രാഹുലിനെതിരെ കോണ്‍ഗ്രസില്‍ കലാപം

Monday 12 June 2017 11:04 pm IST

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉപാധ്യക്ഷന്‍ രാഹുലിനെതിരെ കോണ്‍ഗ്രസില്‍ കലാപം തുടങ്ങി. ഗോവയിലെ ഭരണം നഷ്ടമാകാന്‍ കാരണം രാഹുലിന്റെ വിവരക്കേടാണെന്ന് ഗോവയിലെ നേതാക്കള്‍ ആരോപിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമാണ് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ മണിശങ്കര്‍ അയ്യരുടെ പ്രതികരണം. അതിനിടെ രാഹുല്‍, അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സോണിയയെ സന്ദര്‍ശിക്കാന്‍ ‘പോകുകയാണ്. തോല്‍വിയില്‍ പാര്‍ട്ടിയെ ഇട്ടെറിഞ്ഞുപോകുന്നതും വിവാദമായിട്ടുണ്ട്. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ദല്‍ഹിയില്‍ രാഹുലിന്റെ വസതിയിലെത്തിയ ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതൃത്വത്തെ കാണാന്‍ തയ്യാറാവാതെ മണിക്കൂറുകള്‍ വീടിന് വെളിയില്‍ നിര്‍ത്തിയത് പുറത്തുവന്നതോടെയാണ് രാഹുലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞത്. രാഹുലിന്റെ മോശം പ്രതികരണത്തെ തുടര്‍ന്നാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി ബിജെപി നേതൃത്വത്തെ സമീപിച്ച് പിന്തുണ വാഗ്ദാനം ചെയ്തത്. മൂന്നംഗങ്ങളാണ് ജിഎഫ്പിക്ക് ഗോവയിലുള്ളത്. കോണ്‍ഗ്രസ് 17 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനെ തുടര്‍ന്നാണ് പിന്തുണയുമായി ജിഎഫ്പി രാഹുലിന്റെ അടുത്തെത്തിയത്. എന്നാല്‍ അവരെ കാണാന്‍ സമയം അനുവദിച്ചില്ല. ജിഎഫ്പി നേതാവ് വിജയ് സര്‍ദേശായി കോണ്‍ഗ്രസ് വാര്‍ റൂം എന്നറിയപ്പെടുന്ന ദല്‍ഹി രഖബ്ഗഞ്ച് റോഡിലെ 15-ാം നമ്പര്‍ വസതിയിലെത്തി മണിക്കൂറുകളാണ് രാഹുലിനെ കാത്തിരുന്നത്. ഒടുവില്‍ രോഷാകുലനായ വിജയ് ഗോവയ്ക്ക് മടങ്ങി,ബിജെപിക്ക് പിന്തുണ അറിയിച്ചു. സംഭവം പുറത്തായതോടെ എംഎല്‍എമാരുടെ യോഗത്തില്‍ ദ്വിഗ് വിജയ് സിങിനും കെ.സി വേണുഗോപാലിനും രോഷം നേരിടേണ്ടിവന്നു. സംസ്ഥാന അധ്യക്ഷനടക്കം രാജിഭീഷണി മുഴക്കി. വല്‍പോയ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ വിശ്വജിത് റാണെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തതും ദേശീയ നേതൃത്വത്തിന് നാണക്കേടായി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയാന്‍ രാജ് ബബ്ബാറും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ചുരുങ്ങിവരുന്നതായും നേതൃമാറ്റം അനിവാര്യമായെന്നുമാണ് മണിശങ്കര്‍ അയ്യരുടെ വിമര്‍ശം. യുവാക്കള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായി വരണം. പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലും വരണമെന്നും അയ്യര്‍ പറഞ്ഞു. രാഹുല്‍ സഭാ നേതാവായേക്കും ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ ലോക്‌സഭാകക്ഷി നേതാവും ജ്യോതിരാദിത്യസിന്ധ്യയെ ഉപനേതാവുമാക്കിയേക്കും. കക്ഷിനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനായതോടെയാണിത്. കര്‍ണ്ണാടകയില്‍ നിന്നുള്ള ഖാര്‍ഗെയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് പിഎസി ചെയര്‍മാനാക്കിയത്.ഇതോടെ പ്രൊഫ. കെ.വി. തോമസിന് രണ്ടാം അവസരം നിഷേധിക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.