സിപിഎം-സിപിഐ കൂട്ട്; സബ് കളക്ടര്‍ തെറിക്കും

Tuesday 13 June 2017 5:03 am IST

ശ്രീറാം വെങ്കിട്ടരാമന്‍

തിരുവവന്തപുരം/ ഇടുക്കി: കൈയേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിക്കാന്‍ അണിയറിയില്‍ അവിശുദ്ധ തന്ത്രങ്ങള്‍ ഒരുക്കുന്നു. ക്വാറി-റിസോര്‍ട്ട്-ഭൂ മാഫിയകളുടെ സമ്മര്‍ദത്തിനു വഴങ്ങി സിപിഎം-സിപിഐ പാര്‍ട്ടികളുടെ ഇടുക്കി ജില്ലാ നേതൃത്വങ്ങളാണ് ഇതിനു പിന്നില്‍.

സബ് കളക്ടറെ നീക്കുന്നതിനോട് റവന്യൂ മന്ത്രിക്കും സിപിഐയുടെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനും യോജിപ്പില്ല. സബ് കളക്ടറെ ഒറ്റ തിരച്ച് ആക്രമിക്കാന്‍ ഇന്ന് നിയമസഭയില്‍ സിപിഎം സബ് മിഷന്‍ ഉന്നയിക്കാനാണ് സാധ്യത. മൂന്നാറിനെ രക്ഷിക്കാന്‍ അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് സിപിഐ നേതാവ് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ സിമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നത്. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെ കരുത്തിനു മുന്നില്‍ വഴങ്ങുമെന്നുറപ്പായി.

കൈയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നാരോപണം നേരിടുന്ന വൈദ്യുതി മന്ത്രി എം.എം. മണിയുടെയും ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റേയും സമ്മര്‍ദങ്ങള്‍ കൂടിയാവുമ്പോള്‍ റവന്യൂ മന്ത്രിക്ക് മുട്ടുമടക്കേണ്ടി വരും. സിപിഐ ജില്ലാ സെക്രട്ടറിയും സബ് കളക്ടര്‍ക്കെതിരെ രംഗത്തു വന്നിരുന്നു.

കഴിഞ്ഞ ജൂണിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം സബ് കളക്ടറായി ചുമതലയേറ്റത്. പള്ളിവാസലില്‍ കെഎസ്ഇബിയുടെ ഭൂമി കൈയേറി അനധികൃത നിര്‍മ്മാണം നടത്തിയതു സംബന്ധിച്ച് ഇദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതേത്തുടര്‍ന്ന് ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിവാസല്‍ കൈയേറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. സബ് കളക്ടറാണ് പള്ളിവാസലിലെ അനധികൃത നിര്‍മ്മാണവും കൈയേറ്റവും സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കി. ഇതേക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ല.

പിന്നീട് ശാന്തന്‍പാറയിലും ചതുരങ്കപ്പാറയിലും നിയമം ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറി പാറപൊട്ടിക്കുന്ന രണ്ട് മടകള്‍ക്കെതിരെയായിരുന്നു സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിന്റെ അതിര്‍ത്തിയിലെ അനധികൃത പാറമടമൂലം തമിഴ്‌നാട്ടില്‍ നിന്ന് ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് കടക്കുമെന്നും ഇതുമൂലം കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഈ പാറമടകളും സബ് കളക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൂട്ടേണ്ടിവന്നു.
ഏലപ്പട്ടയത്തിലാണ് 10 വര്‍ഷമായി ഈ പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നതും സബ് കളക്ടറുടെ കണ്ടെത്തലായിരുന്നു.

റവന്യൂ വകുപ്പിന്റെ ഭൂമി കൈയേറി ഈ പാറപൊട്ടിച്ചെന്നും ഇതിനു പിഴയായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ ഈടാക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയതോടെ സബ് കളക്ടര്‍ മാഫിയയുടെയും സിപിഎം-സിപിഐ കക്ഷികളുടെയും ശത്രുവായി. തുടര്‍ന്നാണ് സബ് കളക്ടര്‍ക്കെതിരെ സിപിഎം പ്രത്യക്ഷ സമരം ആരംഭിച്ചത്. ഇദ്ദേഹത്തെ വഴിയില്‍ തടഞ്ഞിട്ടും ജില്ലാ പോലീസ് കൈയുംകെട്ടി നോക്കി നിന്നു. ചെറുതും വലുതുമായ അമ്പതോളം കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രീറാം വെങ്കിട്ടരാമനു കഴിഞ്ഞു. വധഭീഷണി വരെ നേരിട്ടിട്ടും മാഫിയയ്‌ക്കെതിരെ പോരാട്ടം തുടര്‍ന്നു. കഴിഞ്ഞ ദിവസം നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് സബ് കളക്ടര്‍ കൈക്കൊണ്ട നടപടികള്‍ക്കുള്ള പരസ്യ പിന്തുണയായി മാറി.
ഉടന്‍ പൊളിക്കണമെന്ന് വിഎസ്

തിരുവനന്തപുരം: മൂന്നാറില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന അനധികൃത കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്ന നിയമസഭാ ഉപസമിതിയുടെ ശുപാര്‍ശ സ്വാഗതാര്‍ഹം.

കഴിഞ്ഞ നവംബര്‍ 14ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദ്ദേശമനുസരിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. കൈയേറ്റങ്ങള്‍ക്കും പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടികളെടുത്തില്ലെങ്കില്‍ വരും തലമുറയ്ക്ക് ഇവിടെ ജീവിക്കാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും വിഎസ് പറഞ്ഞു.
കോടിയേരിയും കാനവും നിലപാട് വ്യക്തമാക്കണം: ബിജെപി

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരായ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി.

മൂന്നാറില്‍ കെട്ടിയുയര്‍ത്തിയ 130 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. സിപിഎമ്മിന്റെയും സിപിഐയുടെയും സ്വാധീന വലയത്തിലുള്ള കെട്ടിടങ്ങളാണ് ഇവ. മുമ്പ് സിപിഐ പാര്‍ട്ടി ഓഫീസില്‍ തൊട്ടപ്പോഴാണ് വിഎസിന് കൈപൊള്ളിയത്. ഇക്കാര്യത്തില്‍ രണ്ടാം മൂന്നാര്‍ ദൗത്യത്തിന് വേണ്ടി പ്രക്ഷോഭം നടത്താന്‍ വിഎസ് തയാറാണോയെന്നു വ്യക്തമാക്കണമെന്നും പാര്‍ട്ടി കോര്‍ കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.