കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് 7 കോടി രൂപയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരമായി. കേന്ദ്രയുവജനകാര്യ സ്പോര്‍ട്സ് വകുപ്പ് മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രോജക്ടിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. 7 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. 2.5 കോടി രൂപ ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ കായികരംഗത്ത് വലിയ മുന്നേറ്റത്തിന് ഇതിന്റെ നിര്‍മ്മാണത്തോടു കൂടി സാധ്യമാകും. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടു കൂടി ദേശീയ/അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും, ഉത്തര മലബാറിലെ കായിക രംഗത്തുള്ളവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനും ട്രാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. തലശ്ശേരിയില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കണമെന്നുള്ളത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ലോക്സഭയില്‍ ഇന്നലെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് യുജനക്ഷേമ/സ്പോര്‍ട്സ് വകുപ്പ് മന്ത്രി വിജയ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: