടെ ത്യാഗമെന്ന അവകാശവാദമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. മണിപ്പൂരില്‍ സൈനികര്‍ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന നിയമത്തിനെതിരെ പോരാടിയ ശര്‍മിള അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ ശക്തികളുടെ കയ്യിലെ ആയുധമാവുകയായിരുന്നു എന്ന് കരുതാന്‍ വേണ്ടത്ര തെളിവുണ്ട്. എന്നാല്‍പ്പോലും ജനാധിപത്യരീതി അവലംബിച്ച് തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ അവര്‍ സന്നദ്ധയായത് അംഗീകരിക്കേണ്ടതുണ്ട്. അപമാനകരമാണ് ശര്‍മിളയുടെ പരാജയമെങ്കിലും ഒരു കാര്യത്തില്‍ അവര്‍ അങ്ങേയറ്റം പ്രശംസയര്‍ഹിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തില്‍ തനിക്ക് പറ്റിയ മേഖലയല്ലെന്ന് തിരിച്ചറിഞ്ഞ് രാഷ്ട്രീയ ജീവിതംതന്നെ അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. ഇവിടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ഗാന്ധിക്ക് ശര്‍മിളയില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ളത്. മണിപ്പൂരിലെ തൗബാല്‍ മണ്ഡലത്തില്‍ ശര്‍മിള നേരിട്ട പരാജയത്തെക്കാള്‍ ആഴമുള്ളതാണ് ഉത്തര്‍പ്രദേശില്‍ രാഹുലിന്റെ പരാജയം. അമ്മ സോണിയയുടെ അഭാവത്തില്‍ രാഹുലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഉജ്വല വിജയം നേടുമെന്നായിരുന്നു അവകാശവാദം. വിജയമുറപ്പിക്കാനാണ് വര്‍ഷങ്ങളുടെ ശത്രുത മറന്ന് സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടത്. മറ്റാരും ബുദ്ധിമുട്ടേണ്ടതില്ലെന്നും, താന്‍ ഒറ്റയ്ക്ക് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചോളാമെന്നുമായിരുന്നു രാഹുലിന്റെ ഭാവം. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ കിട്ടുന്ന വിജയം രാഹുലിന്റെ വ്യക്തിപരമായ നേട്ടമായി ഉയര്‍ത്തിക്കാട്ടി അമ്മയ്ക്കു പകരം പാര്‍ട്ടിയുടെ അധ്യക്ഷപദവിയില്‍ മകനെ കയറ്റിയിരുത്താമെന്നാണ് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 'സോണിയാ കോക്കസ്' കണക്കുകൂട്ടിയത്. എന്നാല്‍ ജനവിധി ഈ കണക്കുകൂട്ടലെല്ലാം പാടെ തെറ്റിച്ചുവെന്നു മാത്രമല്ല, രാഹുലിനും പാര്‍ട്ടിക്കും മുഖം നഷ്ടമാവുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ 403 അംഗ നിയമസഭയില്‍ ഏഴ് സീറ്റ് മാത്രം നേടാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റേത് വെറുമൊരു തെരഞ്ഞെടുപ്പ് പരാജയം മാത്രമല്ല. 27 വര്‍ഷമായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. ഇക്കാലയളവിലെ എല്ലാ പരാജയങ്ങള്‍ക്കിടയിലും കുടുംബ മണ്ഡലങ്ങളായ റായ്ബറേലിയും അമേഠിയും പക്ഷെ കോണ്‍ഗ്രസിനൊപ്പം നിന്നു. നെഹ്‌റു കുടുംബത്തിന്റെ ഈ തട്ടകവും മോദി തരംഗത്തില്‍ തകര്‍ന്നിരിക്കുന്നു എന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ വ്യത്യസ്തമാക്കുന്നത്. അമേഠി-റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍ വരുന്നത് 10 നിയമസഭാ മണ്ഡലങ്ങളാണ്. ഇതില്‍ എട്ടെണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റു. ആറെണ്ണം ബിജെപി നേടിയപ്പോള്‍ രണ്ടെണ്ണം സമാജ്‌വാദി പാര്‍ട്ടിക്കു പോയി. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ അഞ്ച് സീറ്റിലും കോണ്‍ഗ്രസ് തോറ്റപ്പോള്‍ സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ മൂന്ന് സീറ്റാണ് പാര്‍ട്ടിയെ കൈവിട്ടത്. മറ്റിടങ്ങളിലെപ്പോലെ ഇവിടെയും പരാജയത്തിന്റെ കാര്യത്തില്‍ മകന്‍ അമ്മയെ കടത്തിവെട്ടിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനില വച്ചുനോക്കിയാല്‍ സോണിയയും രാഹുലും ഇപ്പോള്‍ എംപിമാരല്ല. കോണ്‍ഗ്രസിന്റേത് എന്നതിനേക്കാള്‍ രാഹുലിന്റേതാണ് നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം. കര്‍ഷകര്‍ക്ക് മരത്തിന്റെ കട്ടിലുകള്‍ നല്‍കി ദിയോറിയയില്‍ തുടക്കമിട്ട രാഹുലിന്റെ കിസാന്‍ യാത്ര 2,500 കിലോമീറ്ററാണ് താണ്ടിയത്. രുദ്രപ്പൂര്‍ മൈതാനിയില്‍ കുന്നുകൂട്ടിയിട്ടത് 2000 കട്ടിലുകളാണ്. (ഇതിലേറെയും കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്നത് വെറെ കാര്യം. അനുയായികള്‍തന്നെ അടിച്ചുമാറ്റി). കോണ്‍ഗ്രസിന് അധികാരം നല്‍കിയാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും, വൈദ്യുതി നിരക്ക് 50 ശതമാനം കുറയ്ക്കുമെന്നും പ്രചാരണത്തിന് തുടക്കമിട്ട ദിനംതന്നെ രാഹുല്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതൊന്നും ഒരാളും വിശ്വാസത്തിലെടുത്തില്ലെന്ന് ജനവിധി തെളിയിക്കുന്നു. യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ/രാഹുലിന്റെ പരാജയം ഒറ്റപ്പെട്ടതല്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റില്‍ ഒരെണ്ണമെങ്കിലും നേടാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയെ ജനാധിപത്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 'ഹൈക്കമാന്റ് കള്‍ച്ചര്‍' അവസാനിപ്പിക്കാനുള്ള പരീക്ഷണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നടത്തുകയുണ്ടായി. എന്നാല്‍ ഇതിനായി രാഹുല്‍ കണ്ടെത്തി നിര്‍ത്തിയ 15 പേരില്‍ ഒരാള്‍ക്കുപോലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ല. വന്‍ വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. ന്യൂദല്‍ഹി മണ്ഡലത്തില്‍ പാര്‍ട്ടി മാധ്യമവിഭാഗം തലവന്‍ അജയ് മാക്കന്‍, വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജെ.പി. അഗര്‍വാള്‍, മധ്യപ്രദേശിലെ മന്‍ഡ്‌സോറില്‍ മീനാക്ഷി നടരാജന്‍ തുടങ്ങിയവരാണിവര്‍. 2015 ലെ യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പരാജയം ആവര്‍ത്തിക്കപ്പെട്ടു. ക്ഷേത്ര, ജില്ലാ, പഞ്ചായത്ത് തലങ്ങളില്‍ മത്‌സരിച്ച 4,00,000 സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം പേര്‍ക്കാണ് കഷ്ടിച്ച് ജയിച്ചുകയറാനായത്. ഉത്തര്‍പ്രദേശിന് പുറത്തും രാഹുലിന്റെ ട്രാക്ക്‌റെക്കോഡിന് യാതൊരു മാറ്റവുമില്ലെന്ന് കാണാം. 2013 ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുലിനെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനാക്കിയത്. ഇതിനുശേഷമുള്ള 38 മാസങ്ങളില്‍ 17 പരാജയങ്ങളാണ് ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളടക്കം കോണ്‍ഗ്രസ് നേരിട്ടത്. ഇവയെല്ലാംതന്നെ ഈ 'യുവരാജാവിന്റെ' അക്കൗണ്ടില്‍പ്പെടുന്നതുമാണ്. പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുമ്പോഴും രാഹുലിനെ മഹാസംഭവമായി ചിത്രീകരിച്ച് പാര്‍ട്ടി അധ്യക്ഷപദവിയില്‍ പ്രതിഷ്ഠിക്കാനായിരുന്നു ഹൈക്കമാന്റ് ശ്രമം. ഇതിനെതിരെ മുതിര്‍ന്ന പല പാര്‍ട്ടി നേതാക്കളിലും പുകയുന്ന അമര്‍ഷം സോണിയാ ഭക്തര്‍ കണ്ടില്ലെന്ന് നടിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു തൊട്ടുമുന്‍പ് രാഹുലിന് പക്വത വന്നിട്ടില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. ''മോദിയുടെ അപ്രമാദിത്വം അംഗീകരിക്കുന്നു. എന്നാല്‍ രാഹുലിനെ എഴുതിതള്ളാറായിട്ടില്ല'' എന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ സഹായമില്ലാതെ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പ്രസ്താവന അര്‍ത്ഥഗര്‍ഭമാണ്. അധികം വൈകാതെ എഴുതിതള്ളേണ്ടയാളാണ് രാഹുല്‍ എന്നാണ് അമരീന്ദര്‍ പറയാതെ പറഞ്ഞത്. രാഹുലിന് ശര്‍മിളയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. പതിനാലുവര്‍ഷത്തെ നിരാഹാരമുള്‍പ്പെടെ 16 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായേറ്റ പരാജയത്തിന്റെ പേരില്‍ ഇറോം ശര്‍മിള രാഷ്ട്രീയം വിട്ടത്. 2004 ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നു രാഹുലിന്റെ രാഷ്ട്രീയ രംഗപ്രവേശം. മൂന്നുവട്ടം എംപിയായത് ഒഴികെ മറ്റൊരു രാഷ്ട്രീയനേട്ടവും പതിമൂന്നുവര്‍ഷത്തെ പാര്‍ലന്റെറി ജീവിതത്തിലില്ല. പരാജയത്തിന്റെ ആള്‍രൂപമായ രാഹുല്‍ ഇറോം ശര്‍മിളയുടെ മാതൃക എന്നേ സ്വീകരിക്കേണ്ടതായിരുന്നു. യുപിയിലെ പരാജയത്തോടെ രാഹുല്‍ രാഷ്ട്രീയം വിട്ടില്ലെങ്കിലും പാര്‍ട്ടിയുടെ ഉപാധ്യക്ഷസ്ഥാനമെങ്കിലും രാജിവയ്ക്കാം.ഇപ്പോള്‍ പാര്‍ട്ടിയില്‍ നടത്തുമെന്ന് പ്രഖ്യാപിക്കുന്ന 'സംഘടനാപരവും ഘടനാപരവുമായ' മാറ്റങ്ങളില്‍ ആദ്യത്തേത് ഇതാവട്ടെ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.