അനധികൃത ചെങ്കല്‍ ഖനനം : നടപടി ആരംഭിച്ചു; ആറ് ലോറികള്‍ പിടികൂടി

Thursday 16 March 2017 6:18 pm IST

ഇരിട്ടി: ഇരുപത്തി അഞ്ച് സെന്റിലെ ചെങ്കല്‍ ഖനത്തിനു അനുമതി നേടി മൂന്നു ഏക്കറോളം സ്ഥലത്ത് അനധികൃതമായി ഖനനം നടത്തുകയായിരുന്ന ചെങ്കല്‍ മാഫിയക്കെതിരെ റവന്യൂ അധികൃതരുടെ നടപടി. ഏറെ പരിതസ്ഥിതി പ്രാധാന്യമുള്ള പെരുമ്പറബിലെ അളപ്രക്കുന്നാണ് ഖനന മാഫിയകള്‍ ചെങ്കല്ലിനായി ഇടിച്ചു നിരത്തിക്കൊണ്ടിരിക്കുന്നത്. ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ സംഘം ചെങ്കല്‍ കയറ്റിയ നാല് ലോറികളും കയറ്റാനായി എത്തിയ രണ്ട് ലോറികളും പിടികൂടി ഇരിട്ടി പോലീസിനെ ഏല്‍പ്പിച്ചു. ജിയോളജി വകുപ്പില്‍ നിന്നും 25 സെന്റ് സ്ഥലത്ത് ഖനനം നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഈ സ്ഥലം തൊടാതെ നിലനിര്‍ത്തിക്കൊണ്ട് തൊട്ടടുത്ത മൂന്നു എക്രയോളം സ്ഥലമാണ് ഇവര്‍ ഇടിച്ചു നിരത്തിക്കൊണ്ടിരുന്നത്. ചെങ്കല്‍ കടത്താനായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പാസ്സിലും കൃത്രിമം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയും ഈ മാഫിയകള്‍ക്കുണ്ടെന്നാണ് അറിയുന്നത്. പരിശോധനക്കെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജെ.ചാക്കോ, എം. സി. സീനത്ത്, പായം വില്ലേജ് ഓഫീസര്‍ പി.ടി. ജോസഫ്, വില്ലേജ് അസി.ശ്രീജിത്ത് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.