അക്ഷരപൂക്കളിറുക്കാന്‍ കുരുന്നുകള്‍ വിദ്യാലയമുറ്റങ്ങളിലെത്തി

Monday 4 June 2012 11:01 pm IST

തൃപ്പൂണിത്തുറ: ഉത്സവാലങ്കാരങ്ങളോടെ ചെണ്ടമേളവും പൂച്ചെട്ടുണ്ടുകളുമായി ഗുരുനാഥന്മാര്‍ കുരുന്നു കളെ വിദ്യാലയങ്ങളിലേക്ക്‌ എതിരേറ്റതോടെ പുതിയൊരു തലമുറകൂടി അക്ഷര മുറ്റങ്ങളില്‍ പിച്ച വെച്ചു. അവധി കഴിഞ്ഞ്‌ തിങ്കളാഴ്ച വിദ്യാലയങ്ങള്‍ തുറന്നതോടെ മാതാപിതാക്കളുടെ വിരലില്‍ തുങ്ങി കളിച്ചും ചിരിച്ചും, കരഞ്ഞും, അത്ഭുതം കുറിയുമൊക്കെയാണ്‌ കുരുന്നുകള്‍ വിദ്യാലയങ്ങളിലേക്ക്‌ കടന്നു വന്നത്‌. അലങ്കരിച്ചവിദ്യാലയങ്ങളിലേക്ക്‌ രക്ഷിതാക്കളെയും അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌ വരവേറ്റു. കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും, മിഠായികളും നല്‍കിയതോടെ കുരുന്നുകളേറെയും ആഹ്ലാദത്തിലായി. ചോറ്റാനിക്കര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.റീസ്‌ പുത്തന്‍ വീടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എ.ജോണ്‍ എന്റോവ്മെന്റുകള്‍ വിതരണം ചെയ്തു. വിനോദ്‌ അദ്ധ്യക്ഷത വഹിച്ചു. ജെയ്സണ്‍ ജോസഫ്‌ പഠനോപകരണങ്ങള്‍ നല്‍കി. കെ.കൊച്ചനിയന്‍, എ.എ.മദനമോഹനന്‍, പ്രിന്‍സിപ്പല്‍ കെ.വി.ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു. പുകയിലവിരുദ്ധ റാലിയും ബോധവത്ക്കരണവും ഉണ്ടായി. എരുവേലികണയന്നൂര്‍ ഗവ.ജെ.ബി.സ്കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എ.ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാധാ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. രജനി ജനകന്‍, പിടിഎ പ്രസിഡന്റ്‌ മോന്‍സ്‌ ജോസഫ്‌, വി.എന്‍.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃപ്പൂണിത്തുറയില്‍ മുനിസിപ്പല്‍തല വിദ്യാലയ പ്രവേശനോത്സവം ഗവ.ആര്‍എല്‍വി യുപി സ്കൂളില്‍ നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ സതിശിവന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ നന്ദകുമാര്‍ വര്‍മ, എ.ഇ.ഒ.രവീന്ദ്രാനാഥ്‌, ഹെഡ്മാസ്റ്റര്‍ വിശ്വനാഥന്‍ നായര്‍, ഹില്‍പാലസ്‌ എസ്‌ഐ പി.ആര്‍.സന്തോഷ്‌ എന്നിവര്‍ സംസാരിച്ചു. ഗവ.ബോയ്സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നഗരസഭാ സെക്രട്ടറി ടി.എസ്‌.സൈഫുദ്ദീന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.ഡി.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സത്യവ്രതന്‍, കൗണ്‍സിലര്‍ മാരായ ശകുന്തള ജയകുമാര്‍, ശ്രീലത മധുസൂദനന്‍, കെ.ടി.സൈഗാള്‍ എന്നിവര്‍ സംസാരിച്ചു. ഗവ.പാലസ്‌ ഹൈസ്കൂളില്‍ നഗരസഭ വൈസ്ചെയര്‍ പേഴ്സണ്‍ തിലോത്തമ സുരേഷ്‌ ഉദ്ഘാടനം ചെയ്തു. നന്ദകുമാര്‍ വര്‍മ, പിടിഎ പ്രസിഡന്റ്‌ സി.പി.ചന്ദ്രശേഖരന്‍ ഹെഡ്മിസ്ട്രസ്‌ ഗീത എന്നിവര്‍ സംസാരിച്ചു. ഗവ.ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രവേശനോത്സവം സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.ടി.സൈഗാള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ബി.വേണുഗോപാല്‍, ശകുന്തളജയകുമാര്‍, ഹെഡ്മിസ്ട്രസ്‌ ശ്യാമ, പ്രിന്‍സിപ്പല്‍ ഷീല എന്നിവര്‍ പ്രസംഗിച്ചു. കടുങ്ങമംഗലം ഗവ.ഹൈസ്കൂള്‍, ഗവ.സംസ്കൃതം ഹൈസ്കൂള്‍, എരൂര്‍ കെഎം യുപി സ്കൂള്‍, തെക്കും ഭാഗം യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രവേശനോത്സവത്തിന്‌ പ്രധാനാധ്യാപകരും, വാര്‍ഡ്‌ കൗണ്‍സിലര്‍മാരും, പി.ടി.എ.ഭാരവാഹികളും നേതൃത്വം നല്‍കി. മേഖലയിലെ സ്വകാര്യവിദ്യാലയങ്ങളിലും ആഘോഷ പുര്‍വം പ്രവേശനോത്സവം നടത്തി.ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ കഴിഞ്ഞ കൊല്ലത്തേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുള്ളതായിട്ടാണ്‌ അറിയുന്നത്‌. പെരുമ്പാവൂര്‍: പ്രളയക്കാട്‌ ശ്രീശങ്കരാ വിദ്യാനികേതന്‍ സ്കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി. ഭാരതീയ പൈതൃകത്തിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായ രീതിയില്‍ വിദ്യാഭ്യാസം നല്‍കിവരുന്ന ഇവിടേക്ക്‌ മുന്‍ഷങ്ങളെ അപേക്ഷിച്ച്‌ നിരവധി പുതുമുഖങ്ങളാണ്‌ എത്തിച്ചേര്‍ന്നത്‌. ഇവിയെത്തിയ കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ താലത്തിന്റെ അകമ്പടിയോടെയാണ്‌ വിദ്യയുടെ ലോകത്തേക്ക്‌ എതിരേറ്റത്‌. തുടര്‍ന്ന്‌ 6-ാ‍ം ക്ലാസ്‌ വിദ്യാര്‍ത്ഥി ജയശങ്കര്‍ ഇവരെ സ്കൂളിലേക്ക്‌ സ്വാഗതം ചെയ്തു. പിന്നീട്‌ മൂന്ന്‌ കുട്ടികളെ വീതം ചേര്‍ത്തിരുത്തി അധ്യാപകര്‍ ആരതി ഉഴിഞ്ഞാണ്‌ പിഞ്ചോമനകളെ അറിവിന്റെ വെളിച്ചം പകരാനായി സരസ്വതീ ക്ഷേത്രത്തിലേക്ക്‌ ക്ഷണിച്ചത്‌. ഇതിന്‌ ശേഷം എല്ലാവര്‍ക്കും മധുരപലഹാരം വിതരണം ചെയ്തു. നിരവധി രക്ഷകര്‍ത്താക്കളും അധ്യാപകരും പങ്കെടുത്ത പ്രവേശനോത്സവങ്ങളായ കെ.കെ.സുബ്രഹ്മണ്യന്‍, എ.ബി.അജേഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മട്ടാഞ്ചേരി: കരഞ്ഞും പരിഭവപ്പെട്ടും വാശിപിടിച്ചും സ്കൂള്‍ അങ്കണത്തിലെത്തിയ കുരുന്നുകളെ കിരീടധാരണം നടത്തി അദ്ധ്യാപകര്‍ വരേറ്റത്‌ കൗതുകക്കാഴചയായി. കൊച്ചി ഗുജറാത്തി വിദ്യാലയ യുപി സ്കൂളിലെ പ്രവേശനോത്സവത്തിലാണ്‌ ഈ കാഴ്ച. രക്ഷിതാക്കളുടെ മടിയിലിരുന്നും കൈപിടിച്ചും എത്തിയ കുട്ടികള്‍ക്ക്‌ പ്രവേശനകവാടത്തില്‍ വെച്ച്‌ ബലൂണുകള്‍ നല്‍കിയാണ്‌ ആദ്യവരവേല്‍പ്പ്‌ നടന്നത്‌. തുടര്‍ന്ന്‌ സ്കൂള്‍ ഹാളില്‍ അണിനിരന്നിരുന്ന നവാഗതവിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനഗാനാലാപനം നടത്തി തലയില്‍ വെള്ളിയുടെയും സ്വര്‍ണത്തിന്റെയും നിറത്തിലുള്ള കിരീടങ്ങള്‍ അദ്ധ്യാപകര്‍ അണിയിച്ചതോടെ കരഞ്ഞുകൊണ്ടിരുന്ന പല കുട്ടികളും ആശ്ചര്യത്താല്‍ ആഹ്ലാദഭരിതരായി. ഗുജറാത്തി യുപി വിദ്യാലയത്തിലെ ഒന്നാംക്ലാസ്‌ പ്രവേശനം നേടിയ 150 ഓളം വിദ്യാര്‍ത്ഥികളെയാണ്‌ അദ്ധ്യാപകര്‍ കിരീടധാരണം നടത്തി വരവേറ്റത്‌. പ്രവേശനോത്സവത്തിന്‌ സ്കൂള്‍ പ്രധാനാദ്ധ്യാപിക ഉഷാകുമാരി, സ്കൂള്‍ മാനേജര്‍ വിശ്വാനാഥ്‌ അഗര്‍വാള്‍, അസിസ്റ്റന്റ്‌ മാനേജര്‍ ചേതന്‍ഷാ, പിടിഎ പ്രസിഡന്റ്‌ രാധാകൃഷ്ണന്‍, വൈസ്‌ പ്രസിഡന്റ്‌ എസ്‌.കൃഷ്ണകുമാര്‍, ഗുജറാത്തി മഹാജന്‍ പ്രസിഡന്റ്‌ ജി.പി.ഗോയല്‍, രഘുനാഥ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പള്ളുരുത്തി: പള്ളുരുത്തിയിലെ വിവിധ സ്കൂളുകളില്‍ പ്രവേശനോത്സവം നടത്തി. എസ്ഡിപിവൈ ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ്‌ സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ പെരുമ്പടപ്പ്‌ സെന്റ്‌ ആന്റണീസ്‌ സ്കൂള്‍, സെന്റ്‌ പീറ്റേഴ്സ്‌ ഹൈസ്കൂള്‍, തോപ്പുംപടി ഔവര്‍ലേഡീസ്‌ കോണ്‍വെന്റ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ മധുരം വിതരണം ചെയ്തും, ചേണ്ടമേളത്തിന്റെ അകമ്പടിയോടെയും പ്രവേശനോത്സവം നടത്തി. മൂവാറ്റുപുഴ: കടാതി വിവേകാനന്ദ വിദ്യാലയത്തില്‍ പ്രവേശനോത്സവം നടത്തി. സ്കൂളിലെത്തിയ നവാഗതരായ കുട്ടികളെ തിലകം തൊട്ട്‌ ബാന്റ്‌ മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന്‌ സ്കൂള്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം മഹനാമി ട്രസ്റ്റ്‌ ചെയര്‍മാന്‍ എം.എന്‍. സതീഷ്‌ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ആര്‍. നാരായണന്‍, സെക്രട്ടറി പി. കെ. നാരായണപിള്ള, സ്കൂള്‍ കോഡിനേറ്റര്‍ ഇ.വി. വിഷ്ണു, ആര്‍. അനിത എന്നിവര്‍ പങ്കെടുത്തു. പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഗവ.ഗേള്‍സ്‌ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ.സലാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ സി.കെ.അസീം അദ്ധ്യക്ഷത വഹിച്ചു. എപ്ലസ്‌ നേടിയ കുട്ടികള്‍ക്ക്‌ പിടിഎവക ട്രോഫികളും അധ്യാപകരുടെ വക ക്യാഷ്‌ അവാര്‍ഡുകളും കലാ-കായിക രംഗങ്ങളിലെ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള മജീദ്‌ മരയ്ക്കാര്‍ സ്മാരക ക്യാഷ്‌ അവാര്‍ഡുകളും യോഗത്തില്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ഹരിസ്വാമി, പൊതുമരാമത്ത്‌ ക്ഷേമകാര്യ അദ്ധ്യക്ഷ ബീവി അബൂബക്കര്‍, സി.കെ.ചന്ദ്രന്‍, കാദര്‍പിള്ള, ഹസന്‍.സി.എം, കെ.സജീവ്‌, ടി.വി.രമണി, ടി.വി.പരീത്‌ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.