കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം

Wednesday 15 March 2017 10:55 pm IST

പാലാ: ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലായില്‍ വ്യാപക നാശനഷ്ടം. ഇന്നലെ (15) വൈകിട്ട് 4 മണിയോടെയാണ് കാറ്റ് സംഹാരതാണ്ഡവമാടിയത്. കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷിന്റെ വീടിനോട് ചേര്‍ന്നുളള കാലിത്തൊഴുത്തും ഉപജീവനമാര്‍ഗമായിരുന്ന ഓട്ടോറിക്ഷയും മരം വീണ് തകര്‍ന്നു. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന പനയാണ് സന്തോഷിന്റെ വീട്ടുമുറ്റത്തേക്ക് ഒടിഞ്ഞുവീണത്. കടപ്പാട്ടൂര്‍-വെളളിയേപ്പളളി റോഡില്‍ പുളിക്കപ്പാലത്തിന് സമീപം കാറ്റിലും മരം ഒടിഞ്ഞുവീണും മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ഇതുവഴിയുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടെങ്കിലും വൈദ്യുതി വകുപ്പ് അധികൃതരെത്തി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. വലവൂര്‍-മരങ്ങാട്ടുപ്പിളളി റോഡില്‍ അടയ്ക്കല്‍ ഭാഗത്ത് ആഞ്ഞിലി, റബ്ബര്‍ മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മരം ഒടിഞ്ഞുവീണ് മൂന്ന് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. ഭരണങ്ങാനം-തിടനാട് റോഡില്‍ വിലങ്ങുപാറയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിന്നിരുന്ന തണല്‍മരം കാറ്റില്‍ ഒടിഞ്ഞുവീണു. സ്റ്റാന്‍ഡിനുളളിലെ ഇരിപ്പിടങ്ങളും മേല്‍ക്കൂരയിലെ ഷീറ്റുകളും കാറ്റില്‍ പറന്ന് പോയി. സ്റ്റാന്‍ഡിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആള്‍മറ കാറ്റില്‍ പറന്ന് വഴിയാത്രക്കാരിയായ പെണ്‍കുട്ടിയുടെ മേല്‍പതിച്ചു. ഇവര്‍ക്ക് നിസാരപരിക്കുണ്ട്. പാലാ കത്തീഡ്രല്‍ പുതിയ പളളിയുടെയും ചെറിയ പളളിയുടെയും മേല്‍ക്കൂരയില്‍ പാകിയിരുന്ന 200 ഓളം ഓടുകള്‍ കാറ്റില്‍ പറന്ന് പോയി. മേല്‍ക്കൂര തകര്‍ന്ന് പള്ളികളുടെ ഉള്‍വശം വെളളക്കെട്ടായിരിക്കുന്ന അവസ്ഥയാണ്. പളളിയുടെ മുറ്റത്ത് നിന്നിരുന്ന 2 പ്ലാവ്, മാവ്, ആഞ്ഞിലി മരങ്ങളും കാറ്റില്‍ നിലംപൊത്തി. നിരവധി വാഴകളും ഒടിഞ്ഞുവീണു. ലൈനുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. പാലാ ബിഷപ്പ് ഹൗസില്‍ ഫാ.ജോസ് നെല്ലിക്കത്തെരുവില്‍, ഫാ.ജോര്‍ജ്ജ് കക്കാട്ടില്‍ എന്നിവരുടെ കാറിന് മുകളിലേക്ക് മാവ് ഒടിഞ്ഞ് വീണ് നഷ്ടം സംഭവിച്ചിട്ടുണ്ട്. വലവൂര്‍-പാലയ്ക്കാട്ടുമല റോഡില്‍ അട്ടിക്കല്‍ ഷാപ്പിന് സമീപം മൂന്ന് ആഞ്ഞിലി മരങ്ങള്‍ ഒടിഞ്ഞുവീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.