എസ്എസ്എയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് രാഷ്ട്രീയ നിയമനം

Tuesday 13 June 2017 6:38 am IST

ആലപ്പുഴ: സര്‍വശിക്ഷാ അഭിയാനില്‍ (എസ്എസ്എ) ഡെപ്യുട്ടേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപം. ഭരണകക്ഷിയുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ചായിരുന്നു ഇത്തവണ കൂടുതല്‍ നിയമനങ്ങളും. മതിയായ യോഗ്യതയില്ലാത്തവര്‍ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനും മറ്റും നിയമിക്കപ്പെട്ടത് വിദ്യാഭ്യാസ നിലവാരം തകരാനും ഇടയാക്കുന്നു. മാസ്റ്റര്‍ ബിരുദവും എംഎഡും ഉള്ള അദ്ധ്യാപകര്‍ക്ക് പത്താം ക്ലാസും, ടിടിസിയും യോഗ്യത മാത്രമുള്ളവര്‍ പരിശീലനം നല്‍കുന്ന സ്ഥിതി വിശേഷമാണുള്ളത്. ബിആര്‍സി ട്രെയിനര്‍മാരുടെ നിയമനങ്ങള്‍ക്കെതിരെയാണ് കൂടുതല്‍ പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെതിരെ ഒരു വിഭാഗം അദ്ധ്യാപകര്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കി. ആലപ്പുഴ ജില്ലയില്‍ ബിആര്‍സി തസ്തികകളില്‍ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തിയശേഷം ജില്ലാ പ്രോജക്ട് ഓഫീസര്‍ നിയമനകേന്ദ്രം പോലും കാണിക്കാതെ ഉത്തരവ് നല്‍കുകയായിരുന്നു. ഇതുകൂടാതെ ബിആര്‍സിയില്‍ നിയമനം ലഭിച്ച ചിലരെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായി നിയമിച്ചു. എന്നാല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്ന തസ്തിക നിലവിലില്ല. സംഭവം വിവാദമായപ്പോള്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് അധികചുമതല നല്‍കുകയായിരുന്നുവെന്നാണ് സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ഇപ്പോള്‍ പറയുന്നത്. സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡയറ്റ് സീനിയര്‍ ലക്ചറര്‍ അല്ലെങ്കില്‍ ഡിഇഒ യോഗ്യതയുള്ളവരെയാണ് നിയമിക്കേണ്ടത്. എന്നാല്‍ എയിഡഡ് സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെയാണ് പലയിടത്തും നിയമിച്ചിട്ടുള്ളത്. ഇത് ചട്ടവിരുദ്ധമാണ്. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായി സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ അസിസ്റ്റന്റുമാരെയും പ്രൈമറി സ്‌കൂള്‍ പ്രഥമാദ്ധ്യാപകരെയുമാണ് നിയമിക്കേണ്ടത്. ഇതുലംഘിച്ച് പ്ലസ്ടുവും ടിടിസിയും മാത്രം യോഗ്യതയുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്. സംസ്ഥാന സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സര്‍വ്വീസിലുള്ളജീവനക്കാര്‍ക്കു മാത്രമേ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അതേ വകുപ്പിലേക്കോ മറ്റൊരു വകുപ്പിലേക്കോ അപേക്ഷിക്കാനാകൂ. എന്നാല്‍ ഇവിടെ മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന തുക തലവരിപ്പണം നല്‍കി എയിഡഡ് വിദ്യാലയങ്ങളില്‍ നിയമിതരായ അദ്ധ്യാപകരെയും ചട്ടവിരുദ്ധമായി ജില്ലാ പ്രോജക്ട് ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ബിആര്‍സി ട്രെയിനര്‍ എന്നീ തസ്തികകളില്‍ നിയമിച്ചിരിക്കുകയാണ്. കെഎസ്ടിഎയുടെയും സിപിഎമ്മിന്റെയും താത്പര്യപ്രകാരമാണ് നിയമങ്ങളില്‍ ബഹുഭൂരിപക്ഷവും എന്നാണ് ആരോപണം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആറുമുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ളവിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വശിക്ഷാ അഭിയാന്‍ എന്ന പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ രാഷ്ട്രീയം കടത്തിയതോടെ ലക്ഷ്യം പാളിയ അവസ്ഥയാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.