ചങ്ങനാശേരി നഗരസഭാ മാലിന്യ നീക്കം വോട്ടിംഗില്ലാതെ ചെയര്‍മാന്‍ യോഗം പിരിച്ചുവിട്ടു

Wednesday 15 March 2017 10:44 pm IST

ചങ്ങനാശേരി: നഗരസഭയില്‍ ഫാത്തിമാപുരം ഡംബിംഗ് യാര്‍ഡില്‍ നിന്നും അജൈവമാലിന്യം നീക്കം ചെയ്തതിന്റെ പണം ചെയര്‍മാന്‍ മുന്‍കൂര്‍ നല്‍കിയത് കൗണ്‍സില്‍ അംഗീകാരത്തിനായി ചര്‍ച്ചയ്ക്ക് വച്ചപ്പോള്‍ ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് പാതിവഴിയില്‍ യോഗം പിരിച്ചുവിട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ കരാറുകാരനായ ക്രിസ്റ്റിഫര്‍ക്ക് തൊണ്ണുറ്റിയെട്ട് ലോഡ് മാലിന്യം നീക്കം ചെയ്തതിന് 2,72,142 രൂപ നല്കിയത് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പാസാക്കാന്‍ ശ്രമിച്ചതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ എന്‍.പി. കൃഷ്ണകമാര്‍ വിഷയത്തില്‍ വോട്ടിംഗ് ആവശ്യപ്പെട്ടു. സംശയ്ക്കുന്നതായി കൗണ്‍സിലര്‍മാരായ പ്രസന്നകുമാരീടീച്ചര്‍, ബിന്ദുവിജയകുമാര്‍, സാജന്‍ഫ്രാന്‍സിസ്, ഷൈനിഷാജി, മാര്‍ട്ടിന്‍സ്‌കറിയ, സിബിച്ചന്‍ എന്നിവര്‍ ഈ വിഷയത്തില്‍ അഴിമതി നടന്നതായി ആരോപിച്ചു. അംഗങ്ങള്‍ വോട്ടിംഗ് ആവശ്യപ്പെട്ടതോടെ യോഗം പിരിച്ചുവിട്ടതായി അറിയിച്ച് ചെയര്‍മാന്‍ ഇറങ്ങിപ്പോയി. ചെയര്‍മാന്റെ ചട്ടലംഘനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറി ഇന്‍ചാര്‍ജായ മുനിസിപ്പല്‍ എന്‍ജിനീയര്‍ക്ക് ബിജെപി അംഗങ്ങള്‍ പരാതി നല്‍കി. കേരള പോലീസ് ആക്ടും മുനിസ്സിപ്പല്‍ ആക്ടും പ്രകാരം കരാറുകാരനെതിരെ ബൈപാസ്റ്റില്‍ ഡംബിംഗ് യാര്‍ഡില്‍ നിന്നുള്ള സ്ഥലത്തെ മാലിന്യം തള്ളിയതിനെതിരെ പോലീസില്‍ പരാതി നല്കണമെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സാജന്‍ ഫ്രാന്‍സിസ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ പാസ്സാക്കുന്ന തീരൂമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരൂമാനങ്ങള്‍ നടപ്പാക്കാറില്ലെന്നും ഫെബ്രുവരിയില്‍ രൂപീകരിച്ച ആരോഗ്യ വിഭാഗം ജൈവവൈവിധ്യ സമിതി രൂപീകരിച്ചതില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും തന്റെ ഒപ്പ് വാജ്യമായിട്ട് ഇട്ടതാണെന്നും ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സജി തോമസ് കൗണ്‍സിലില്‍ അറിയിച്ചു. ചെയര്‍മാന്റെ വോട്ടീംഗ് വേണമെന്ന ആവശ്യം നിരസിച്ച ചട്ടലംഘനത്തിനെതിരെ മുനിസിപ്പല്‍ ഡയറക്ടര്‍ക്ക് പരാതി നല്കുമെന്ന് ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍. പി. കൃഷ്ണകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.